രചന : താഹാ ജമാൽ ✍
സ്വർണ്ണം വാങ്ങിയതത്രയും
പണയത്തിൽ
അക്ഷയ തൃതീയയിൽ
വാങ്ങിയതാണത്രയും
ആഗ്രഹങ്ങൾ
പെരുകുന്ന വീട്ടിൽ
പണയങ്ങളും
പെരുകി
അക്ഷയപാത്രത്തിൽ
അവസാനത്തെയാൾക്കും
അന്നം വിളമ്പിയ കഥയിൽ
കാടായിരുന്നു രാജ്യം
കാലം മാറി
വാണിജ്യവും തന്ത്രങ്ങളും
മിത്തുകൾ ദൈവങ്ങളായി
മിത്രങ്ങൾ ശത്രുക്കളായി
ആരോടും അഭിപ്രായങ്ങൾ
ചോദിയ്ക്കാതായ കാലത്ത്
എന്നോടു മാത്രം
പതുക്കെ അവൾ പറയും
അക്ഷയ തൃതീയയിൽ
ഒരുതരിപ്പൊന്ന് വാങ്ങിയാലോ ?
ഒരു
ചിരിയിൽ ഒരു വിപണി
തകർത്തു കളഞ്ഞ്
ഇത്തവണ ഞാൻ പറഞ്ഞു.
തട്ടിപ്പ്
പണയമിരിക്കുന്ന
അക്ഷയ തൃതിയപ്പൊന്ന്
അക്ഷയപാത്രമാകാത്തതിനാൽ
അക്ഷമരായി നമുക്ക്
അന്യോന്യം
കലഹിക്കാം
കൊടുത്തപ്പോഴൊക്കെ
നഷ്ടം മാത്രം സമ്മാനിക്കുന്ന
പൊൻ വിപണിയിൽ
എന്നേ തോറ്റുപോയവരോടാണോ
പുതിയ ത്രീതീയങ്ങൾ
ഘോഷിക്കുന്നത്
……..
