രചന : വി.സി.അഷ്റഫ് ✍️
കേവല ലക്ഷ്യത്തിനപ്പുറം
എങ്ങോട്ടെന്നറിയാത്ത യാത്ര!
സമയം ജീവിതത്തിന്റെയും
പാളങ്ങൾ തീവണ്ടിയുടെയും
ഗതിവിഗതികൾ ചിട്ടപ്പെടുത്തുന്നു.
ഇടക്ക് കുറേ പേർ കയറുന്നു.
കുറേ പേർ ഇറങ്ങുന്നു.
എങ്ങോട്ട് പോകുന്നു,
എവിടെ നിന്ന് വരുന്നു.
ആർക്കുമറിയില്ലെങ്കിലും
നാമെല്ലാം യാത്രക്കാർ തന്നെ!
ഏത് യാത്രയിലും കാഴ്ചകൾ
വ്യത്യസ്തമായ അനുഭവങ്ങളാണ്.
പുഴയും മഴയും മലകളും
വ്യത്യസ്തമായ അനുഭൂതികളും.
ഈ ലോകം ഒരു പുസ്തകമാണ്.
ഇത്തരം യാത്രകളിലൂടെയല്ലാതെ
വായിക്കപ്പെടാനാവാത്ത ഗ്രന്ഥം!
ചൂളം വിളികളില്ലാത്ത,തീയില്ലാത്ത
തീവണ്ടികളുടെ യുഗത്തിലും
വ്യത്യസ്ത സംസ്‌കാരങ്ങളുടെയും
ആശയ ധാരകളുടെയും ഒരുമയുള്ള
പദസഞ്ചലനമായി, ജീവിതവും
തീവണ്ടിയാത്രകളും നിലനിൽക്കട്ടെ!
