പെണ്ണവളുടെ കാമനകൾ തുറന്നു പറഞ്ഞാൽ… അവൾ വേറിട്ട പാതയിൽ യാത്രക്കിറങ്ങിയാൽ നെറ്റി ചുളിക്കുന്ന സമകാലിക പ്രബുദ്ധ സദാചാര സമൂഹമനം .
1888 ലെ ഓഗസ്റ്റ് മാസത്തിൽ ഒരു നാൾ. ജർമനിയിലെ വീസ്‌ലോക് പ്രവിശ്യാ , സ്വര്ണകതിരുകൾ വിളയുന്ന, സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന ഗോതമ്പുപാടങ്ങൾക്കരികിലൂടെ
ഒരു സ്ത്രീ രണ്ടു കുട്ടികളോടൊപ്പം ഒരു കുതിരവണ്ടിയിൽ… വണ്ടിയുടെ മുന്നിൽ കുതിരകളില്ല..!
കുതിരകളില്ലാതെ കുതിരവണ്ടിയോ..? കാണികൾക്കു ആശ്ചര്യം. ദുർമന്ത്രവാദിനികൾ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് പറക്കുന്ന ചൂലിലാണെന്ന പ്രചാരപ്രചാര ഭീതിയിൽ അവർ. ‘കർത്താവേ കാത്തോളണേ’ കുരിശുവരച്ചവർ കൂട്ട പ്രാർത്ഥന. പള്ളിയിൽ കൂട്ടമണി മുഴങ്ങി…
കവലയിൽ വണ്ടി നിന്നു.
അതിൽ നിന്ന് സ്ത്രീയും കുട്ടികളും നിരത്തിലിറങ്ങി,
അവർ ഔഷധശാലയില് നിന്ന് അലക്കാനും കറ കളയാനുമായുള്ള പെട്രോളിയം ഉത്പന്നം ലിഗ്‌റോയ്ൻ വാങ്ങി ആ വണ്ടിയിൽ ഒഴിച്ച് യാത്ര തുടർന്നു.. ലോക ചരിത്രത്തിലെ പ്രഥമ റോഡ്ട്രിപ് അത്‌. ആ ഔഷധശാല ആദ്യത്തെ പെട്രോൾ പമ്പും..
മോട്ടോർ വാഹന ഉപജ്ഞാതാവായ കാൾ ബെൻസിന്റെ പത്നി ബെർത്ത ബെൻസും അവരുടെ മക്കളും അവർ. ഭർത്തൃ നാടായ മന്ഹെയിമിൽ നിന്ന് 107 കിലോമീറ്റർ അകലെ പ്‌ഫോസൈം പട്ടണത്തിലെ അവരുടെ ജന്മഗൃഹത്തിലേക്കായിരുന്നു ആ ആദ്യ യാത്ര.
വിപ്ലവകരമായ കണ്ടുപിടുത്തത്തെ പ്രദർശിപ്പിക്കാനുള്ള ഭർത്താവിന്റെ സങ്കോചമകറ്റാൻ കൂടെയായിരുന്നു ആ യാത്ര. സദാ ഭർത്താവിന്റെ കൂടെ നിന്ന്, ആദ്യ മോട്ടോർവാഹനം കണ്ടുപിടിത്തത്തിൽ അവളും പങ്കാളിയെങ്കിലും സ്ത്രീസമത്വം അന്യമായ ആ നാളുകളിൽ അവരുടെ പങ്ക് ചരിത്രത്താളുകളിൽ രേഖയായില്ല. ലോഹ കമ്പനി നഷ്ടത്തിലായി മാനസികമായി തളർന്ന കാൾ ബെൻസിന് പണവും, പ്രേരണയും നൽകി മോട്ടോർ വാഹന നിർമ്മാണത്തിൽ താങ്ങും തണലും ഭാര്യ ബെർത്ത. എന്നിട്ടും ബെർത്തയുടെ നാമം ചർച്ചകളിൽ വരാതെ….
കാലം പുരോഗമിക്കുന്നു.. പെണ്ണ് മൂടുപടം മാറ്റി അവളുടെ കാമനകൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു.. തെളിയുന്ന സേവ് ദ ഡേറ്റ് ചിത്രങ്ങൾ. പ്രഥമ പീഡന ദുരനുഭവങ്ങൾ വർഷം കഴിഞ്ഞും വിളിച്ചു പറയാനുള്ള ആർജവം ഉണരുന്നു. നമ്മുടെ സദാചാര സമൂഹ മനസ്സുകൾ ഇപ്പോഴും ആ ഗോതമ്പുവയലിലെ സ്ത്രീ തൊഴിലാളികളെ പോലെ !!
ഇനിയെന്ന് മാറും അത്‌ !!?
മാറാതെ വയ്യല്ലോ..

By ivayana