രചന : കവിത രാമൻ ✍️
മുടിയനായ പുത്രനെ പോലെ വിഷയങ്ങളിൽ സ്വയം ധൂർത്തടിച്ച് പരവശനായി തീരും.
ഇനിയും ഏറിയാൽ
ഏതെങ്കിലും ചിന്താപദ്ധതികളിൽ ആസക്തനായി അതിനെ പേർത്തും പേർത്തും പറഞ്ഞു കൊണ്ടേയിരിക്കും. ആ ചിന്തകൾക്ക് താനുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുകയുമില്ല.
പരതത്ത്വങ്ങളുടെ ആജന്മ തടവറയിൽ കയറിക്കൂടി എന്തെക്കെയോ ഹന്ത ! കഥിച്ചുകൊണ്ടിരിക്കും.
ഒടുവിൽ അണിയറയിൽ പോയി പുതിയ ഉടുപുടവയുമായി വന്ന് ഈ പാഴ്‌വേല തുടരും.
ഇങ്ങനെയൊന്നും പറഞ്ഞു കൊണ്ടിരുന്നാൽ അറിവ് വരികയില്ല എന്നാണ് കണ്ടാൽ ഒരു “നാട്ടുമൂപ്പീന്ന് ” എന്നു തോന്നുന്ന നാരായണ ഗുരുദേവൻ പറഞ്ഞിട്ടുള്ളത്.
” കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ!”
പിന്നെങ്ങനെ അറിവ് ഉണ്ടാകും എന്ന് ഗുരുപാദർ പറയും
” പരമപദം പരിചിന്ത ചെയ്തിടേണം”
ആത്മവിചാരത്തെ ചെയ്യണം.
ആത്മവിചാരം എന്തു കൊണ്ട് ആവശ്യമായി വരുന്നു ?
നാം ശരീരമാണെന്ന തദാത്മ്യവും അതിനെ ചുറ്റിപ്പറ്റിയുള്ള വിഷയപ്രപഞ്ചവും “നാം ശരീരമല്ല; അറിവാകുന്നു. ” എന്ന സത്യത്തിന് പ്രതിബന്ധം ഉണ്ടാക്കുന്നതു കൊണ്ട്.
വിഷയം പ്രതി നമുക്ക് ബന്ധം അഥവാ ഞാൻ ശരീരമാണ് എന്ന അജ്ഞാനം ഏറി വരും.
നടവഴിയിൽ വെച്ച് ഒരാൾ ഒന്നു ചിരിച്ചാൽ,
ഒരാൾ ശൂ….. ശൂന്ന് ഒന്നു വിളിച്ചാൽ,
ഒരുവരുടെ പെർഫ്യൂമിൻ്റെ ഗന്ധം വഹിച്ചു വരുന്ന കാറ്റൊന്നു സ്പർശിച്ചാൽ,
ഒരു ചട്ടിപത്തിരിയുടെ മണമൊന്നു ശ്വസിച്ചാൽ
എന്നു വേണ്ട ഏതൊരു വിഷയവും
ഇനി വിഷയമില്ലെങ്കിൽ വിഷയത്തെക്കുറിച്ചുള്ള ആലോചനയുമെല്ലാം നമ്മെ ബന്ധിക്കും.
ചെറിയൊരു നാറ്റത്തിലോ
സ്പർശത്തിലോ നോക്കിലോ തുടങ്ങിയ ഇടപാടുകൾ ഒന്നു വ്യക്തമായി വരുമ്പോഴേയ്ക്കും വായിലെ പല്ലും , മുടിയും നഖവും ഒക്കെ കൊഴിഞ്ഞിട്ടും ഉണ്ടാവും; പിന്നെ പരമപദം പരിചിന്ത ചെയ്യാനൊന്നും സാവകാശം കിട്ടില്ല .
ഇത്രയും വളച്ചു കെട്ടെന്നും ഇല്ലാതെ മലയാളത്തിൻ്റെ നമ്പർ വൺ കവിയും അദ്വൈതിയുമായ ഗുരുദേവൻ പറഞ്ഞിരിക്കുന്നത് നോക്കുക.
” പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ ;
അതി വിശദസ്മൃതിയാലതീത വിദ്യാ-
നിധി തെളിയുന്നിതിനില്ല നീതി ഹാനി. “
- ആദ്യ വരി രണ്ടു തരത്തിൽ ആണ് പ്രവർത്തിക്കുന്നത്: –
a) വിഷയം പ്രതി ബന്ധം അജ്ഞാനം ഏറും; വർദ്ധിക്കും.
b) വിഷയം പ്രതിബന്ധം അഥവാ തടസ്സമായി തീരുമ്പോൾ അറിവിന് അഥവാ സ്വരൂപത്തെ അറിയാൻ കഴിയില്ല. ഇരുട്ടിൻ്റെ മറ കൂടി വരും.
ഓരോ വിഷയാധിഷ്ഠിതമായ അറിവിലും നാം നമ്മെ ഹിംസിക്കുന്നു.
വിഷയപരിചയം എത്രയുണ്ടോ അത്രയും സ്വരൂപത്തിൽ നിന്നും നാം അകലെ ആവുന്നു.
ഈ തൊന്തരവ് അവസാനിപ്പിക്കുവാൻ ഒരു വഴി തീർത്ഥപാദർ നിർദ്ദേശിച്ചിരിക്കുന്നു.
വിഷയങ്ങൾ പ്രതി ഉണ്ടു നാറി നടക്കാതെ “നിജസ്‌മൃതി ” ചെയ്യൂ.
എപ്പോഴും വെളിപ്പെട്ടു പ്രകാശിച്ചു കൊണ്ടിരിക്കുന്ന അതീതവിദ്യനിധിയായ ആത്മാവിനെ വിഷയങ്ങൾ പ്രതിബന്ധമാക്കാതിരിക്കുക.
നിജസ്‌മൃതി എന്നാൽ “ഞാൻ ആര് ?” എന്ന അന്വേഷണം.
അത് ഇടയ്‌ക്കും മുട്ടിനും മതിയോ ?
പോരാ.
തെരുതെരെ , എപ്പോഴും വേണം.
വിഷയത്തിലേയ്ക്ക് കുതി കൊള്ളുന്ന “ഞാൻ ആര്?” എന്ന് അകമുഖമായ് ഓർത്തു നോക്കിയാൽ മായമാറും.
അത് “അതിവിശദസ്മൃതി” യിൽ ആണ് അവസാനിക്കേണ്ടത്. അതായത് വിഷയത്തിൽ തുടങ്ങി അതിൻ്റെ സ്രോതസ്സായ ഞാൻ- ചിന്ത എന്ന സ്മൃതിയിലേയ്ക്ക് അതിനും സ്രോതസ്സായിരുക്കുന്ന അഹം സ്ഫൂർത്തിയിലേയ്ക്കും. ഇതാണ് അതവിശദസ്മൃതി അഥവാ ആത്മ വിചാരം.
അതിവിശദസ്മൃതി കൊണ്ട് അതീതവിദ്യാനിധി എന്ന് തെളിയും; ഇക്കാര്യത്തിൽ മാത്രം എല്ലാവർക്കും ഒറ്റ നീതിയാണ്. ഇവിടെ നീതിയ്ക്ക് ഒരു ഹാനിയും; വീഴ്ചയും ഇല്ല.
ഇവിടെ ആത്മവിചാരം കൊണ്ട് അതീതവിദ്യനിധി തെളിയും എന്നാണ് ഗുരുസ്വാമികൾ പറഞ്ഞിരിക്കുന്നത്.
അതായത് വിഷയങ്ങളാവുന്ന പ്രതിബിംബങ്ങളെ സ്വരൂപ സ്മൃതി കൊണ്ട് നിരാകരിച്ചാൽ കർട്ടൻ മാറുകയാൽ സ്വരൂപം തെളിഞ്ഞ് പ്രകാശിക്കും.
അരണ്ട വെളിച്ചം പിന്നെ ഇല്ല; അതുവഴി പ്രകാശിക്കുന്ന വിഷയപ്രപഞ്ചവും ഇല്ല.
നല്ല തെളിച്ചം!
വെളിച്ചത്തിനെന്തു വെളിച്ചം!
ഗുരു ഇവിടെ ആത്മ വിചാരമാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ നേതി നേതി സമ്പ്രദായമല്ല എന്ന് ശ്രദ്ധിച്ചു മനസ്സിലാക്കിയാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകും. ആത്മവിദ്യ അതി സുലഭം ആകും.
ചുരുക്കത്തിൽ രമണരും നാരായണരും ഒന്നു തന്നെ.
ഈ വിഷയപ്രതിബന്ധത്തെ ഉണ്ടാക്കുന്നതും മുൻപഴകിയ വാസന തന്നെ.
ഒരു ജലാശയത്തിലേയ്ക്ക് അളവില്ലാതെ ചൊരിഞ്ഞ മണൽ അണിയണിയായ അലകളെ ഉണ്ടാക്കുന്ന പോലെ അനൃതങ്ങളാവുന്ന വിഷയങ്ങൾ അന്തരാത്മാവിനെ “അകമേ ” ബഹുരൂപം ആക്കുന്നു എന്നു പറഞ്ഞ ഈ തപോനിധിയെ ആണല്ലോ സാമൂഹ്യ പരിഷ്‌ക്കർത്താവ് എന്നു മുദ്രകുത്തിയത് !
ആശ്ചര്യം!!!
