പാതിരാമഴ കുടഞ്ഞിട്ട പകുതി
കത്തിയ ദുഃസ്വപ്‌നങ്ങൾ.
കരള് കുത്തി പിളർക്കും
വാർത്തകൾക്ക്‌ നടുവിൽ
നെടുവീർപ്പുകളായ്
നമ്മളെരിഞ്ഞു തീരുമ്പോൾ
വാക്കുകൾ പൂക്കുന്ന മരത്തിൻ കീഴെ
തണല് കോറി വരഞ്ഞ ചിത്രങ്ങളിൽ
രക്തസാക്ഷി കുടീരങ്ങളുയരുമ്പോൾ
ഓരോ മണൽതരിയും
നെഞ്ച് പൊള്ളിക്കുറിച്ച് വച്ച
ചില വരികളുണ്ട്.
പതറുന്ന ചോദ്യത്തിനും
ഉത്തരത്തിനുമിടയിലൂടെ
നീണ്ട്പോകുന്ന നിലവിളികളിൽ
പൊതിഞ്ഞുവച്ച മിടിപ്പുകൾ.
ഓരോ ചോരതുള്ളിയും
നമ്മുടെ നെഞ്ചിലേക്ക്
കൊത്തിവരയുന്ന
ചില ചോദ്യങ്ങളുണ്ട്.
കണ്ണീർ ചിത്രങ്ങളുണ്ട്.
കത്തിമുനകളിലെരിഞ്ഞമരുന്ന
പ്രതീക്ഷയുടെ ചിറകുകൾ.
കണ്ണ് കൊത്തി പിടഞ്ഞ
കത്തും കാഴ്ചകളിൽ
ചോരക്കറ പുരണ്ട തീക്കാറ്റുകൾ
ഉമ്മവച്ചുലയുമ്പോൾ
നെഞ്ച് മാന്തിപൊളിക്കുന്ന
പകയിൽ വെന്തുനീറി എരിഞ്ഞ
ഹൃദയങ്ങളിൽ കത്തിപ്പടരുന്ന
നോവുകൾ ഇരുളിലൂടെയലഞ്ഞ്
നെഞ്ച് പൊട്ടിപിളർന്ന്
നക്ഷത്രങ്ങളെ കെട്ടിപ്പുണരുന്നു.
ധാർഷ്ട്യം ചുമന്ന് പ്രസവിച്ച
വാക്കുകൾ കനൽക്കാടിനുള്ളിൽ
പിടഞ്ഞ് കത്തി, വേദന തിന്ന്കുടിച്ച്
കനല് തിളയ്ക്കും വഴികളിൽ
കണ്ണ് കോർത്ത് വച്ച് കത്തുന്ന
രാമഴയിലൂടെ കറങ്ങിതിരിയുന്നു.
നിദ്രയിൽ പോലും എഴുന്നേറ്റ്നിന്ന്
കരിമഷി മേഘപടർപ്പിനുള്ളിൽ നിന്നും
നിലവിളിച്ചുകൊണ്ടിറങ്ങിയോടുന്നു
നിഴൽരൂപങ്ങൾ ഘോഷയാത്രയായ്…
( ഷാജു. കെ. കടമേരി )

By ivayana