ദേവി ! മൂകാംബികേ, അമ്മേ! ഭഗവതീ !
വീണമീട്ടും ദിവ്യസംഗീതസാധികേ |
ദേവീ, മനോഹരീ! നിൻ പാദപങ്കജം
എന്നുംനമിച്ചീടാം മൂകാംബികേ!

ദേവി, നിൻ സ്വരരാഗസുധയിൽ മയങ്ങി ഞാൻ
നിൽക്കവേ നൽവരം നൽകീടണേ!
നിൻപദതളിർ മാത്രമാശ്രയമംബികേ മാനസത്തിൽ പ്രഭ തൂകീടണേ!.
മായാമയൂരസദൃശയാമംബികേ
മായാമനോജ്ഞയാം വരദായികേ
നിൻ പാദപങ്കജം കുമ്പിടും ഭക്തർക്കു
വിജ്ഞാനമേകണേ ജ്ഞാനാംബികേ!
കാരുണ്യ പൂരകടാക്ഷമേകി നിത്യം
അക്ഷരലക്ഷത്തിൻ പുണ്യമേകാൻ
ദേവീ, സരസ്വതീ ആനന്ദനൃത്തവു-
മാടിടു ശ്രീദേവിയെൻ മനസ്സിൽ!
നിൻ നൂപുരധ്വനി പാരിൽ മുഴങ്ങവേ പാരിനുമാനന്ദനിർവൃതിയായ്!
എന്നും മുഴങ്ങട്ടെ നിൻ നാദബ്രഹ്മത്തിൻ
താളലയം ശ്രുതിസാന്ദ്രമായി .. !|
വിദ്യയായ്, വിദ്യാപ്രദായിനി നീ വര –
മേകുവാൻ നിത്യവും കുമ്പിട്ടുന്നേൻ!
നിൻപദനൂപുരധ്വനിയെന്നുമാനന്ദ
സാഗരം തീർക്കട്ടെയെൻ്റെ ഹൃത്തിൽ!
ദേവീ മുകാംബികേ, വിദ്യാപ്രദായിനി
നവരാത്രിപുണ്യ പ്രകാശമായി
അക്ഷരക്കൂട്ടുകളായിയെന്നുള്ളത്തിൽ നിത്യവുമെത്തി വരമേകണേ..!
ഉള്ളിൽ പ്രഭ തൂകി എന്നെ നയിക്കണേ
നേർവഴി കാട്ടാൻ കനിഞ്ഞീടണേ!
നിൻ പാദപങ്കജമെന്നും പ്രണമിച്ചു
കൈകൂപ്പി പ്രാർത്ഥിക്കുമേഴയെ നീ
കൈവിടാതെന്നെന്നും കൂടെ നടത്തണേ
കാരുണ്യവാരിധേ മൂകാംബികേ…!
ദേവീ, സരസ്വതീ, സർവ്വാർത്ഥസാധികേ
നിത്യവും ഹൃത്തിൽ വിളങ്ങീടണേ!

മാധവി ടീച്ചർ,ചാത്തനാത്ത്.

By ivayana