രചന : പ്രസാദ് ✍️
രണ്ടായിരത്തി ഇരുപത്തിരണ്ടാമാണ്ട് ആഗസ്റ്റ് മാസം എട്ടാം തീയ്യതി തിങ്കളാഴ്ച രാത്രി ഏഴരയ്ക്കാണ് എന്റെ മരണം സംഭവിച്ചത്.
മരണമെന്നത് നിങ്ങളൊക്കെ ചിന്തിക്കുന്നതുപോലെ നിമിഷങ്ങൾകൊണ്ടോ, മണിക്കൂറുകൾകൊണ്ടോ ആയിരിക്കില്ല മിക്കപ്പോഴും സംഭവിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം പറയുന്നതുപോലെ, മസ്‌തിഷ്‌ക്ക മരണം, ആ മരണം, ഈ മരണമെന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഇപ്പോഴെനിക്ക് ചിരിയാണുണ്ടാവുക.
മരണം മിക്കവരെയും കീഴടക്കുന്നത് വെയിലത്തിട്ട ഉള്ളിയെപ്പോലെയാണ്. പുറത്തുള്ള ഓരോ പാളികളും ഉണങ്ങി വരണ്ട് നിർജീവമായി ഒടുവിൽ ഏറ്റവും ഉള്ളിലെ പാളിയും ഉണങ്ങി മരണം പൂർണ്ണമാവുന്നത് പോലെതന്നെയാണ് നാം മിക്കവരും സിദ്ധികൂടുക.
സകല ജീവികളിലും ജീവന് അനേകം തലങ്ങൾ – പാളികൾ (Dimensions) ഉണ്ടെന്നാണ് എന്റെ മരണാനുഭവം എനിക്ക് മനസ്സിലാക്കിത്തന്നത്.
വൈകാരികമായ പാളി, ബൗദ്ധികമായ പാളി,
ഓർമ്മകളുടെ പാളി, സ്നേഹത്തിന്റെ, യുക്തിയുടെ, കാഴ്ചയുടെ, കേൾവിയുടെ, ധാർമ്മികതയുടെ, മാനുഷിക മൂല്യങ്ങളുടെ…… അങ്ങിനെ ജീവന്റെ അനേകം പാളികൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒന്നാണ് എന്റെയും നിങ്ങളുടെയും ജീവൻ.
നേരത്തെ സൂചിപ്പിച്ച; വെയിലത്തിട്ട ഉള്ളിയുടെ കാര്യംപോലെ, ഇതിലെ ഓരോ പാളികളുടെയും ഓരോന്നോരോന്നായുള്ള മരണത്തിന്റെ അവസാനത്തെയാണ് നാമൊക്കെ, അല്ലെങ്കിൽ ആധുനിക വൈദ്യശാസ്ത്രം മരണമായി കണക്കാക്കുന്നത്.
പക്ഷേ അതിനൊക്കെ എത്രയോ മുന്നേതന്നെ നമ്മെ മരണം കീഴടക്കി ഓരോ പാളികളെയും ഉണക്കി വരട്ടി കൊന്നുകൊന്ന് വിഴുങ്ങാൻ ആരംഭിച്ചു കഴിഞ്ഞിരിക്കുമെന്ന സത്യം മിക്കവരും അറിയുന്നുണ്ടാവില്ല.
ബൗദ്ധികവും, വൈകാരികവുമായ പാളികളെ ഉണക്കിവരട്ടിക്കൊണ്ടാണ് മരണം എന്നിലേക്ക് കടന്നുവന്നത്. അതുകൊണ്ടാവാം മരണാനന്തരം പുനർജ്ജനിച്ചെന്ന തോന്നൽ എനിക്കുണ്ടെങ്കിലും; ജീവിച്ചിരിക്കുന്നു എന്നിപ്പോഴും വിശ്വസിക്കുന്ന നിങ്ങളെപ്പോലെ ചിന്തിക്കാനോ, ബൗദ്ധികമോ, വൈകാരികമോ ആയ നിങ്ങളുടെയോ, സമൂഹത്തിന്റെയോ പ്രശ്നങ്ങൾ മനസ്സിലാക്കാനോ, പ്രതികരിക്കാനോ എനിക്കാവാത്തത്.
എനിക്കിനി ആത്മാക്കളായി പുനർജ്ജനിച്ചവരുടെ ലോകത്തെ കാര്യങ്ങളെക്കുറിച്ചു മാത്രമേ ചിന്തിക്കാനോ, എഴുതാനോ ആവുകയുള്ളൂ. ഒരുതരത്തിൽ അതെത്രമാത്രം നല്ലതാണെന്ന് തിരിച്ചറിയാൻ മരിക്കുകതന്നെ വേണം.
എന്റെ ഭൗതിക ശരീരം ഈ ഭൂമിയിൽ എവിടെയൊക്കെയോ ലക്ഷ്യമില്ലാതെ, സ്വന്തമായ ഇടമില്ലാതെ, താവളങ്ങൾ ഇല്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ചിലപ്പോൾ നിങ്ങളിലാരെങ്കിലുമൊക്കെ കണ്ടെന്നിരിക്കാമെങ്കിലും ഞാൻ ബൗദ്ധിക, വൈകാരിക മരണം സംഭവിച്ച ഒരു ‘ജഡം’ മാത്രമാണെന്നും, ആത്മാക്കളുടെ ലോകത്തു ജീവിക്കുന്ന, അവരുടെ ഭാഷയിൽ, അവരെപ്പോലെ ചിന്തിക്കുന്ന, നിങ്ങളുടെ രൂപമോ, ഭാവമോ, വികാരങ്ങളോ, യുക്തിയോ മനസ്സിലാക്കാനാവാത്ത തലത്തിൽ(Dimension) ആണെന്നുമുള്ള സത്യം മനസ്സിലാക്കി എന്നെ ഒഴിവാക്കിയില്ലെങ്കിൽ ഒരുപക്ഷെ വൈകാരിക മരണം സംഭവിക്കാത്ത നിങ്ങൾക്ക് ദുഃഖം സംഭവിച്ചേക്കാം.
പക്ഷെ ഞാൻ നിസ്സഹായനാണ് കാരണം, ഞാൻ എല്ലാ പാളികളും ഉണങ്ങിവരണ്ട ഉള്ളിയേപ്പോലെ, പ്രയോജനരഹിതനായ ഒരു ജഡം മാത്രമാണ്.
എന്തുകൊണ്ടാണ്, എവിടെവച്ചാണ്, എങ്ങിനെയാണ് എന്റെ മരണം സംഭവിച്ചതെന്ന ചോദ്യം അനാവശ്യമാണ് കാരണം, അതിനുത്തരം നൽകാൻ എനിക്ക് ജീവനുണ്ടായാലല്ലേ സാദ്ധ്യമാവൂ?
ആത്മാക്കളുടെ, അല്ലെങ്കിൽ പുനർജ്ജനിച്ചവരുടെ ലോകത്തിന് നിറങ്ങൾ കുറവാണ്, പ്രകാശത്തിലെ നിങ്ങൾക്ക് കാണാനാവുന്ന നിറങ്ങളിൽ മിക്കവയും ആത്മാക്കൾക്ക് കാണാനാവില്ല, പക്ഷേ, നിങ്ങൾക്ക് കാണാനാവാത്ത പല നിറങ്ങളും കാണുകയും ചെയ്യാം, നിങ്ങൾക്ക് കേൾക്കാനാവാത്ത പലതും കേൾക്കാം, അനുഭവവേദ്യവാത്ത പലതും അനുഭവിക്കാം. പക്ഷേ അവയൊക്കെ നിങ്ങളുമായി പങ്കിട്ടാൽ അവ നിങ്ങൾക്ക് അപ്രാപ്യമായോ, അപ്രസക്തമായോ, അതിശയോക്തിയായോ തോന്നിയേക്കാമെന്നതുകൊണ്ട്. ആലോചിച്ചിട്ട് മാത്രമേ തുടർന്ന് എന്തെങ്കിലും എഴുതുകയുള്ളൂ.
നീണ്ട ഇടവേളയ്ക്കുശേഷം എന്റെ എത്ര സുഹൃത്തുക്കൾ ഇവിടെ അവശേഷിച്ചിട്ടുണ്ടെന്നോ, അവരിൽ എത്രപേർ ഇതുവായിക്കുമെന്നോ എനിക്കറിയില്ല, പഴയപോലെ ഞാൻ ഒന്നിനോടും പ്രതികരിക്കുയും ഇല്ല.
പക്ഷെ ഞാൻ ഇങ്ങനെ ഭാരരഹിതനായി, നിങ്ങളുടെയൊക്കെ ലോകത്തു നിങ്ങളെയൊക്കെ ശ്രദ്ധിച്ചും, നിരീക്ഷിച്ചും കൊണ്ട് ഇങ്ങനെ അലഞ്ഞുനടക്കും. ചിലരെയൊക്കെ എനിക്ക് അവരുടെ അടച്ചിട്ട മനസ്സിന്റെ ജനാലയുടെ വിടവിലൂടെ ഒഴുകിക്കടന്ന് ഭയപ്പെടുത്തണമെന്നുണ്ട്, പക്ഷേ വേണ്ട, ഞാനതു ചെയ്യില്ല. അത്തരമൊരു സന്തോഷം എനിക്ക് ഒന്നും നൽകില്ല, കാരണം ഞാൻ വൈകാരിക മരണം സംഭവിച്ചവനാണ്.
ഞാനൊരു പാവം, ശാന്തനായ പ്രേതമാണ്, മഞ്ഞിന്റെ തണുപ്പും, ആലസ്യവും ആസ്വദിച്ച്; അതിൽ മയങ്ങാൻ ഇഷ്ടപ്പെടുന്ന എനിക്ക് നിങ്ങളെ ഭയപ്പെടുത്താനോ, സമാധാനനഷ്ടമുണ്ടാക്കാനോ താല്പര്യമില്ല.
അതൊക്കെ നിങ്ങൾ മരിച്ചു കഴിയുമ്പോൾ ചെയ്യാൻ പറ്റിയ വിനോദങ്ങളാണ്. അതിനാൽ അത് നിങ്ങൾക്ക് വിടുന്നു.
