ഓടൊരു കഥ പറയും
കൊണ്ട മഞ്ഞിൻ്റെയും
മഴയുടേയും
വെയിലിൻ്റേയും…
നിലാവ് കൊണ്ട കഥ മാത്രം
മൂടിവെക്കും!
ജനൽ ഒരു കഥ പറയും
വലിച്ചടക്കപ്പെട്ട കുടിപ്പകകളുടേയും
ഇടുപ്പിൽ ചതഞ്ഞരഞ്ഞ് ചത്ത
പല്ലികളുടേയും
തുറന്നു കിട്ടിയ
സ്വാതന്ത്ര്യത്തിൻ്റെ കഥ മാത്രം
മൂടിവെക്കും!
തൂണൊരു കഥ പറയും
മേൽക്കൂര ചായാതെ താങ്ങുന്ന
പ്രാരാബ്ധത്തിൻ്റെയും
പലർക്കും തണ്ടെല്ല് ചായ്ക്കാൻ
ഒരിടമാവുന്ന
കാതലുള്ള ഹൃദയത്തിൻ്റേയും
ഇഴചേർന്ന കുടുംബത്തിൻ്റെ
സ്നേഹസ്മരണകളുടെ കഥ മാത്രം
മൂടിവെക്കും!
ഉമ്മറ വാതിൽ ഒരു കഥ പറയും
കണ്ണട വെച്ച്
പാൻ്റിനുള്ളിൽ
കുപ്പായവും തിരുകി
കൈകളിൽ ഫയലുമായി വരുന്ന
ബാങ്ക് ഉദ്യോഗസ്ഥരുടെ
തെക്കിനിയിൽ എരിഞ്ഞു പുകയുന്ന
ചന്ദനത്തിരിയുടെയും
ജഗന്നാഥൻ മുണ്ടാൽ
പുതപ്പിച്ചു കിടത്തിയ
അഞ്ചാറായുസ്സിൻ്റെ കടം പേറിയ
സ്നേഹസുഗന്ധത്തിൻ്റെയും
കഥ മാത്രം മറന്നു പോവും
അരിത്തിണ്ണയിൽ
ഒട്ടിപ്പിടിച്ച പായലിനും
മുറ്റത്ത് തെഴുത്ത പുല്ലിനും
ആകാശം മുട്ടി നിൽക്കുന്ന
ചെമ്പഴുക്കാത്തോട്ടത്തിനും
ഓരോരോ കഥകൾ പറയാനുണ്ടാവും
കുറ്റിച്ചൂലാൽ
മുത്തശ്ശി
തൂത്തുവേദനിപ്പിച്ചതിൻ്റെയും
പിഴുതെറിഞ്ഞ
ഭൂമിബന്ധങ്ങളുടേയും
മാഹാളി പിടിച്ച
കൂരsയ്ക്കാക്കനവുകളുടേയും…..
സന്ധ്യക്കെന്നും
ഒരു വയനാടൻ വെയിൽ വന്ന്
ഇരുളിൻ്റെ ആഴത്തിൽ
ചുവന്ന മഷി
കുടഞ്ഞിട്ടു പോവും
” വീതിച്ചു കഴിക്കുമ്പോൾ സുന്ദരം
വീതിച്ചു കൊടുക്കുമ്പോൾ നൊമ്പരം “

രാജേഷ് കോടനാട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *