കാടത്തംകാട്ടിടും നാട്ടിൻ കാട്ടാളന്മാരെ
നേരിൻ്റെ നേരായ മൂർച്ചയാൽ
ഛേദിച്ചീടേണം പാണി!
ഇരുളൊന്ന് വീണീടും നേരം
കാമജ്വാലയാൽ ജ്വലിച്ചീടുന്നു നിൻ മിഴികൾ
പതിയിരുന്ന് നി കെണിയിൽപ്പെടുത്തിയതും
നിന്നിച്ഛയ്ക്ക് പാത്രമാക്കിയതും
ആമോദമെന്തന്നറിയാത്തവളെ !
മതിവരാതെ നീ അറത്ത് മാറ്റിയ നാവ്
ആയിരം നാവായ് പുനർജനിച്ചീടും!
അടിയാളനായി, ഭീരുവായി
കാലം താണ്ടിടാതെ
പെണ്ണിൻ്റെ മാനം കാത്തീടാൻ
മൗനം വെടിഞ്ഞീടുക ഭാരതപുത്രന്മാരെ!
ഉരുക്ക്പോലുറച്ച കരിങ്കൽ കഷണങ്ങളെ തച്ചുടയ്ച്ചീടുന്ന കരമാണ് നിൻ വരമെന്ന് അറിഞ്ഞീടേണം ജനകൻ!
കാകൻ്റെ തോണ്ടലേറ്റിടാതിരിക്കാനൊ?
കണ്ണേറ് തട്ടാതിരിക്കാനൊ?
ചിത്രകംചാർത്തിയ നാരിയധിപതികളാരുമേ
ഉയർത്തിയില്ല ആരവം!
ഉയരാത്ത ഭാഗധേയം
ഉണരാത്ത ഉത്ഥാനം
ചിലയ്ക്കാത്ത രശനയാണ് നിൻ ശാപം.
ഖലനായി പിറന്നവൻ ഊറ്റിയിടുന്നു
നാരിനിണം!
പാകസ്ഥാനത്തിനടിമപ്പെട്ടിടാതെ.
നാരി,നീൻ കരങ്ങളിലേന്തണം ശസ്ത്രം.
നിൻ കരങ്ങളിലേന്തണം ശസ്ത്രം!
എരിയണം നിന്നുള്ളിൽ ക്രോധം !
കനലായി ജ്വലിച്ചീടേണം
പാറണം നിൻ നേത്രങ്ങളിലഗ്നി!
അധ:പതനമായിടേണം
നാരിഭോജകരുടെ!
ഊതിക്കാച്ചിമുനയാക്കിയ എഴുത്താണി
ചോരയിൽ മുക്കി എഴുതീടേണം
കദനമുറയുന്ന കല്ലറകളിലെ ദീനരോദനം
ഉണരണം,ഉയരണം,ദേശം മറന്ന് നാം
ഒന്നായിച്ചേർന്നീടേണം.
ഇനിയൊരു അനർത്ഥം വന്നീടാതെ !
മനോജ് മുല്ലശ്ശേരി നൂറനാട്

By ivayana