രചന : എം പി ശ്രീകുമാർ ✍
കാവ്യമോഹന കാരുണ്യരൂപ
കാൽത്തളിർ നിത്യം കുപ്പുന്നു
ചന്തമോടെന്നും ദൈവനാമങ്ങൾ
നാവിൽ നർത്തനമാടണം
ചിന്തയിലെന്നും പൊൻതാരകങ്ങൾ
കാന്തിയോടെ തെളിയണം
ദേവദേവ തിരുമുമ്പിലൊരു
ദീപമായി വിളങ്ങേണം
ദേഹസൗഖ്യങ്ങളേകണം മനം
ഭാവസുന്ദരമാകണം
കാലമെന്നെ കവച്ചു കടക്കെ
കാലസ്വരൂപ കാക്കണം
കാതരയായി കാതങ്ങൾ പോകെ
കാരുണ്യമോടങ്ങെത്തണം
സത്ചിദാനന്ദ സർവ്വ മോഹന
സമസ്തലോക രക്ഷക
സംസാരതത്ത്വപ്പൊരുളെന്തെന്നു
ശങ്കയകറ്റിക്കാട്ടണം
കാവ്യമോഹന കാരുണ്യരൂപ
കാൽത്തളിർ നിത്യം കൂപ്പുന്നു
ചന്തമോടെന്നും ദൈവനാമങ്ങൾ
നാവിൽ നർത്തനമാടണം.
(ഓമനക്കുട്ടൻ വൃത്തം )
