ന്യൂയോർക്ക്: ലോങ്ങ് ഐലൻഡിലെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) 2026 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെൻറ് തോമസ് ദിനാചരണവും വാലിസ്ട്രീമിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളിയിൽ വച്ച് കഴിഞ്ഞ ദിവസം നടത്തപ്പെട്ടു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിയും എപ്പിസ്കോപ്പൽ ചർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോൺസി ഇട്ടിയും ഭദ്രദീപം കൊളുത്തിയാണ് ഈ വർഷത്തെ പ്രവത്തനോദ്‌ഘാടനം നിർവ്വഹിച്ചത്. ലോങ്ങ് ഐലൻഡ് ഭാഗത്തെ വിവിധ വിഭാഗത്തിൽ പെട്ട പള്ളികളിൽ നിന്നുള്ള വൈദികരുടെയും ധാരാളം വിശ്വാസികളുടെയും നിറ സാന്നിദ്ധ്യത്തിലാണ് ഉദ്ഘാടന കർമ്മം നടത്തിയത്.

ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്ലീഹാ കേരളത്തിൽ വന്ന് ക്രിസ്തീയ സഭയുടെ തുടക്കം കുറിച്ചതും അവിടെ നിന്നുള്ള ക്രിസ്തീയ സഭയുടെ വളർച്ചയെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പൗലോസ് തിരുമേനി ഉദ്‌ബോധിപ്പിച്ചു. കേരളത്തിൽ നിന്നുള്ള വിവിധ സഭാ വിശ്വാസികൾ ധാരാളം പേർ അമേരിക്കയിലെത്തി അവരവരുടെ ജീവിതരീതി തുടർന്നെങ്കിലും എക്യൂമെനിക്കൽ ഫെഡറേഷനായി ഇത്തരത്തിലുള്ള കൂടി വരവുകൾ നമുക്കേവർക്കും സന്തോഷം നൽകുന്ന ഒന്നാണ്. എങ്കിലും നമ്മൾ ഇങ്ങനെ ഒരുമിച്ച് കൂടി വെറുമൊരു ആഘോഷമായി മാത്രം നടത്തി പോകാതെ ദൈവാരാജ്യത്തിനുള്ള കേട്ടുപണിക്കായി പ്രവർത്തിക്കുക കൂടി ചെയ്യണം. നമ്മുടെ ചുറ്റുപാടും അവശത അനുഭവിക്കുന്ന ധാരാളം പേരുണ്ട്. അവർക്ക് ഈ സംഘടനയായി എന്ത് സഹായം ചെയ്യാം എന്നുകൂടി ചിന്തിക്കണം എക്യൂമെനിക്കൽ ഫെഡറേഷൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് ഏറ്റവും അനുഗ്രപ്രദമായി തീരട്ടെ എന്ന് ആശംസിക്കുന്നു.

മറ്റൊരു വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുത്ത ബിഷപ്പ് ജോൺസി ഇട്ടി, സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻറെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ഇതിലൂടെ സമൂഹത്തിനു ലഭിക്കുന്ന അനുഗ്രഹങ്ങൾക്കായി ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു. ഫെഡറേഷൻ പ്രസിഡൻറ് റവ. ഫാദർ ജോൺ തോമസ് അദ്ധ്യക്ഷത വഹിക്കുകയും എക്യൂമെനിക്കൽ ഫെഡറേഷൻറെ വിവിധ പ്രവർത്തനങ്ങളെപ്പറ്റി യോഗത്തിൽ സംസാരിക്കുകയും ചെയ്‌തു.

ആത്മായ വൈസ് പ്രസിഡൻറ് ജോസഫ് വി. തോമസ് ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. കമ്മറ്റി അംഗമായ എബ്രഹാം സി. തോമസ് പ്രസ്തുത ചടങ്ങിൻറെ പ്രസക്തിയെപ്പറ്റി വേദിയിൽ സംസാരിച്ചു. സ്‌ഫോർഡിലുള്ള മലയാളം കോൺഗ്രിഗേഷൻ ഓഫ് സി.എസ്.ഐ. മഹായിടവക വികാരി റവ. ഡോ. ജോസഫ് ശാമുവേൽ പ്രാരംഭ പ്രാർത്ഥനയും ഫെഡറേഷൻറെ വൈദിക വൈസ് പ്രഡിഡന്റും സെൻറ് ജോൺസ് മാർത്തോമ്മാ ഇടവക വികാരിയുമായ റവ. ബിജു പി. സൈമൺ സമാപന പ്രാർത്ഥനയും നടത്തി. സി.എസ്.ഐ. ജൂബിലി ഇടവകയിലെ ഗായക സംഘവും, കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് ഗായക സംഘവും അതി മനോഹരമായ ക്രിസ്‌തീയ ഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു.

ആതിഥേയ പള്ളിയായ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി വികാരി റവ. ഫാദർ ജെറി വർഗ്ഗീസ് ആശംസാ പ്രസംഗവും നടത്തി. ഫെഡറേഷൻ സെക്രട്ടറി ജോബി ജോർജ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി. ട്രഷറർ ജോൺ താമരവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ അനിൽ തോമസ്, ശോശാമ്മ തോമസ്, ജോയിൻറ് ട്രഷറർ സജി തോമസ്, യൂത്ത് ഫെല്ലോഷിപ്പ് അംഗം റവ. ഫാദർ സെബിൻ ജോ ബെൻസൺ, ഗായക സംഘ കോർഡിനേറ്റർ കെ. എം. മാത്യു, പ്രസിദ്ധീകരണ കൺവീനർ തോമസ് ജേക്കബ്, കമ്മറ്റി അംഗങ്ങളായ ജയ് കെ. പോൾ, എബ്രഹാം സി. തോമസ്, കോശി കൊച്ചുമ്മൻ, ഓഡിറ്റർ തോമസ് തടത്തിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അലീന ഏലിയാസ് മാസ്റ്റർ ഓഫ് സെറിമണിയായി കാര്യപരിപാടികൾ സമയബന്ധിതമായി നിയന്ത്രിച്ചു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *