രചന : ബിന്ദു കുറ്റിപ്പാല ✍️
മെയ് മാസമേ
നീയെന്നിലേല്പിച്ചൊരീ
മുറിപ്പാടിൽ നിന്നുമലർ തൂവുന്നു
ചെന്നിറം പൂണ്ടരളി പിന്നെയും പിന്നെയും …..
നനുത്തിളം കാറ്റൊന്നു
വീശുന്ന മാത്രയിൽ
നെഞ്ചകം നൊന്തുവിങ്ങീടവേ
വീണ്ടും തൊടുന്നു നീയന്നു
തട്ടിപ്പറിച്ചൊരെൻ ജീവതാളം സ്വരം…..
ഉഷ്‌ണംതപിക്കുന്ന
കൃഷ്‌ണപക്ഷങ്ങളിൽ
നിന്നെപ്പഴിച്ചു
ശപിച്ചിരിക്കുന്നു ഞാൻ….
എന്നിലായ് വേരാർന്നൊരാ
നൽനിലാവിനെ
എന്തിനീ കാളിമ
നൽകിക്കവർന്നു നീ …
ഉള്ളിൽ തുരുമ്പെടുക്കുന്നതെൻ
പ്രാണനോ സ്വപ്നമോ
നീ കട്ടെടുത്തൊരെൻ സൗഭാഗ്യ രാഗമോ…..
ശബ്‌ദമിടറുന്നു
കാഴ്ചകൾ മങ്ങുന്നു
വേപഥുപൂണ്ടെന്നുടൽ വിറച്ചീടുന്നു…..
ഇനിയില്ല താളമെൻ ജീവനിൽ
പ്രണയം ചുവക്കുന്ന സന്ധ്യകൾ
മഞ്ഞിറ്റു രാവിൽ
കുളിർന്ന വെൺ പൂക്കളും ……
മെയ് മാസമേ
നീ തന്നനൊമ്പരം
മെയ് മണ്ണെടുക്കോളമെന്നിൽ
പടർന്നിടും
നീറിനീറിപ്പിടഞ്ഞു നിൻ
ഓർമ്മയിലാമുഖം
ഞാൻ നിത്യമെന്നും മുകർന്നിടും …..

