രചന : ശ്രീജിത്ത് ഇരവിൽ ✍️
മുറ്റത്ത് ഉണക്കാൻ ഇട്ട റബ്ബർ ഷീറ്റുകളിൽ നിന്ന് അഞ്ചെണ്ണം കാണുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണവുമായി വോട്ട് അഭ്യർത്ഥിക്കാൻ വന്നവരെയാണ് സംശയം. മത്സരത്തിൽ നിൽക്കുന്ന എല്ലാ പാർട്ടികളുമുണ്ട്. അതിൽ എന്റെ റബ്ബർ ഷീറ്റ് ചൂണ്ടിയത് ഏത് കൊടിയാണെന്നേ കണ്ടുപിടിക്കേണ്ടതുള്ളൂ…
‘ജലജേ മിണ്ടാതിരുന്നേ… പരാതിയും കൊണ്ട് ചെന്നാൽ സ്വര്യം തരില്ല അവൻമ്മാര്…’
ഭർത്താവിന്റെ അഭിപ്രായം. മോഷ്ടിച്ചത് വോട്ട് ചോദിക്കാൻ വന്നവർ തന്നെയാണെന്നതിന് ഉറപ്പൊന്നുമില്ലല്ലോയെന്നും അങ്ങേര് ചോദിച്ചു. അങ്ങേർക്ക് ഭയമാണ്… പക്ഷെ, ജലജ അങ്ങനെയല്ലല്ലോ…
‘കേസ് കൊടുക്കും… പോലീസ് കണ്ടുപിടിക്കട്ടെ.. ‘
അങ്ങേര് മിണ്ടിയില്ല. റബ്ബർ മരത്തിന്റെ തൊലിയിൽ പ്രത്യേക രീതിയിൽ മുറിവുണ്ടാക്കി കാത്തിരിക്കുമ്പോഴാണ് പാൽ കിട്ടുക.
ആ പാലിൽ അസെറ്റിക് അല്ലെങ്കിൽ ഫോർമിക് ആസിഡ് ചേർത്ത് ഉറപ്പിച്ചാണ് ഷീറ്റുകളാക്കി മാറ്റുന്നത്. ഇതൊക്കെ എളുപ്പമാണെന്ന് പറഞ്ഞാൽ ഞാൻ അലറും. . അങ്ങേർക്കത് പറയാം… ഉയർന്ന കൂലി കൊടുത്ത് ടാപ്പിംഗ് തൊഴിലാളികളെ വെക്കാനുള്ള കെൽപ്പില്ലാത്തത് കൊണ്ട് ഞാൻ തന്നെയാണ് എല്ലാ കാര്യവും ചെയ്യുന്നത്…
‘വോട്ട് ചോദിക്കാൻ വന്നവർ തന്നെയാണെന്നതിന് തെളിവുണ്ടോ…?’
പരാതിയുമായി ചെന്നപ്പോൾ പോലീസുകാരൻ ചോദിച്ചു. പരാതി കിട്ടിയാൽ അന്വേഷിക്കേണ്ട ചുമതല പോലീസിനല്ലാതെ ആർക്കാണ്… അന്വേഷിച്ചാലല്ലേ തെളിവ് ഉണ്ടോയെന്ന് അറിയാൻ പറ്റൂ..
‘സാറ് ആ തോക്കും ലാത്തിയും രണ്ട് പോലീസുകാരെയും എനിക്ക് തന്നേക്ക്… ഞാൻ അന്വേഷിക്കാം…’
അല്ല പിന്നെ, ജലജയെ അറിയാത്തത് കൊണ്ടാണ്. ജയിച്ചെന്ന് പറയാൻ കാര്യമായിട്ട് കേസൊന്നും ഇല്ലെങ്കിലും, ഒരു വക്കീല് എന്റെ കുടുംബത്തിലുമുണ്ട്. അച്ഛന്റെ സഹോദരനാണ്. ചിറ്റപ്പനെ കാണാൻ നാട്ടിലെ സകല ക്രൂരൻമാരും വരും. തൊപ്പി പോയ പോലീസുകാരെയും കുറേ കണ്ടിട്ടുണ്ട്. അത്തരം സാഹചര്യത്തിൽ വളർന്ന എന്നോടാണ് തെളിവുണ്ടോയെന്ന്…
‘കേസ് എടുക്കാൻ പറ്റില്ലെങ്കിൽ പറ സാറെ… അടുത്തത് എവിടെയാണ് പോകേണ്ടതെന്ന് എനിക്കറിയാം…’
എന്റെ നാക്കിനോട് തർക്കിച്ചാൽ തോറ്റ് പോകുമെന്ന് തോന്നിയത് കൊണ്ടായിരിക്കണം ആ പോലീസുകാരൻ കേസ് എടുത്തത്. അന്വേഷണവും ആരംഭിച്ചു. പരിസരത്ത് എവിടെയൊക്കെയാണ് ക്യാമറയുള്ളതെന്ന് ഞാൻ കൃത്യമായി പറഞ്ഞ് കൊടുത്തു. അതുകൊണ്ട് എളുപ്പമായി. വൈകുന്നേരത്തിനുള്ളിൽ റബ്ബർ ഷീറ്റ് മോഷ്ടിച്ചവനെ മുഖമോടെ പിടിക്കുകയും ചെയ്തു…
‘അരവിന്ദൻ…!’
നാട്ടുകാരുടെ ജീവനും സ്വത്തിനും ഞങ്ങളുടെ ഉറപ്പുണ്ടെന്ന് പറഞ്ഞ് വോട്ട് ചോദിക്കാൻ വീട് കയറി വന്നവനാണ് അരവിന്ദൻ. എം എൽ എ- യുടെ വലം കൈ. എന്നാൽ ആ കൈയ്യിൽ വിലങ്ങ് വെപ്പിച്ചിട്ടേ വിശ്രമമുള്ളൂവെന്ന് തീരുമാനിച്ചു.
പോലീസുകാർ അരവിന്ദനെ സ്റ്റേഷനിലേക്ക് വരുത്തി. മിടുക്കൻ… തനി രാഷ്ട്രീയക്കാരൻ… റബ്ബർ ഷീറ്റ് തോളത്തിട്ട് റോഡിലൂടെ ഉലാത്തുന്ന വീഡിയോ കാണിച്ചിട്ടും അവനത് നിഷേധിച്ചു. കൃത്രിമമാണ് പോലും…. കേസിനെ കോടതിയിൽ നേരിട്ടോളാമെന്ന് പരിഹസിക്കുകയും ചെയ്തു…
‘നാണമുണ്ടോടാ…. ഇനിയെങ്ങാനും വോട്ട് ചോദിച്ച് പറമ്പിലേക്ക് വന്നാൽ മുട്ടുകാല് തല്ലിയൊടിക്കും… ജലജയോടാ കളി… സുപ്രീം കോടതിയിലേക്ക് പോയിട്ടാണെങ്കിലും ഇത് തെളിയിക്കുമെടാ…’
സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ ദേഷ്യവും സങ്കടവും തോന്നി. കണ്ടവൻ അധ്വാനിച്ചുണ്ടാക്കുന്ന മുതല് മോഷ്ടിച്ച് ജനങ്ങളെ സേവിക്കാൻ ആരെയും അനുവദിക്കരുത്. പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കുകയാണ്. എല്ലാവരും ശക്തി പ്രകടനം നടത്തുന്ന ആ തെരുവിലേക്ക് പോകണമെന്ന് തീരുമാനിച്ചു.
തിക്കിലും തിരക്കിലും നൂണ്ട് ആദ്യം പോയത് ഹരിതാഭയുടെ പച്ചക്കൊടി പാറുന്ന ഇടത്തേക്കായിരുന്നു….
മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന് പ്രസംഗിക്കുന്നവനോട് റബ്ബർ ഷീറ്റ് മോഷ്ടിക്കപ്പെട്ട കാര്യം പറഞ്ഞു. മതത്തോളം പ്രശ്നമുള്ള കാര്യമല്ലെന്ന് കാട്ടി തള്ളിക്കളഞ്ഞു…
സ്നേഹത്തിന്റെ തട്ടുകടയാണ് ഞങ്ങളെന്ന് പാടുന്ന സമാധാനത്തിന്റെ വെള്ളക്കൊടിയോട് പറഞ്ഞപ്പോൾ, ആനക്കാര്യം പറയുന്ന ഇടത്ത് ചേനക്കാര്യമെന്ന് കാട്ടി പരിഹസിച്ചു… ഏറ്റെടുക്കണമെങ്കിൽ ചുരുങ്ങിയത്, രാജ്യസുരക്ഷയെ ബാധിക്കുന്ന വല്ലതുമൊക്കെ ആകണം പോലും…
വോട്ടിനായി നാട് നീളെ പണം കൊടുക്കുന്ന കാരുണ്യവതിയായ ഒരു സ്ത്രീയുണ്ട് . കാവിക്കോടി പിടിച്ച് വനിതകളുടെ താങ്ങാകുമെന്ന് പറഞ്ഞ ആ പര്യടനത്തിന്റെ തിരക്കിലേക്ക് ചെന്നു. ഉറക്കെ, പ്രസംഗിക്കുന്ന സ്ത്രീയേക്കാളും ഉറക്കെ തന്നെ ഞാനത് പറഞ്ഞു…
‘റബ്ബർ ഷീറ്റ് അരവിന്ദൻ കട്ടു… തിരിച്ച് തരീപ്പിക്കാൻ പറ്റോ…’
മോഷ്ടിക്കപ്പെട്ട അഞ്ച് റബ്ബർ ഷീറ്റ് തിരിച്ച് കിട്ടാൻ കോടതി തന്നെ ഇടപെടണം പോലും…. വേണമെങ്കിൽ പണം തരാമെന്ന്… അധ്വാനത്തിന് പുല്ലുവില…
അടുത്തതായി പോകേണ്ടത് അരവിന്ദനും കൂടി ഉൾപ്പെട്ട ജാഥയിലേക്കാണ്. പോയി. എന്നെ കണ്ടതും എംഎൽ എയുടെ പുറകിലേക്ക് അവൻ ഒളിച്ചു. കള്ള തീരുമാലി… ഷീറ്റ് മോഷ്ടിച്ചത് കുടിക്കാനായിരിക്കും… നാട്ടുകാരുടെ ചിലവിൽ സുഖമായി ജീവിക്കാൻ സേവനമെന്ന വാക്ക് തന്നെ ഇവന്മാർക്ക് ധാരാളം…
‘ നിങ്ങൾക്ക് വേണ്ടി വോട്ട് ചോദിക്കാൻ വന്നപ്പോഴാണ് അരവിന്ദൻ ഷീറ്റ് എടുത്തത്… തെളിവുണ്ട്… തിരിച്ച് തന്ന് മാപ്പ് പറഞ്ഞില്ലെങ്കിൽ ചാനലിന് കൊടുക്കും… കോടതീല് കയറ്റും…’
കേൾക്കുന്നില്ല പോലും… ചെണ്ടയുടെ ശബ്ദം മുറുകുന്നു. നാക്കിന് എല്ലില്ലാത്ത ഞാൻ ഇങ്ങനെ വിളിച്ച് പറഞ്ഞാൽ കുഴപ്പമാകുമെന്ന് അരവിന്ദന് തോണിക്കാണും. അതുമല്ല, ഒന്ന് രണ്ട് മീഡിയക്കാര് ചുറ്റിപ്പറ്റി നടക്കുന്നുമുണ്ട്. അത് തന്നെയാണ് നല്ലത്. കണ്ടവന്റെ വിയർപ്പ് മോഷ്ടിക്കുന്ന ഇവനെ പരമാവധി പരസ്യപ്പെടുത്തുക തന്നെ വേണം…
‘കാലത്ത് വെയില് വന്നപ്പോൾ അയലിൽ വിരിച്ചിട്ടതാണ്… കള്ളൻമ്മാര്… വോട്ട് ചോദിച്ച് പോകുമ്പോൾ അതുമെടുത്ത് ഒറ്റപ്പോക്ക്… തെളിവ് ഫോണിലുണ്ട്…’
എന്നും പറഞ്ഞ് ഞാനത് കാണിച്ചു. ജലജയോടാണ് കളി… ഇനിയൊരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും അരവിന്ദനെ പോലെയുള്ളവർ മത്സരിക്കാൻ പാടില്ല. അഞ്ച് ഷീറ്റ് കിട്ടാതെ പിന്മാറുകയുമില്ല…
‘ഈ സ്ത്രീയുടെ വീട്ടിലേക്ക് ഞാൻ പോയിട്ട് പോലുമില്ല. പിള്ളേരെ കൊണ്ട് എഡിറ്റ് ചെയ്ത വീഡിയോയുമായി ഇറങ്ങിയിരിക്കുകയാ… മറ്റേ പാർട്ടിയിൽ നിന്ന് കാശ് വാങ്ങിയിട്ടുണ്ടാകണം… എന്റെ സത്യസന്ധത നാട്ടുകാർക്ക് അറിയാം…’
കള്ളം പറയാൻ യാതൊരു ഉളുപ്പുമില്ലാത്ത അരവിന്ദന്റെ നാക്ക് മുറിച്ച് ഉപ്പിലിടാൻ തോന്നി. അണികളെന്ന് പറയുന്ന മണ്ടൻമാർ എനിക്കെതിരെ ആക്രോശിക്കുകയാണ്…
‘ഇവളെ തൊട്ട് മുമ്പ് അവന്മാരുടെ അടുത്ത് കണ്ടതാ ഞാൻ…’
“ആഹാ… ഇവള് മറ്റവന്മ്മാരുടെ അടുത്തും ഉണ്ടായിരുന്നു…”
”’കൊള്ളാലോ നീയ്… കേസ് കെട്ടാ…. “‘
മീഡിയക്കാർ ഉള്ളത് കൊണ്ട് അവന്മാർ എന്നെ ആക്രമിച്ചില്ലെന്നേയുള്ളൂ… അരവിന്ദൻ പറഞ്ഞതിൽ വാസ്തവമുണ്ടോയെന്ന് ചോദിച്ച് ചാനലുകാർ പിന്തുടർന്നു. ഞാൻ ചിറ്റപ്പനെ കുറിച്ച് ഓർക്കുകയായിരുന്നു. കേസ് കൊടുക്കണം. റബ്ബർ ഷീറ്റും തോളിലിട്ട് നിരത്തിലൂടെ നടക്കുന്ന അരവിന്ദന്റെ ചിത്രങ്ങൾ നാട് നീളെ പ്രചരിപ്പിക്കണം. നേതാക്കൾ പറയുന്നതെല്ലാം വിശ്വസിക്കുന്ന അണികൾ മാത്രമല്ലല്ലോ ജനങ്ങൾ…
‘ചേച്ചി… എന്തെങ്കിലും പറയൂ… കേസ് കൊടുത്തായിരുന്നോ…?’
ഞാൻ നിന്നു. ആദ്യമായിട്ടാണ് മീഡിയക്കാരോട് സംസാരിക്കുന്നത്. അതിന്റെ പരവേശമൊന്നും ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന റബ്ബർ കർഷകയാണ് ഞാൻ. ന്യായത്തിന് വേണ്ടി ഏതറ്റം വരെ വലിച്ചാലും നീളും… ചിറ്റപ്പൻ കൂടെ നിൽക്കുമെന്ന ധൈര്യത്തിൽ ചാനലുകാരോട് കനത്തിൽ തന്നെ ഞാനത് പറഞ്ഞു…
”ഡാഷ് മോനെ അരവിന്ദാ… നിനക്കുള്ള മറുപടിയുമായി ചിറ്റപ്പൻ വരുന്നുണ്ടെടാ…!!”

