രചന : സുജിമോൾ മാരാരി ✍️
“എന്നെ സ്നേഹിച്ചവരേക്കാൾ…
എന്നെ പഠിപ്പിച്ചത് എന്നെ വേദനിപ്പിച്ചവരാണ്…”
ചിലർ പറയുന്നു…
“ജീവിതം മുന്നോട്ടു പോകണമെങ്കിൽ എല്ലാം മറക്കണം…”
എനിക്ക് അങ്ങനെ ചിരിക്കാനാവില്ല.
കാരണം ഞാൻ മറവി എന്ന വരം കിട്ടിയ സ്ത്രീയല്ല…
ഓർമ്മകളെ നെഞ്ചോട് ചേർത്ത് ജീവിക്കാൻ വിധിക്കപ്പെട്ട ഒരു സാധാരണ പെണ്ണാണ്.
എന്റെ ഹൃദയം ഒരിക്കൽ ഒരാളെ വീട് പോലെ വിശ്വസിച്ചിരുന്നു…
ആ വിശ്വാസത്തിന്റെ വാതിലുകൾ തുറന്നുകിടന്നിരുന്നു…
പക്ഷേ ചില മനുഷ്യർ അകത്തേക്ക് കയറിയത് സ്നേഹിക്കാനല്ല…
എന്റെ നിശ്ശബ്ദതയെ തകർക്കാനായിരുന്നു.
അന്ന് ഞാൻ കരഞ്ഞത് അവരെ നഷ്ടപ്പെട്ടതുകൊണ്ടല്ല…
എന്നിൽ ഞാൻ വിശ്വസിച്ചിരുന്ന പെൺകുട്ടിയെ നഷ്ടപ്പെട്ടതുകൊണ്ടാണ്.
ഒരു സ്ത്രീയുടെ ഹൃദയം കണ്ണാടിപോലെയാണ്…
പൊട്ടിയാൽ വീണ്ടും ഒട്ടിക്കാം…
പക്ഷേ ആ വിള്ളലുകൾ ഓരോ തവണയും വെളിച്ചം വീഴുമ്പോൾ തെളിഞ്ഞുകാണും.
ഇന്നും ഞാൻ സ്നേഹത്തെ വെറുക്കുന്നില്ല…
പക്ഷേ സ്നേഹമെന്ന പേരിൽ അടുത്തുവരുന്ന ഓരോ നിഴലിനെയും ഞാൻ അല്പം അകലെയിരുന്ന് നോക്കാറുണ്ട്.
അത് അഹങ്കാരമല്ല…
ജീവിതം എന്നെ പഠിപ്പിച്ച സൂക്ഷ്മതയാണ്.
എന്റെ മൗനത്തിന് പിന്നിൽ പ്രതികാരമില്ല…
ഒരുപാട് ക്ഷീണിച്ചുപോയ ഒരു മനസ്സിന്റെ വിശ്രമം മാത്രമേയുള്ളൂ.
ഞാൻ ക്ഷമിച്ചിട്ടുണ്ട്…
പക്ഷേ ഒരിക്കൽ ചിതറിയ വിശ്വാസം അതേ രൂപത്തിൽ വീണ്ടും ജനിക്കില്ല.
കാരണം ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് കൂടെയിരിക്കാനല്ല…
നമ്മൾ ആരെ എത്രമാത്രം ഹൃദയത്തിൽ കയറ്റിവെക്കണമെന്ന് പഠിപ്പിക്കാനാണ്.
ഇപ്പോൾ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല…
എന്നെ വിട്ടുപോയവരെയും…
എന്നെ വേദനിപ്പിച്ചവരെയും…
അവർ ഓരോരുത്തരും എന്റെ ജീവിതപുസ്തകത്തിലെ അധ്യായങ്ങളാണ്.
പക്ഷേ…
അതേ പേജ് വീണ്ടും തുറന്ന് വായിക്കാനുള്ള ധൈര്യം ഇനി എനിക്കില്ല.
ഒരു സ്ത്രീ ഒരിക്കൽ നിശ്ശബ്ദയാകുമ്പോൾ…
അവൾ തോറ്റതുകൊണ്ടല്ല…
ഒരുപാട് കരഞ്ഞ്…
സ്വന്തം കണ്ണീരിന്റെ ഭാഷ പോലും അന്യമായിപ്പോയതുകൊണ്ടാണ്…
