രചന : കെ.ആർ.സുരേന്ദ്രൻ ✍
നിന്‍റെ കണ്ണിൽ ഞാൻ
ഗ്രാമാന്തരങ്ങൾ കണ്ടിട്ടുണ്ട്.
ഹരിതാഭമായ നെല്പാടങ്ങളുടെ
അപാരത നിന്‍റെ കണ്ണിൽ
ഞാൻ ദർശിച്ചിട്ടുണ്ട്.
പാടവരമ്പുകളിലെ
കൊറ്റകൾ,
മേലേ പറക്കും പക്ഷികൾ,
നീ കാണിച്ചുതന്നിട്ടുണ്ട്.
കേരനിരകളുടെ അനന്തമായ നിരകൾ
നീ എന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്.
നിന്‍റെ കണ്ണിൽ ഞാൻ
ദേവാലയങ്ങൾ ദർശിച്ചിട്ടുണ്ട്.
ദേവാലയപരിസരങ്ങളിലെ
ആത്മീയസൗന്ദര്യങ്ങളെ
നിന്‍റെ കണ്ണിൽ ഞാൻ ദർശിച്ചിട്ടുണ്ട്.
നീ എനിക്ക് ഉദ്യാനങ്ങളെ
കാണിച്ചു തന്നിട്ടുണ്ട്.
കാട്ടുപൂക്കളുടെ ദു:ഖം
നിന്‍റെ കണ്ണുകളാൽ ചൂണ്ടിക്കാട്ടിത്തന്നിട്ടുണ്ട് .
നിന്‍റെ കണ്ണിൽ ഞാൻ
ടാറിട്ട ഗ്രാമവീഥികൾ കണ്ടിട്ടുണ്ട്.
പാതയോരങ്ങളിലെ
വീടുകൾ കണ്ടിട്ടുണ്ട്.
വാണിജ്യകേന്ദ്രങ്ങൾ കണ്ടിട്ടുണ്ട്.
വാഹനങ്ങൾ അവിരാമം ഒഴുകുന്നത്
നിന്‍റെ കണ്ണിൽ തെളിഞ്ഞ് കണ്ടിട്ടുണ്ട്.
നിന്‍റെ കണ്ണിൽ ഞാൻ
കലാപങ്ങളുടെ കാട്ടുതീ പടരുന്നത്
നോക്കിനിന്നിട്ടുണ്ട്.
ഉത്സവങ്ങളുടെ കൊടിയേറ്റവും,
കൊടിയിറക്കങ്ങളും കണ്ടിട്ടുണ്ട്.
ആഘോഷങ്ങളുടെ രാപ്പകലുകൾ
നിന്‍റെ കണ്ണിൽ ഞാൻ തെളിഞ്ഞുകണ്ടിട്ടുണ്ട്.
ഗഗനചുംബികളുടെ മഹാനഗരങ്ങൾ
നിന്‍റെ കണ്ണുകളിൽ തെളിഞ്ഞിട്ടുണ്ട്.
ഗഗനചുംബികളുടെ മഹാനഗരങ്ങളിലെ
ടാറിട്ടപുഴകളുടെ മഹാപ്രവാഹങ്ങളിലേക്ക്
നീ എന്‍റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്.
ടാറിട്ട പുഴകളിലൂടെ
പൊങ്ങുതടികളായൊഴുകുന്ന
അപരിചിതത്വങ്ങളെ കാട്ടിത്തന്നിട്ടുണ്ട്.
വന്യമായ മുഴക്കങ്ങളോടെ,
ചിറകുകളില്ലാതെ പറക്കുന്ന
തീവണ്ടികളെ നീ പരിചയപ്പെടുത്തിയിട്ടുണ്ട്.
ആകാശക്കപ്പലുകളിലേക്ക് നീ
എന്‍റെ മിഴികളുയർത്തിയിട്ടണ്ട്.
നിന്നിൽ ഞാൻ
ജലാശയങ്ങൾ കണ്ടിട്ടുണ്ട്.
അരുവികളും, പുഴകളും,
കടലും,സമുദ്രവും
നീ എന്നെ കാട്ടിത്തന്നിട്ടുണ്ട്.
നീ എനിക്ക് ചേരികളുടെ
സമുദ്രം കാണിച്ചുതന്നിട്ടുണ്ട്.
നിന്നിൽ ഞാൻ യുദ്ധങ്ങളും,
സമാധാനവും കണ്ടിട്ടുണ്ട്.
മിസ്സൈലുകളും,ബോംബുകളുമായി
എരിഞ്ഞടങ്ങുന്ന ദേശങ്ങളിലേക്ക്
നീ എന്നെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്.
പട്ടിണിയുടെ, വേദനയുടെ,
നഷ്ടങ്ങളുടെ രോദനങ്ങൾ
നീ എനിക്ക് കാട്ടിത്തന്നിട്ടുണ്ട്,
കേൾപ്പിച്ചിട്ടുണ്ട്.
ഇന്നും നീ ഓരോ ചിത്രങ്ങളും
ഒരു കാലിഡോസ്ക്കോപ്പിലൂടെയെന്ന പോലെ
എന്നെ കാണിച്ചുതരുന്നു….

