രചന : മരിയ തോപ്പിൽ ✍️
മഴയായ് പ്രണയമേ നീ എനിക്കെന്നും,
മൃത്യുവിലും വിടാതെന്നെ
മാറോടണച്ചു.
മൂർദ്ധവിൽ ഉമ്മവച്ചോമനിച്ചു ….
മഴനൂലിനാലെന്നെ ചേർത്തണച്ചു .
ഇളം കാറ്റിൻ ചിറകിൽ പറന്നു വന്ന്. ..
കുട ചൂടി നിന്നെ പൊതിയട്ടെ ഞാൻ ..
നിന്റെ സീമന്തരേണുവിൽ
സിന്ദൂരം മായാതെ ചുംബനം തന്നീടാം…!
നിൻ മിഴിയിണകളണമുറിയാതെ നൂനം
കരളിലെ കുളിരായി കൂടെയുണ്ട്.
ചെമ്പക ചോട്ടിലെ പൂവനത്തിൽ ,
വിറയാർന്നൊരധരത്തിൽ
ചിതറിത്തെറിക്കുന്ന മഴ മണി മുത്തുകൾ. ..
ചിലങ്ക അണിഞ്ഞു ഞാൻ നൃത്തമാടാം
ചെമ്പക പൂമാല ചാർത്തിടുവാൻ
പെയ്യാൻ വിങ്ങി നിൽക്കും മാനത്തിൻ മാറിൽ.
ചാരുതയാർന്നൊരു മാരിവില്ലാണു നീ.
മൗനത്തിൻ വാൽമീകം അഴിച്ചു വയ്ക്കു നീ.,
നന്നായി നനയണം ഉള്ളു കുളിർക്കണം ഭൂമിയെപ്പോൽ…
പ്രണയം പെയ്തൊഴിഞ്ഞാൽ ഹാ.!
അടരുവാനാകില്ലയില്ല എനിക്കിനി,
വിരഹത്തിൻ നെരിപ്പോടിൽ നെഞ്ചകം
നീറിപ്പുകയുന്നു കനവുകളുള്ളകം
കൊണ്ടു ഞാൻ ശരശയ്യ തീർത്തിടാം
പരിഭവം നിന്നുടെ പ്രണയമല്ലേ സഖി. .
എൻ പ്രാണനെ, മഴയായ് നിന്നിൽ
പെയ്തിറങ്ങട്ടെ ഞാൻ …
ഒടുവിലാത്മാവ് തേടി
അതിഥിയെത്തുമ്പോൾ. !
ഒഴുകിയകലുന്ന പുഴയിലലിയാം നമുക്കൊന്നായ്. ..
