രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️
അകലെയാണെന്റെ
സ്വപ്നങ്ങളൊക്കെയും
വഴിനടക്കുകയാണു
ഞാനെത്തുവാൻ.
വഴിയൊരുക്കി നടന്നു
ഞാനിത്രനാൾ
എവിടെയെത്തിയെന്നറിയില്ല
രാത്രിയിൽ.
കതകടച്ചുകിടന്നു ഞാൻ
വീടിന്റെ
വെളിയിലായിരുന്നത്രേ
ഉണർച്ചയിൽ…..,
വെളിയിൽ നിന്നാണു
വാതിലടച്ചതെ-
ന്നറിയുവാനായ്
ഉറങ്ങിയെൻ കാഴ്ചകൾ…..
പകുതി കണ്ണടച്ചിരുളിനെ
നോക്കി ഞാൻ
പരിചയപ്പെട്ടു,
എൻപേരുചൊല്ലി ഞാൻ….
ഇരുളു ചൊല്ലി,
എനിക്കു കൂട്ടിന്നാരു
മെവിടെയും വേണ്ട
കൺകളില്ലാത്തവൻ…..,
ഇവിടെയെങ്ങാനിരുന്നോട്ടെ
സ്വസ്ഥനായ്,
പകലുവരുവതിൻ
മുമ്പൊന്നുറങ്ങണം…..
