രചന : അനുമിതി ധ്വനി ✍️
ഇക്ട്രിക് ചെയറിലിരുത്തി.
ഇലക്ട്രിക്ക് ഗിത്താർ പോലെ
സംഗീതം പൊഴിക്കുന്ന
ഉപകരണമാണോ
ഇലക്ട്രിക് ചെയർ?
ഇരിക്കൂ, എന്ന
സാർവ്വലൗകിക ഉപചാരവാക്കിൽ
ഇലക്ട്രിക് ചെയറിലിരുത്തി.
ആർദ്രമായ ശബ്ദത്തിൽ.
ധ്രുവത്തണുപ്പുള്ള കസേര.
കുഷ്യൻ ഇല്ല.
ലോഹ ശൈത്യം.
നീണ്ട മൂക്കും
അലിവുള്ള കണ്ണുകളുമുള്ള സ്ത്രീ.
റെഡ് ക്രോസ് സംഘടനയിലെ
സന്നദ്ധ പ്രവർത്തകയെപ്പോലെ,
അവർ.
ബൈബിൾ
കയ്യിൽ വേണമെന്നില്ല.
“നമുക്ക് ആവശ്യത്തിനു സമയമുണ്ട്, ഒരുപക്ഷേ
ആവശ്യത്തിൽ കൂടുതൽ. “
ചൂടുള്ള കോഫിതന്നു.
“അൽപ്പംകൂടി പഞ്ചസാര വേണമെന്നുണ്ടോ?
പറയാൻ മടിക്കേണ്ട.
നിങ്ങൾക്ക് പ്രീയപ്പെട്ട സംഗീതം
ആരുടെതെന്ന് ഞങ്ങൾക്കറിയാം.
” മെലിഞ്ഞു പ്രസനവദനനായ മുഖമുള്ള മനുഷ്യൻ,
മന്ദഹസിക്കുന്ന ജാഗ്രതയുള്ള
വെളുത്ത കൊറ്റി.
മെഹ്ദി ഹസനെ കേൾപ്പിച്ചു. ഉദ്യോഗസ്ഥരിലൊരാൾ
ഹാ,
എന്തൊരാലാപനമാണെന്ന്
ശിരസ്സ് കുലുക്കി.
മെഹ്ദിക്ക്
സങ്കൽപ്പിക്കാനാവുമായിരുന്നോ
ഇലക്ട്രിക് ചെയറിൽ
ലാസ്റ്റ് സപ്പറായി ഈ ഗാനം
ഒരിക്കൽ മാറുമെന്ന് ?
” ഗായകർക്ക് അവരുടെ പാട്ടിൻ്റെ
വിധിയെക്കുറിച്ച് അധികമൊന്നും ധാരണയില്ല. “
ആ മനുഷ്യൻ
കാവൽമാലാഖയുടെ മുഖമുള്ള
സ്ത്രീയോട് മന്ത്രിച്ചു.
ഓപ്പറേഷൻ തീയ്യേറ്റർ രോഗിയെന്നപോലെ
കുഴലുകളും വയറുകളും കൊണ്ട്
ശരീരത്തെ അലങ്കരിച്ചു തുടങ്ങി.
ജീവൻരക്ഷാദൗത്യമെന്ന് തോന്നിപ്പോകും.
ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ഡോക്ടർ
ഈ സർജറിയോടെ
നിങ്ങളുടെ വേദനകളെല്ലാം ശമിക്കുമെന്നതുപോലെ
എൻ്റെ ശിരസ്സിൽ
തലോടി.
എല്ലാം പതുക്കെയാണ് ചെയ്തത്.
ഒരുപാട് സമയമുണ്ടെന്നു തോന്നിപ്പോകും.
ദീർഘകാലപദ്ധതിയെന്നപോലെ.
മുറിക്കകത്തെ കാലത്തിന്
ആസ്ത്മാ രോഗം ഉണ്ടെന്ന്
എനിക്ക് തോന്നി.
കുഴഞ്ഞുമറിഞ്ഞ കാലം
കുറുകുന്ന ശബ്ദം
ഞാൻ കേട്ടു.
ക്ലോക്കിലെ സെക്കൻ്റ് സൂചിയുടെ
ശബ്ദത്തെക്കാൾ വേഗത്തിലാണ് ഹൃദയമിടിപ്പുകൾ.
പിറകിൽ കമ്പാർട്ടുമെൻ്റുകൾ ഉണ്ടായിരുന്നെങ്കിൽ
എൻ്റെ ഹൃദയം
അവയെ വലിച്ചും കൊണ്ട്
ഇരുവശവും
മഞ്ഞല്ലാതെ മറ്റൊന്നുമില്ലാത്ത പാതയിലൂടെ,
കടന്നുപോകുന്ന വഴികളിലെല്ലാം ചോരയൊലിപ്പിച്ച്
അലറിക്കുതിച്ചു പോയേനെ.
കൈ കൂട്ടിക്കെട്ടിയിട്ടത്
പ്രീയപ്പെട്ടവളുടെ
ഫോട്ടോയെടുത്തു നോക്കി
ഹൃദയവേദന അനുഭവിക്കേണ്ടെന്നു വെച്ചാവും.
കരുതലുള്ളവരാണ്.
ഇവരെന്നെ
നയതന്ത്ര സംഭാഷണത്തിനു കൊണ്ടുവന്നതാണോ?
അതോ ,
പണ്ടു പണ്ട്,
എന്ന് തുടങ്ങുന്ന
രാജകുമാരൻ്റെയും കുമാരിയുടെയും
കഥ പറഞ്ഞു തരാനാവുമോ?
കൈ കെട്ടിയിടാൻ കഴിയും.
കണ്ണീരിന് വിലങ്ങു വെക്കാനുള്ള സാങ്കേതിക വിദ്യ
ഭരണകൂടം ആർജിച്ചിട്ടില്ല.
കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങുന്നത്
നീണ്ട മൂക്കുള്ള മനുഷ്യൻ കാമറയിൽപകർത്തി.
അയാൾ പടമാക്കുമ്പോഴേക്കും
കണ്ണീർ ഒഴുകി അപ്രത്യക്ഷമായിരുന്നോ?
അയാൾ ഫോട്ടോയിൽ അതൃപ്തനായിരുന്നു.
മേശമേൽ ഒരു പൂപ്പാത്രമുണ്ട്.
അലമാരയിൽ പുസ്തകങ്ങൾ.
ഫാനിൻമേൽ അരയിഞ്ചിൽ പൊടി കട്ടിപിടിച്ചിരിക്കുന്നു.
ആ മുറിയിൽ കൊല്ലപ്പെട്ടവരുടെ
ദീർഘമായ കണക്കുകൾ ഗാഢമായി മുരളുന്ന ഫാൻ പറയുന്നുണ്ട്.
ഒതുക്കിപ്പറയുന്നതിലാണ് കല,
കഴിയുന്നതും പറയാതൊതുക്കുന്നത്
എന്നാ അമർത്തിയ മുരൾച്ച
എന്നോട് പറഞ്ഞു.
ഒരു ഉദ്യോഗസ്ഥൻ പിറന്നാൾ കേക്കും
വിസ്കിയുമായി ഉടൻ വരുമെന്ന്
ഫോണിൽ
ആർക്കോ വാക്കു കൊടുത്തു:
“ഇത് പത്തു മിനിറ്റുകൾ കൊണ്ട് കഴിയും.
” അയാൾ ഫോണിനു മറ്റേ അറ്റത്തുള്ള ആളിനെ ആശ്വസിപ്പിച്ചു.
അയാൾ ഫോണിൽ സമ്മാനിച്ച ചുംബനത്തിൽ
ഞാനാകെ കുളിർത്തു.
വീട്ടിൽ ആദ്യമായി
ഇലക്ട്രിസിറ്റി വന്ന ദിവസം
ഓർമ്മ വന്നു.
അമ്മ പറഞ്ഞു:
“ഇനി എൻ്റെ കുഞ്ഞിന് രാത്രികളില്ല,
അതിൻ്റെ ഭയങ്ങൾവേണ്ട.
വെളിച്ചമുള്ള വീടുകളിൽ ഡ്രാക്കുള സന്ദർശിക്കില്ല. “
ഇലക്ട്രിക് ചെയറിലിരുന്നു കൊണ്ട് മലയോരത്തെ
ഞങ്ങളുടെ വീട് പ്രകാശത്തിൽ
കുളിച്ചു നിന്ന ആ രാത്രി ഞാൻ ഓർമ്മിച്ചു.
അന്ന് ക്രിസ്മസ് തലേന്നായിരുന്നു.
എൻ്റെ അനിയത്തിയുടെ ഒന്നാം പിറന്നാളായിരുന്നു.
“എല്ലാം ഭദ്രമല്ലേ? “
ആരോ ചോദിച്ചു.
അവർ ഒരാചാരപരിപാലന സംഘത്തെപ്പോലെ തോന്നിച്ചു.
മധ്യവയസ്കനായ ഒരാൾ
അഭീ നാ ജാവോ ചോട്കർ എന്ന പാട്ട് ചൂളമിട്ടുകൊണ്ട്
എൻ്റെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു.
ആരോ ഒരാൾ എൻ്റെ കണ്ണുകൾ മൂടിക്കെട്ടി. അതെന്തിനാണ്?
ഇലക്ട്രിക് ചെയറിൽ അരോചകമാംവിധം
തുള്ളി വിറച്ച് മരിക്കുന്നത് ഞാൻ കാണില്ലല്ലോ!
കാണുന്നവർക്ക് ഒരുഗ്രൻ വിഷ്വൽ ട്രീറ്റായിരിക്കും.
ഡെത്ത് പെർഫോമൻസ്.
കസേരയിലിരുന്ന് ഒരാൾ ഗിത്താർ വായിക്കുന്നതുപോലെ,
മരണം വായിക്കുന്നു.
wow എന്ന് പ്രേക്ഷകർ എന്നെ അഭിനന്ദിക്കുമോ?
കണ്ണുമൂടിക്കെട്ടിയതും
മരണമെന്തെന്ന് എനിക്ക് മനസ്സിലായി.
മരണം,
ഫാനിൻ്റെ മുരൾച്ചയും
ക്ലോക്കിൻ്റെ സെക്കൻ്റ് സൂചി ഒച്ചയും
വ്യത്യസ്ത മണങ്ങളുള്ള പെർഫ്യും ഗന്ധവും അവശേപ്പിക്കുന്ന
സമ്പൂർണ്ണാന്ധകാരമാണ്.
എനിക്ക് ഭയം തോന്നി.
എൻ്റെ കസേരയ്ക്ക് ചിറകു കിളിർത്തെങ്കിൽ
പറന്നു പറന്നു പോകാമായിരുന്നു.
“എനിക് മൂത്രമൊഴിക്കണം. “
ഞാൻ അലറി.
ഒച്ച പുറത്തു വന്നില്ല.
റെഡ് ക്രോസ് സന്നദ്ധ പ്രവർത്തകയെപ്പോലെ
തോന്നിച്ച സ്ത്രീ പറഞ്ഞു :
“സ്വിച്ചിടുമ്പോൾ നിങ്ങൾക്കെന്തായാലും മൂത്രമൊഴിക്കേണ്ടിവരും.
അതിനെക്കുറിച്ച്
ബേജാറാവേണ്ട.”

