രചന : ടിന്റു എസ് ✍️
മക്കൾ ഉപേക്ഷിക്കപ്പെട്ടാൽ
വൃദ്ധാശ്രമം തുറക്കും…
മാതാപിതാക്കൾ ഉപേക്ഷിച്ചാൽ
അനാഥാലയം തുറക്കും…
പക്ഷേ
ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീക്ക്…?
വീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീക്ക്…?
സമൂഹം ചോദിക്കുന്ന ഒരേയൊരു ചോദ്യം മാത്രം—
“അവൾക്ക് എന്ത് തെറ്റാണ്?”
ഭർത്താവിന്റെ വീട്ടിൽ
അവൾക്ക് ജീവിക്കാൻ പറ്റില്ല…
സ്വന്തം വീട്ടിലേക്ക് പോകാൻ
അവൾക്ക് ധൈര്യമില്ല…
കാരണം അവിടെ
അവളെ കാത്തിരിക്കുന്നത്
അഭയം അല്ല…
അപമാനമാണ്.
അപ്പോൾ പറയൂ—
അവൾ എവിടെ പോകണം?
റോഡിലേക്കോ…?
അല്ലെങ്കിൽ
നിശബ്ദമായി ഇല്ലാതാകാനോ…?
ഇവർക്കായി
ഒരു അഭയസ്ഥലം പോലും
ഇതുവരെ എന്തുകൊണ്ട് ഇല്ല…?
ഇത് ഒരു ആവശ്യമല്ലേ…?
ഇത് ചെയ്യേണ്ടതല്ലേ…?
സ്ത്രീകളെ
സഹിക്കാൻ പഠിപ്പിച്ച സമൂഹമേ…
സംരക്ഷിക്കാൻ ഒരിടം
എന്തുകൊണ്ട് സൃഷ്ടിച്ചില്ല…?
ഭർത്താവ് ഉപേക്ഷിക്കപ്പെട്ടതും
വീട്ടിൽ പീഡനം അനുഭവിക്കുന്നതുമായ
സ്ത്രീകൾക്ക് വേണ്ടി
ഒരു സുരക്ഷിത കേന്ദ്രം
ഇനി വൈകിയാൽ
അത് കൂടി ഒരു കുറ്റമായിരിക്കും.
ഇത് സഹാനുഭൂതി ചോദ്യം അല്ല…
നീതിയുടെ ആവശ്യമാണ്.
ഇനിയും മൗനം ആണെങ്കിൽ
ഈ വേദനയിൽ
സമൂഹത്തിനും പങ്കുണ്ട്.
