രചന : അനിഷ് നായർ ✍️
[WIDE SHOT – Morning]
ഞായറാഴ്ചയായിട്ടും
രമാദേവി
രാവിലെ എഴുന്നേറ്റ്
കുളിച്ച്
അമ്പലത്തിലേക്ക് നടന്നു പോകുന്നു.
[MEDIUM SHOT]
കണ്ണടച്ച് തൊഴുത്,
കുറി തൊട്ട്,
ഇലച്ചീന്തിലെ പ്രസാദവുമായി
മടങ്ങുന്ന വഴി.
[CUT TO ROAD]
എതിരേ
വഴി നീളെ വരുന്നുണ്ട്
കൃത്രിമച്ചന്തങ്ങൾ.
[TRACKING SHOT – റോഡിന്റെ രണ്ടു സൈഡുകൾ]
നിരത്തിനിരുപുറം
നിറയുന്നു
നിറമുള്ള
കമ്പോളങ്ങൾ.
[INSERT SHOT – തലമുടി]
“മഴത്തുള്ളി പതിച്ചതോ?”
കൈയൊന്നു തലയിൽ വെച്ചു.
[CLOSE UP]
ചുരുണ്ട മുടിയിൽ
തൊട്ട വിരലിൽ
ഓർമ്മ തടഞ്ഞു –
[VOICE OVER]
നാട്ടിൽ പലരുമിപ്പോൾ
“കുല സ്ത്രീ”
എന്നു വിളിച്ചാണ്
പരിഹസിക്കുന്നത്.
[TEXT ON SCREEN / IRONIC TONE]
“അതല്ലെന്ന്
തെളിയിക്കുന്നതിലാണ്,
സമൂഹം,
വളർന്നതായി
അളക്കുന്നതത്രെ!”
[WALKING SHOT]
ഒട്ടുദൂരം നടന്നപ്പോൾ,
ഹിജാബിട്ട സുഹറയും
തലയിൽ സാരിത്തലപ്പിട്ട മേരിയും
നടന്നു പോകുന്നു.
[FREEZE FRAME]
പാസിങ് ഷോട്ടല്ല;
ഇപ്പോൾ ഫ്രെയിമിൽ
മൂന്ന് സ്ത്രീകൾ മാത്രം.
[WIDE STILL FRAME]
മൂന്ന് സ്ത്രീകൾ.
മൂന്നും പരമ്പരാഗതം.
അഭിമാനമുള്ളവർ,
മര്യാദയുടെ നടുവിൽ
നിൽക്കുന്നവർ.
[PAUSE]
എന്നിട്ടും
ഒരാൾക്ക് മാത്രം
പേരിടൽ ചടങ്ങ്.
[SUBTITLE STYLE]
ചിർക്ക് വേഷം.
ചിലർക്കത് തിരിച്ചറിയൽ.
രമക്ക്
ഒരു വിളിപ്പേര്.
[SLOW MOTION]
അവർ
സ്വന്തം പേരുകളിൽ നടക്കുമ്പോൾ,
രമ,
നൽകപ്പെട്ട
ഒരു പേരുമായി നടക്കുന്നു.
[CLOSE UP – രമയുടെ മുഖം]
തലയിലും
മുഖത്തും
മേനിയിലും
കൃത്രിമമായി
ഒന്നുമില്ലാത്ത
രമയുടെ ചുണ്ടിൽ
അന്നാദ്യമായി
ഒരു കൃത്രിമച്ചിരി
വിരുന്നു വന്നു –
[FADE OUT – BLACK SCREEN]
പേരുകളിൽ
പലതുമിരിക്കുന്നു.
(Director’s Note)
[ഇവിടെ കവിതയും സിനിമയും തമ്മിലുള്ള അതിർത്തി പൊളിക്കാനൊരുങ്ങുകയാണ് വാക്കുകൾ.
“സ്ക്രിപ്റ്റ്” എന്ന ടൈറ്റിൽ വെറുമൊരു ഫോർമാറ്റല്ല,
കവിതയുടെ ആശയത്തിന്റെ ഭാഗം തന്നെയാണ്.
ചുറ്റും എല്ലാം scripted.
വേഷങ്ങളും പുഞ്ചിരികളും പോലും scripted.
പക്ഷേ,
പേരിടൽ മാത്രമാണ്
ഇവിടെ ഏറ്റവും ക്രൂരമായ script.]
