അകലെയൊരു മലമുകളിൽ ശാന്തവിഹഗങ്ങൾ
അലസം ചിറകടിച്ചാർദ്രമായ് പറക്കുമ്പോൾ ,
ആരാമംപോലെ തളിർപ്പടർപ്പുവളർന്നേറും
ആശ്രമമണിമുറ്റത്തരയാലിൻ ചോട്ടിലായ്
ആവനപ്രകൃതിതൻ പച്ചിച്ച കരങ്ങളെ ,
കണ്ടു ഞാനിരിക്കുന്നു നീരവും ,നിരുദ്യോഗം .
ചെഞ്ചായം പടർത്തിയ സന്ധ്യയും മറയുന്നു
പക്ഷികൾ കൂടുതേടി വിണ്ണിലായ് പറക്കുന്നു
തെന്നിളം കാറ്റുവന്നു വള്ളിയിൽ ചാഞ്ചാടുന്നു ,
എത്രയും മനോഹരം ഈ സ്വപ്നതീരം ഭൂവിൽ.
പച്ചപ്പുല്ലണിയുന്ന ഹേ.. ഗ്രാമഭൂമീ, നിന്നെ
സ്വച്ഛമായ് കാണട്ടെ ഞാൻ പകലുമിരവിലും
നിൻ നിലാവുദിക്കുമ്പോൾ എന്നുള്ളം കുളിരുന്നു.
നിന്നിരുൾ മുടിക്കുള്ളിൽ മുല്ലകൾ വിടരുന്നൂ.
നിൻ ചാന്ദ്രസുഗന്ധത്തിൻ തേരുകൾ തെളിയുന്നു .
എത്രയുമനുപമം നിൻ ഹൃദ്യവിലാസങ്ങൾ.

അകലെ വയലിലായ് രാപ്പാടി പാടുന്നു ,
അലസമായ് നിലാവിന്റെ കൈകളും വിടരുന്നൂ.
പൊന്നാമ്പൽ പൊയ്കയിലാകാശം വരച്ചിട്ട് ,
പൊൻപൂവാം തൊഴുകൈയ്യായ് നിൽക്കുന്നു രമ്യം ഭൂമി.
ഈ വനഗന്ധം വീശും മാരുതനൊപ്പം – കാവ്യ –
രൂപമായി പ്രകൃത്യംബേ നീയ്യിന്നു നൃത്തം ചെയ്യൂ…!

വിനോദ്.വി.ദേവ്.

By ivayana