വാട്സാപ്പ് എന്ന മാന്ത്രികപ്പെട്ടിക്കുള്ളിലെ ഏറ്റവും അപകടം പിടിച്ച ഇടമേതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ നമ്മുടെ പ്രിയപ്പെട്ട ഫാമിലി ഗ്രൂപ്പ്’. ബിസിനസ്ഗ്രൂപ്പുകളിലെ ഗൗരവവും ഫ്രണ്ട്സ് ഗ്രൂപ്പിലെ തെറിക്കൂട്ടുകളും രാഷ്ട്രീയ ഗ്രൂപ്പിലെ വാഗ്വാദങ്ങളും കഴിഞ്ഞാൽ പിന്നെ നമ്മൾ വന്നെത്തുന്നത് ഉമ്മയും പെങ്ങന്മാരും അമ്മോന്മാരും കസിൻസുമൊക്കെയുള്ളഈ വിശാലമായ കുടുംബസദസ്സിലേക്കാണ്.

ഗുഡ് മോർണിംഗ് മെസേജുകളും തറവാട്ടിലെ വിശേഷങ്ങളും കൊണ്ട് ധന്യമായ ഈ ഗ്രൂപ്പിൽ പക്ഷേ ഒരു ചെറിയ വിരലനക്കം മതി നിങ്ങളുടെ സൽപ്പേര് ആകാശവാണിയിലെ വാർത്ത പോലെഅന്തരീക്ഷത്തിൽ അലിഞ്ഞുചേരാൻ.​ഇവിടെ വില്ലൻ മറ്റാരുമല്ല നമ്മുടെ പ്രിയപ്പെട്ട സ്റ്റിക്കറുകൾ തന്നെ. പല പല ഗ്രൂപ്പുകളിൽ നിന്നായി നമ്മൾ ലാഭിച്ചു വെക്കുന്ന ഈ സ്റ്റിക്കറുകളിൽ അഭിനന്ദനങ്ങളും ആദരാഞ്ജലികളും മാത്രമല്ല സുഹൃത്തുക്കൾക്കിടയിൽ മാത്രം ഉപയോഗിക്കാൻ കൊള്ളുന്ന അഡൾട്ട്ഒൺലി ഐറ്റങ്ങളും കാണും. സ്റ്റിക്കറുകളുടെ ഒരു പ്രത്യേകത എന്താണെന്നുവെച്ചാൽ, അവയ്ക്ക്മെസേജുകളെപ്പോലെ Confirm ഓപ്ഷനില്ല. കീബോർഡിൽ അറിയാതെയൊന്നു തൊട്ടാൽ മതി മിസൈൽ വിക്ഷേപിച്ച വേഗത്തിൽ അത് ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കും.

യഥാർത്ഥ ദുരന്തം തുടങ്ങുന്നത് അവിടെയാണ്. ഗ്രൂപ്പ് മാറി ഒരു അഡൾട്ട് സ്റ്റിക്കർ ഫാമിലി ഗ്രൂപ്പിൽ വീണാൽ പിന്നെ നമ്മുടെ ഉള്ളിൽ ഒരു സുനാമി തന്നെ ആഞ്ഞടി എപ്പോ തുടങ്ങി എന്ന് ചോദിച്ചാൽ മതി . വെപ്രാളത്തിനിടയിൽ ആ ചീത്ത സ്റ്റിക്കർ ഒന്ന് കളയാൻ നോക്കുമ്പോൾ ബുദ്ധി അവിടെ പണിമുടക്കും. Delete for Everyone അടിക്കേണ്ട കൈകൾ വിറച്ചു വിറച്ച് നേരെ പോയി വീഴുന്നത് Delete for Me
എന്ന ചതിക്കുഴിയിലാകും..!

പിന്നെ പറയാനുണ്ടോ പുകിൽ.. 🤣​അതോടെ തീർന്നു. നിങ്ങളുടെ ഫോണിൽ നിന്ന് ആ സ്റ്റിക്കർ മായുകയും ചെയ്യും എന്നാൽ ഗ്രൂപ്പിലുള്ള സകലമാന കുടുംബാംഗങ്ങൾക്കും അത് സ്ക്രീനിൽ തെളിഞ്ഞു നിൽക്കുകയും ചെയ്യും. നിങ്ങൾക്കത് കാണാൻ കഴിയാത്തതുകൊണ്ട് സംഗതി ശുഭമായി എന്ന് കരുതി സമാധാനത്തോടെ ഇരിക്കുമ്പോൾ ആയിരിക്കും അങ്ങേത്തലക്കൽ അമ്മോൻ കണ്ണട വെച്ച് സ്റ്റിക്കർ സൂക്ഷിച്ചു നോക്കുന്നത്. അഡ്മിൻ പോലും ഉണരാത്ത നേരമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഗ്രൂപ്പിലെ നന്മമരമായിരുന്ന നിങ്ങളുടെ പ്രതിച്ഛായ അതോടെ പുകയായി മാറാൻ സമയം അധികം വേണ്ടി വരില്ല എന്ന് സാരം 😂

കാണേണ്ടവരൊക്കെ കണ്ടുകഴിയുമ്പോൾ വിശദീകരിക്കാൻ വാക്കുകളില്ലാതെ ഭൂമി
പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു നിൽക്കാനേ ആ പാവം അങ്ങനെ അനുഭവിച്ചവർക്ക്തോന്നി പോകു . വിധി വൈപരീത്യം എന്നല്ലാതെ എന്തു പറയാൻ..!ഇങ്ങനെ എത്രപേർ അനുഭവിച്ചിട്ടുണ്ട്ഒന്ന് പറയാമോ..

ഇത് പറയാൻ കാരണം ഇത്തരം തരത്തിലുള്ള ഒരു ചർച്ചാവിഷയം
ഗ്രൂപ്പിൽ വന്നപ്പോൾ അബദ്ധം പറ്റിയ വിവരങ്ങളുടെ ഘോഷയാത്രയായിരുന്നു പലരുടെയും ഭാഗത്തുനിന്ന് ലഭിച്ചത്..അതിൽ അഭിനന്ദനങ്ങൾ നേടേണ്ട മഹത്തായ പോസ്റ്റിനെ താഴെ ആദരാഞ്ജലികൾ നേർന്നസംഭവവികാസം വരെ ഉണ്ടായ ചരിത്രമുണ്ട് …ഏതായാലും ഒന്നേ പറയാനുള്ളൂ.
നാം ശ്രദ്ധിച്ചാൽ നമുക്ക് നന്ന് 😌നാറാൻ നടുറോട്ടിൽ ഇറങ്ങേണ്ട കാര്യമില്ല വിരൽസ്പർശം തന്നെ ധാരാളം.

ജാബി പാത്തൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *