സഹ്യനിൽ തലവച്ച് ആഴിയിൽപദമൂന്നി,
അറബിക്കടൽവരെ പൂഞ്ചോലക്കുളിരേകി,
ഹരിതാഭ തിങ്ങിയ കേരമരനിരകളാൽ,
പ്രകൃതിയുടെ സുരഭില നാടാണ് എന്റെ കേരളം.
കായൽപ്പരപ്പിലൂടൊഴുകുന്ന ജലയാനം,
ഇടനാടിനെ പുളകമണിയിക്കുമ്പോൾ,
കളകളാരവങ്ങൾ ശ്രുതി മീട്ടി പ്രവഹിക്കും
അരുവി നീർച്ചാലുകൾ നിറഞ്ഞിടും നാട് എന്റെ കേരളം.
അടവിയെ തടവിയകലുന്ന മാരുതൻ,
സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധം പരത്തുന്നു.
ദുരമൂത്ത വാണിഭരുടെ മേൽക്കോയ്മ നേരിട്ട –
വീരസ്മരണകളിരമ്പുന്ന നാട് എന്റെ കേരളം.
കഥകളി കൗതുകമുണർത്തും കലാരൂപം,
മെയ്യ് വഴക്കങ്ങളുടെ കലകളിൽ കളരിയും,
കലാകായികങ്ങളിൽ മികവുറ്റ് മുന്നേറി,
പുകൾപെറ്റ് നിൽക്കുന്ന നാട് എന്റെ കേരളം.
ധാന്യസമൃദ്ധി നശിച്ച കളപ്പുരകൾ,
നീതിധർമ്മങ്ങൾ ചരിത്രത്തിൽ മാത്രമായ്.
ഇന്നിന്റെ തിന്മകളെ ഉന്മൂലനം ചെയ്യണം,
നാളെയിൽ നന്മയുടെ വിളനിലമാകണം
എന്റെ കേരളം.

– ഉണ്ണികൃഷ്ണൻ, ബാലരാമപുരം –

By ivayana