രചന : രമേഷ് എരണേഴുത്ത് ✍️
അമാവാസികളേറെ കഴിഞ്ഞുപോയി
ദശാബ്ദങ്ങളുമായി മല്ലിട്ട് അടിമയായി
ഞാൻ എൻ്റെ യാത്ര തുടരുന്നു വീണ്ടും
നിറവും മണവും ഋതുഭേദങ്ങളില്ലാത്ത
വികാരഭരിതമാം മരണത്തെ തേടിയുള്ള
അനശ്വര അഭികാമ്യമായൊരു യാത്ര
രൂപമില്ലാത്ത അദൃശ്യമാം ആ ദയാനിധിയെ
നാളിതുവരെ ഞാൻ മുഖാമുഖം കണ്ടതില്ല
നേത്രഗോളത്തിൽ പകൽ വെളിച്ചം പകരും
സൂര്യൻ ഉത്തരായനത്തിൽ പുഞ്ചിരിക്കെ
ചിതറിത്തെറിച്ചൊരു കണ്ണാടിച്ചില്ലുപോൽ
തിളങ്ങുന്ന പ്രകൃതിയിൽ ഒഴുകുന്ന രക്തം
എൻ്റെ ഹൃദയമുറിവുകളിൽ കിനിയവെ
കൃഷ്ണപക്ഷത്തിലെ കറുത്തവാവിൻ
അവസാനയാമത്തിൽ
തെച്ചിപ്പൂവിൻ ഗന്ധവുമായി മരണം വരും
ജാതകം ഗണിച്ചുറപ്പിച്ച ജ്യോത്സ്യവചനത്തിൻ
തലപ്പത്തിരുന്നൊരു ഗൗളിചിലച്ചു മാഞ്ഞു
കാണാത്ത സത്യങ്ങൾ അകകണ്ണിൽ കാണും
മഷിനോട്ട വെറ്റിലയിലും തെളിയാതെ
എങ്ങോ മറഞ്ഞുനിൽപ്പൂ മിഴിനീർ നനവുള്ള
മരണമെന്ന ആ പ്രപഞ്ച സത്യം
