രചന : വലിയശാല രാജു ✍️
നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം കൂടെയുള്ളത് വസ്ത്രങ്ങളാണ്. ദിവസവും ഷർട്ടിന്റെ ബട്ടണുകൾ ഇടുകയും തുറക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അതിനിടയിൽ ഒളിച്ചിരിക്കുന്ന ഒരു വലിയ ‘വിവേചനം’ നമ്മളിൽ എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട്? പുരുഷന്മാരുടെ ഷർട്ടിലെ ബട്ടണുകൾ വലതുവശത്തും സ്ത്രീകളുടേത് ഇടതുവശത്തുമാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ പലർക്കും അതൊരു വലിയ അത്ഭുതമായി തോന്നും. എത്രയോ വട്ടം പ്രിയപ്പെട്ടവളെ വസ്ത്രം ധരിക്കാൻ സഹായിച്ചിട്ടുള്ള, അല്ലെങ്കിൽ അലക്കാനും തേക്കാനുമായി ആ വസ്ത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള പുരുഷന്മാർ പോലും ഈ വ്യത്യാസം കണ്ടുപിടിച്ചില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ രസകരമായ വസ്തുത!
ചരിത്രം ഒളിപ്പിച്ചുവെച്ച കൈകൾ
ഈ വ്യത്യാസത്തിന് പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചില പ്രായോഗിക കാരണങ്ങളുണ്ട്. പണ്ട് പുരുഷന്മാർ എപ്പോഴും അരയിൽ വാൾ കരുതുമായിരുന്നു. വലങ്കയ്യന്മാരായ അവർക്ക് ഇടത്തുഭാഗത്ത് തൂക്കിയിട്ടിരിക്കുന്ന വാൾ പെട്ടെന്ന് ഊരണമെങ്കിൽ ഷർട്ടിന്റെ മടക്കുകൾ തടസ്സമാകരുത്. അതുകൊണ്ട് ഷർട്ട് ഇടതുവശത്ത് നിന്ന് വലത്തോട്ട് മൂടുന്ന രീതിയിൽ (ബട്ടൺ വലതുവശത്ത്) അവർ ക്രമീകരിച്ചു. അത് ഇന്നും ഒരു പാരമ്പര്യമായി തുടരുന്നു.
എന്നാൽ സ്ത്രീകളുടെ കാര്യം നേരെ തിരിച്ചായിരുന്നു. പണ്ട് സമ്പന്നരായ സ്ത്രീകൾ സ്വന്തമായല്ല വസ്ത്രം ധരിച്ചിരുന്നത്, അവരെ സഹായിക്കാൻ വേലക്കാരുണ്ടായിരുന്നു. സഹായിക്കുന്ന ആൾക്ക് (അവരും ഭൂരിഭാഗം വലങ്കയ്യന്മാരാണല്ലോ) നേരെ നിന്ന് എളുപ്പത്തിൽ ബട്ടൺ ഇടാൻ വേണ്ടിയാണ് സ്ത്രീകളുടെ വസ്ത്രത്തിൽ ബട്ടണുകൾ ഇടതുവശത്ത് ഘടിപ്പിച്ചത്. കാലം മാറി, സ്ത്രീകൾ സ്വന്തമായി വസ്ത്രം ധരിക്കാൻ തുടങ്ങിയെങ്കിലും ആ പഴയ ‘വേലക്കാരൻ സ്റ്റൈൽ’ ഫാഷൻ ലോകം ഇന്നും മാറ്റിയിട്ടില്ല.
ഇന്നും തുടരുന്ന ഈ ‘ട്വിസ്റ്റ്’
ഇന്ന് വസ്ത്രനിർമ്മാണത്തിൽ വലിയ വിപ്ലവങ്ങൾ നടന്നിട്ടും ഈ രീതി മാറ്റാൻ ആരും തയ്യാറായിട്ടില്ല. റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന കടകളിൽ ഒരേ മോഡൽ ഷർട്ടുകൾക്കിടയിൽ നിന്ന് ആണിന്റേതും പെണ്ണിന്റേതും തിരിച്ചറിയാൻ ഇന്നും ഈ ബട്ടണുകൾ തന്നെയാണ് വഴി. ഒരുതരം നിശബ്ദമായ അടയാളമായി ഇത് ഇന്നും തുടരുന്നു.
സേനകളിൽ ഇത് ബാധകമാകാത്തത്
തുല്യതയോ പുരുഷ മേധാവിത്വമോ?
സേന യൂണിഫോമുകളിൽ തുല്യതക്ക് വേണ്ടി ഇത് ബാധകമല്ല.അവിടെ പുരുഷനും സ്ത്രിയും ധരിക്കുന്ന ഷർട്ടുകളിൽവലത് വശത്താണ് ബട്ടൺ. പക്ഷെ തുല്യരാണെന്ന് നമ്മൾ പറയുമ്പോഴും, അവിടെ പിന്തുടരുന്നത് പുരുഷന്മാരുടെ ശൈലിയാണ് (വലതുവശത്തെ ബട്ടൺ) എന്നത് ശ്രദ്ധേയമാണ്. പണ്ട് പുരുഷന്മാർ ഇടത് വശത്ത് ആയുധം തൂക്കിയിരുന്ന സൗകര്യത്തിനായി രൂപപ്പെടുത്തിയ ആ ഡിസൈൻ, ഇന്നും മാറ്റമില്ലാതെ സ്ത്രീകളും പിന്തുടരേണ്ടി വരുന്നത് ഒരു തരത്തിൽ പറഞ്ഞാൽ ‘പുരുഷാധിപത്യത്തിന്റെ’ നിശബ്ദമായ അടയാളം തന്നെയാണ്. സ്ത്രീകളുടെ ശാരീരികമായ പ്രത്യേകതകളോ ചരിത്രപരമായ ശീലങ്ങളോ പരിഗണിക്കാതെ, പുരുഷന്റെ വസ്ത്രധാരണ രീതിയെ ‘സ്റ്റാൻഡേർഡ്’ ആയി കണക്കാക്കുന്ന ഈ രീതി ഫാഷൻ ലോകത്തെ ഒരു വലിയ ചർച്ചാവിഷയമാണ്
ബ്ലൗസിൽ ഈ മാറ്റം വരാത്തത് എന്തുകൊണ്ട്?
ബ്ലൗസ് എന്നത് ശരീരത്തോട് വളരെ ചേർന്ന് നിൽക്കുന്ന (Body hugging) വസ്ത്രമാണ്. ഷർട്ട് പോലെ അയഞ്ഞതല്ലാത്തതിനാൽ, ഒരു കൈ കൊണ്ട് മാത്രം ബ്ലൗസിന്റെ ഹുക്കുകളോ ബട്ടണുകളോ അഴിക്കുക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് മുലയൂട്ടുന്ന സമയത്ത് അമ്മമാർക്ക് രണ്ട് കൈകളും ഉപയോഗിക്കേണ്ടി വരാറുണ്ട്.
സാരിയുടെ മുന്താണി ഇടതു തോളിലായതുകൊണ്ട്, ബ്ലൗസിന്റെ ഹുക്കുകൾ വലതുവശത്താണെങ്കിൽ മുന്താണി ഒന്ന് വകഞ്ഞുമാറ്റി വലതുകൈ കൊണ്ട് ഹുക്ക് അഴിക്കാൻ എളുപ്പമാണ്. മുന്താണി കിടക്കുന്ന അതേ വശത്താണ് (ഇടത്) ഹുക്കുകൾ എങ്കിൽ അത് കൂടുതൽ പ്രയാസമുണ്ടാക്കും.
സാരി ബ്ലൗസുകൾ ചിലതിലൊക്കെ പുറകിൽ ഹുക്കുള്ളവയോ (Back open) വശങ്ങളിൽ സിബ്ബ് ഉള്ളവയോ ആയിരിക്കും. ഷർട്ടിന്റെ ആ പഴയ ‘വേലക്കാരൻ ചരിത്രം’ ബ്ലൗസിനെ ബാധിച്ചിട്ടില്ലാത്തതിനാൽ, തുന്നൽക്കാർ നമ്മുടെ നാട്ടിലെ സ്ത്രീകളുടെ സൗകര്യത്തിനാണ് മുൻഗണന നൽകിയത്.
ചുരുക്കത്തിൽ, മുലയൂട്ടുന്ന അമ്മമാർക്ക് ഷർട്ട് ധരിക്കുമ്പോൾ ബട്ടൺ ഇടതുവശത്ത് വരുന്നത് ഉപകാരപ്പെടുമെങ്കിൽ, ബ്ലൗസ് ധരിക്കുമ്പോൾ ഹുക്കുകൾ വലതുവശത്ത് വരുന്നതാണ് കൂടുതൽ പ്രായോഗികം.

