രചന : ജോബിൻ പാറക്കൽ ✍️
പുറത്തെന്തുണ്ട് വിശേഷം
ഞാനീ ചുവരുകൾക്കുള്ളിൽ
ഇന്നേക്ക് നാലാം ദിവസമായിരിക്കുന്നു
കാല് കെട്ടിയ കഴുതകളും
കൃഷ്ണമുഖമുള്ള കാളകളും
താഴേ തെരുവിൽ അലയുന്നുണ്ടോ
കറണ്ടു കമ്പിയിൽ തൂങ്ങി മരിച്ച കടവാവലുകൾക്ക്
കരിങ്കാക്കകൾ ഓടയിൽ ബലിയിട്ടുവോ
ചാവുമന്ത്രങ്ങൾ ചൊല്ലിയ പണ്ഡിറ്റ്‌ജിയുടെ തൊണ്ടയിൽ
ഇപ്പോഴും അർബുദാണുക്കൾ
പരസ്പരം പുലഭ്യം പാടുകയാണല്ലേ
എന്തൊരൊച്ചയിലാണ് അവറ്റകൾ
പുലയാട്ടുന്നത്
ഹോ,ചെവിക്കല്ലുകൾ പൊളിയുന്നല്ലോ
മാ ചൂത്ത്………. ബേണ് ചൂത്ത്…….
എന്തൊരു ശല്യമാണിത്
ചൈനീ ഗൈനി വിൽക്കുന്ന
ആ പണ്ഡിറ്റിന്റെ ഭാര്യയുടെ
ചുവന്ന സാരി
ഇതുവരെ ഉണങ്ങിയില്ലെന്നോ
ഇന്ന് ബുധനാഴ്ച്ചയല്ലേ
ഇന്നവൾ നീല സാരിയായിരിക്കും ധരിച്ചിരിക്കുന്നത്
അവൾ ഇപ്പോഴും വയർ മൂടാതെ ആണോ
സാരി ധരിക്കുന്നത്
പുലർപക്ഷികളേ ,
എനിക്ക് വേണ്ടി നിങ്ങളൊന്നു
പോയി നോക്കാമോ
അവളുടെ, ഞവണിക്ക പോലുള്ള പൊക്കിൾചുഴിയിൽ
നിങ്ങൾക്കുള്ള അരിമണികൾ
ഞാൻ എറിഞ്ഞിട്ടിട്ടുണ്ട്
കൊത്തിപ്പെറുക്കിക്കൊള്ളൂ
പക്ഷേ, അവളെ നോവിക്കരുതേ
നിങ്ങളെന്റെ കളിസ്ഥലത്ത്
കടന്നു ചെന്നുവോ
തനിച്ചു നിന്ന് കരയുന്ന
ഞാവൽ മരത്തോടും
വരണ്ടുറങ്ങുന്ന കുഴൽക്കിണറിനോടും
അലഞ്ഞു തിരിയുന്ന നായ്ക്കളോടും
എന്റെ അന്വേഷണം പറയണം
ഞാൻ വീണ്ടും വരുമെന്ന്
വെറുതേ പറഞ്ഞേക്കൂ
നീരുറങ്ങുന്ന കാലിന്
ഇപ്പോഴും വേദനയുണ്ട്
മൈരിതൊന്ന് മാറിയിട്ട് വേണം
ആ തള്ളയുടെ മുറിയിൽ മോഷ്ടിക്കാൻ കയറാൻ
കുക്കുവിന്റെ പച്ചമാഗിയും സ്വീറ്റ്സും
അടിച്ചു മാറ്റണം
ഒറ്റക്കിരുന്ന് മുഴുവനും തിന്നണം
അവന്റെ കളിപ്പാട്ടങ്ങൾ കട്ടെടുത്ത്
സദർ ബാസാറിൽ കൊണ്ടുപോയി
കുറഞ്ഞ വിലക്ക് വിറ്റ്
കെട്ടിയോൾടെ മൂക്ക് കുത്താനുള്ള
കാശ് ഒപ്പിക്കണം
പുലർപക്ഷികളേ ഞാൻ ഉറങ്ങട്ടേ
ഉറക്കഗുളികകൾ തിടുക്കം കൂട്ടുന്നു
നിങ്ങൾ എനിക്കൊരു താരാട്ട് പാടൂ
ഞാനൊന്നുറങ്ങട്ടെ
