മഹാമേരുപോലേവളർന്നാനഭസ്സിൽ
തളിർത്തൂ ദലങ്ങൾ തുടുത്തൂ ഫലങ്ങൾ
കളിച്ചും ചിരിച്ചും മലർത്തേൻ നുകർന്നും
ഇളംചില്ലമേലങ്ങൊരുക്കീ വസന്തം

തുടുത്തോരുവാനം നിറംചാർത്തിഭൂമീ
ഇളം തെന്നലാലോലമാടിക്കളിച്ചും
നിറക്കൂട്ടുചാർത്തീട്ടൊരുങ്ങീ സുമങ്ങൾ
വിടർന്നാപ്പുലരിക്കൊരുന്മേഷമായീ…

മിഴിച്ചെപ്പിലെത്തും മണിപ്പൊൻ വെളിച്ചം
പരന്നാകെ ഭൂവിൽ പ്രകാശം പരത്തി
വിടർന്നോരു പൂവിന്റെ ചന്തം കണക്കേ
തെളിഞ്ഞെന്നുമെന്നിൽ തുടിയ്ക്കുന്ന രൂപം.

കുളിർത്തെന്നലാലോലമാട്ടും കരങ്ങൾ മലർത്തേൻ നുകർന്നിട്ടു മൂളും പതംഗം
കിളിത്തേൻ മൊഴിപ്പാട്ടിലൂറും വസന്തം
പുലർക്കാലരാവിന്നൊരാശംസയേകാൻ.

വിരൽത്തുമ്പിനുള്ളിൽ പിടയ്ക്കുന്ന നോവായ്
വരച്ചിട്ടു ഞാനെന്നുമീരൂപമുളളിൽ മരിക്കാൻ കിടക്കുന്ന നേരത്തുമെന്നിൽ
നിറഞ്ഞങ്ങു നിൽക്കേണമെന്നുള്ളിലായി.

By ivayana