രചന : മേരിക്കുഞ്ഞ് ✍️
കുമ്പസാര ക്കൂടിന്നപ്പു –
റത്തൊരു കുഞ്ഞു ശലഭം.
വലക്കണ്ണിയിൽ ചേർത്ത
കാതിലച്ചന്ന് തീ പ്രവാഹം
പാപ പരിഹാരാർത്ഥം
കല്പിച്ചു നൽകേണ്ട
നന്മ നിറഞ്ഞ
മറിയേയുടെമണിക –
ളെത്രയെന്ന്
പറയാനാവാതെ ഞെട്ടി
ക്രുദ്ധനായച്ചൻ , ഇരുകൈ
ഞരിച്ചമർത്തി
കുമ്പസാര കൂട്ടിൽ
എഴുന്നേറ്റുനിന്നു ;
അച്ചനൊച്ച കെട്ടുപോയി….
വയസ്സു പതിനാലാണ-
ബോർഷൻ രണ്ടാമതും….
പള്ളി പ്പള്ളിക്കൂടത്തിലാ –
ണവൾക്ക് വിദ്യ അഭ്യാസം.
അവനോ….അല്ല അവൻ മാർ
എന്നവളുടെ
കൂസലില്ലാതിരുത്തൽ…..
അതി ജീവിതാവകാശം
വൈറലാകുവാൻ
വിരൽ
തിരിയ്ക്കുവതാർക്കു
നേരെ യാവണം
എന്നൊരാശങ്ക
തീർന്നു കിട്ടണം…….!
പാപം കുറയ്ക്കാനായൊരു
വിശുദ്ധനെത്തന്നെയാവാം
എന്നവൾ……
ആരവൻ ?
അച്ചൻ കിതച്ചു…..
ആ…. അവൻ
അച്ചനെന്നവൾ !
അതിനു നിന്നെയെനിക്കു
പരിചയമിതുവരെ
ഇല്ലല്ലോകുഞ്ഞേ
നീ….
കുഞ്ഞിപ്പാവാടപ്പൂമ്പാറ്റ….
മേൽ വിലാസമാരായേണ്ട –
തില്ലാത്ത ശലഭമായ് മാത്രം
കാഴ്ച്ചപ്പെട്ടോൾ
മിണ്ടാപ്രാണി .
അതിജീവിതചൂണ്ടി –
ക്കാട്ടുന്നതാണ്
നേര് എന്നവൾ.
ആവില്ല ….അല്ലെന്ന്
അച്ചന് തെളിയിക്കുവാൻ.
പ്രായപൂർത്തിയാകാത്ത
പതിനാലു വയസ്സിന്നിത്ര
മൂർച്ച കൂർത്ത ബുദ്ധിയോ!
കേസ് പോക്സോ!!
പാളിയൂർന്നു
വെറുംകരി –
ങ്കല്ലായ്ച്ചൻ കനച്ചു
കുമ്പസാരം
കേൾക്കാതടഞ്ഞ
കാതുമായ്
അച്ചൻ
തളർന്നിരുന്നു
തല കുമ്പിട്ടു
ചോരത്തുള്ളികൾ
വിയർപ്പായ്
ഇറ്റിവീണു.
മാപ്രക്കഥകളുടെ
കടലിരമ്പം
ചെവിയിലുച്ചത്തിൽ
മുഴങ്ങുന്ന പോലെ……
ഉടലാകെ മരപ്പിക്കും
മരണത്തണുപ്പ്
ഞരമ്പുകൾ വലിച്ച്
മുറുക്കിയൊരുക്കുന്ന പോലെ.
വീണു വീണിരുൾകയത്തിൽ
ആഴ്ന്നാഴ്ന്ന് പോകും പോലെ.
