രചന : സാഹിറ മുഹമ്മദ് റാവുത്തർ ✍️
ഡെറ്റോളും ലോഷനും മണക്കുന്നാശുപത്രി വരാന്തയിൽ,
ആകാംക്ഷയും അസ്വസ്ഥതയും പേറുന്ന മുഖങ്ങൾ .
കാത്തിരിപ്പിന്റെ മടുപ്പിൽ സമയം നോക്കുന്നവർ,
പേരുവിളിക്കുന്നത് ചെവിയോർത്തിരിക്കുന്നവർ .
തിരക്കിലും ഓടിക്കളിക്കുന്ന കുട്ടികൾ,
ഇടകലർന്നതിവേദനാ ഞരക്കങ്ങൾ ,
ചുമവിഴുങ്ങിയ ശബ്ദത്തിന്റെ കുറുകൽ ,
എല്ലാത്തിനും മീതേ കേൾക്കാം പിറവിയുടെ കരച്ചിൽ !
ചക്രവേഗത്തിന് ജീവനുവേണ്ടിയുള്ള ഉരുളൽ,
മൗനം പാലിക്കാൻ എഴുതിവെച്ചിട്ടും ,
നിശബ്ദതയെ ഭേദിച്ച മുരളലുകൾ,
ഇടയിൽ പറന്നെത്തുന്ന കൊതുകുകൾ !
അടിച്ചുകൊന്നപ്പോൾ ഡെറ്റോൾ മണമുള്ള രക്തം ,
പരത്തുന്ന രോഗത്തിന് പ്രതിരോധത്തിന്റെ തൊലിക്കട്ടി !
ആരും പരാതി പറയാനില്ലാത്ത,
മരുന്നിനെ പ്രതിരോധിക്കുന്ന രോഹവാഹകർ .
ക്ഷമിച്ചിരുന്നിട്ടും പ്രതിഷേധം തികട്ടി,
ഛർദ്ദിൽതെറിച്ചിട്ടും കൊതുക് മൂളിയെത്തി.
കാത്തിരിപ്പിനും ജീവനും പറ്റുപങ്കുള്ള കൊതുകുകൾ ,
ചെവിയിൽ മൂളി രഹസ്യമായി കര്യമറിയിച്ചു.
പലവേഷം ധരിച്ചൊപ്പമുണ്ടെപ്പോഴും,
കുത്തിക്കുടിക്കുന്ന ചോരയ്ക്ക് വില വാങ്ങും ,
കട്ടുകുടിച്ചാലും കുത്തിനോവിച്ചറിയിക്കും ,
ആശുപത്രിക്കുണ്ട് ശുചിത്വവും സൗകര്യങ്ങളും !
കൊതുകുകൾ ഒന്നിച്ചു നിന്ന് കരുത്ത് കാട്ടും ,
രക്തമൂറ്റിയ ജീവന് സമയം പോലെവില പേശും ,
ആട്ടിയോടിച്ചാലും
ഊഴമിട്ടെത്തും പിറകേ ,
അവകാശം പോലെ വട്ടമിട്ട് മൂളിപ്പറക്കും !
മുന്നറിയിപ്പു പോലെയുറങ്ങാത്ത ,
കൊതുകുകൾക്ക് ജീവഭയം കമ്മി !
കൊതുകുകൾ കൊയ്തെടുക്കുന്ന ജീവനുകൾ
കണക്കുകളിൽ പ്രതിരോധം ഉയർത്തി
ഒന്നാമതെത്തിയിട്ടും ശിക്ഷയില്ലാതെ
മൂളിപ്പറന്ന് സ്വകാര്യതയിലേക്കും എത്തുന്നു.

