രചന : വലിയശാല രാജു✍️
ലോകം നാടക ദിനം ആഘോഷിക്കുമ്പോൾ, അരങ്ങിലെ കലാകാരന്മാർക്ക് അഭിമാനിക്കാൻ സുന്ദരമായൊരു ചരിത്രമുണ്ട്. ലോകത്തെ മുഴുവൻ വേഷപ്പകർച്ചകളിലൂടെ സുന്ദരമാക്കിയ ആധുനിക തയ്യൽ യന്ത്രത്തിന്റെ പിന്നിൽ ഒരു നാടക നടന്റെ ബുദ്ധിയായിരുന്നു എന്ന് പലരും അറിയണമെന്നില്ല. ഐസക് മെറിറ്റ് സിംഗർ എന്ന ആ നടന്റെ ശാസ്ത്രബോധമാണ് ഇന്ന് നാം കാണുന്ന വസ്ത്രവിപ്ലവത്തിന് അടിത്തറ പാകിയത്.
1811-ൽ ന്യൂയോർക്കിലെ ഒരു സാധാരണ കുടുംബത്തിലാണ് ഐസക് മെറിറ്റ് സിംഗർ ജനിച്ചത്. അദ്ദേഹത്തിന്റെ കുട്ടിക്കാലം ഒട്ടും സുഖകരമായിരുന്നില്ല. പന്ത്രണ്ടാം വയസ്സിൽ അമ്മ ഉപേക്ഷിച്ചുപോയതോടെ സിംഗറുടെ ജീവിതം തെരുവിലായി. വിശപ്പടക്കാൻ ചെറിയ ജോലികൾ ചെയ്തും മെക്കാനിക്ക് ഷോപ്പുകളിൽ സഹായിയായി നിന്നുമൊക്കെയാണ് അദ്ദേഹം വളർന്നത്. ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും യന്ത്രങ്ങളുടെ പ്രവർത്തനം കണ്ടുപിടിക്കാനുള്ള ഒരു ജന്മസിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. ദാരിദ്ര്യം വേട്ടയാടുമ്പോഴും ഉള്ളിലെ കലാകാരനെ അദ്ദേഹം കൈവിട്ടില്ല.
അഭിനയ മോഹവും അലച്ചിലും
പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ അമേരിക്കയിലെ തെരുവുകളിൽ ഒരു നാടക സംഘം അലയുന്നുണ്ടായിരുന്നു. ‘മെറിറ്റ് പ്ലെയേഴ്സ്’ എന്ന ആ സംഘത്തിന്റെ അമരക്കാരൻ ഐസക് സിംഗർ എന്ന ആറടിയിലധികം ഉയരമുള്ള സുമുഖനായ യുവാവായിരുന്നു. ഷേക്സ്പിയർ നാടകങ്ങളിലെ നായകനായി അരങ്ങുതകർക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ യന്ത്രങ്ങളോടുള്ള ഒരു പ്രത്യേക പ്രണയം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. നാടകത്തിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കാത്ത കാലത്ത് അദ്ദേഹം മെക്കാനിക്ക് ജോലികൾ ചെയ്യുകയും പാറ തുരക്കുന്ന യന്ത്രങ്ങൾ വരെ രൂപകൽപ്പന ചെയ്യുകയും ചെയ്തിരുന്നു. ആ യന്ത്രങ്ങളുടെ പേറ്റന്റ് വിറ്റുകിട്ടിയ പണം കൊണ്ടാണ് അദ്ദേഹം തന്റെ നാടകസംഘത്തെ മുന്നോട്ട് നയിച്ചിരുന്നത്.
11 ദിവസത്തെ അത്ഭുതം
ഒരിക്കൽ ബോസ്റ്റണിലെ ഒരു വർക്ക്ഷോപ്പിൽ കേടായ തയ്യൽ യന്ത്രം നന്നാക്കാൻ എത്തിയതാണ് സിംഗറുടെ ജീവിതം മാറ്റിമറിച്ചത്. അതുവരെയുണ്ടായിരുന്ന യന്ത്രങ്ങൾ വളഞ്ഞ സൂചികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയും പെട്ടെന്ന് കേടാകുന്നവയുമായിരുന്നു. നടന്റെ നിരീക്ഷണ ബുദ്ധിയോടെ സിംഗർ ആ യന്ത്രത്തെ നോക്കിക്കണ്ടു. വെറും 11 ദിവസം കൊണ്ട് അദ്ദേഹം അതിലൊരു വിപ്ലവം സൃഷ്ടിച്ചു. സൂചി നേരെ താഴേക്കും മുകളിലേക്കും ചലിക്കുന്ന രീതിയും, തുണി തനിയെ നീങ്ങുന്ന സംവിധാനവും അദ്ദേഹം വികസിപ്പിച്ചു. ഒരു നടന്റെ ഭാവനയും മെക്കാനിക്കിന്റെ കൃത്യതയും ഒത്തുചേർന്നപ്പോൾ പിറന്നത് ആധുനിക തയ്യൽ യന്ത്രത്തിന്റെ ആദ്യരൂപമായിരുന്നു.
കൈകളിൽ നിന്ന് കാലുകളിലേക്ക്
സിംഗറുടെ ശാസ്ത്രബോധം അവിടെയും അവസാനിച്ചില്ല. കൈകൊണ്ട് ചക്രം കറക്കുമ്പോൾ തുന്നൽ അത്ര സുഗമമാകില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം, തന്റെ നാടകീയമായ ചിന്തകൾ മെക്കാനിക് ബുദ്ധിയുമായി കൂട്ടിയിണക്കി. അങ്ങനെയാണ് തയ്യൽ യന്ത്രത്തിന് ‘ഫുട്ട് പെഡൽ’ അഥവാ ചവിട്ടുപടി ഉണ്ടായത്. ഇതോടെ തുന്നുന്ന ആളുടെ രണ്ടു കൈകളും തുണി കൃത്യമായി പിടിക്കാൻ സ്വതന്ത്രമായി. ലോകമെമ്പാടുമുള്ള തുന്നൽക്കാർക്ക് അതൊരു വലിയ അനുഗ്രഹമായി മാറി.
കലയും ശാസ്ത്രവും
ഇന്ന് നാം ധരിക്കുന്ന ഓരോ മനോഹരമായ വസ്ത്രത്തിന് പിന്നിലും സിംഗർ എന്ന ആ നടന്റെ കൈമുദ്രയുണ്ട്. വസ്ത്രങ്ങൾ സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കാൻ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം സഹായിച്ചു. നാടകവേദിയിലെ വേഷവിധാനങ്ങളോടുള്ള അദ്ദേഹത്തിന്റെ താല്പര്യം തന്നെയാകണം ലോകത്തെ മുഴുവൻ വസ്ത്രധാരണത്തിൽ പരിഷ്കാരികളാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
കലാകാരന്റെ സർഗ്ഗാത്മകതയും ശാസ്ത്രത്തിന്റെ യുക്തിയും ചേർന്നാൽ അത് ലോകത്തെ മാറ്റിമറിക്കുമെന്ന് ഐസക് മെറിറ്റ് സിംഗർ തെളിയിച്ചു. ഈ നാടക ദിനത്തിൽ നമുക്ക് ആ വലിയ കലാകാരനെ ഓർക്കാം; അദ്ദേഹം തുന്നിത്തന്നത് വെറും തുണിക്കഷ്ണങ്ങളല്ല, മറിച്ച് ആധുനിക മനുഷ്യന്റെ ആത്മവിശ്വാസവും സൗന്ദര്യവുമാണ്.
കൗതുകകരമായ ദാമ്പത്യ ജീവിതം
1875ൽ 63മത്തെ വയസ്സിൽ സിംഗർ മരിക്കുമ്പോൾ അറിയപ്പെടുന്ന മൂന്നു പങ്കാളിയിലും കൂടി അദ്ദേഹത്തിന് 25കുട്ടികൾ ഉണ്ടായിരുന്നു. 52മത്തെ വയസിലാണ് അവസാന വിവാഹം. മരിക്കുമ്പോൾ അവസാന കുട്ടിക്ക് പ്രായം 5വയസായിരുന്നു.
സുന്ദരിയായ ഇസബെല്ലയാണ് അവസാന ഭാര്യ. അവരുടെ ജീവിതമാണ് വലിയ അത്ഭുതം. ഇവരുടെ ദാമ്പത്യം 11വർഷമായിരുന്നു. ഇതിൽ ആദ്യത്തെ 7വർഷത്തിനിടയിൽ 6 കുട്ടികൾക്ക് ഇസബെല്ല ജന്മം കൊടുത്തു. ഒന്നര വർഷത്തെ ഇടവേള പോലും ഇല്ലായിരുന്നു എന്നതാണ് വസ്തുത.

