വർഷങ്ങൾക്കു മുൻപ്, ഒരു ഞായറാഴ്ച വൈകുന്നേരം കൊല്ലം സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട തിരുവനന്തപുരം ബസ്സിൽ ഇരിക്കുകയായിരുന്നു പ്രശസ്തകവി തിരുനല്ലൂർ കരുണാകരൻ.
‘ഇപ്പോഴും ആഴ്ച തോറും വീട്ടിൽ പോയി വരാറാണോ പതിവ്?’

ആ സൗമ്യമായ ചോദ്യം കേട്ട കവി, തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടിപ്പോയി. ശബ്ദത്തിന്റെ ഉടമ കേരളത്തിന്റെ മുൻമുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ ആയിരുന്നു. ബസ്സ് തിരുവനന്തപുരത്ത് എത്തിയപ്പോൾ പെരുമഴയും ഇരുട്ടും. പാളയത്ത് ബസ് നിർത്തിയപ്പോൾ അദ്ദേഹം എഴുന്നേറ്റ് മുണ്ട് മടക്കി ഉടുത്തു. തൂവാല തലയിൽ നിവർത്തിയിട്ടശേഷം പുസ്തകങ്ങൾ അടക്കിപ്പിടിച്ചു കൊണ്ട് മഴയിലേക്ക് ഇറങ്ങി. തിരുനല്ലൂർ പിറകെയും. ടാക്സി വിളിക്കട്ടെ എന്ന ചോദ്യത്തിന് നിഷേധമായിരുന്നു മറുപടി. എന്നാൽ ഈ കുട എടുത്തോളൂ എന്ന തിരുനല്ലൂരിന്റെ അപേക്ഷക്കും ഇല്ല എന്ന് തന്നെ ഉത്തരം. ഇടപഴഞ്ഞിയിലെ വാടകവീട്ടിൽ എത്താൻ മൂന്ന് കിലോമീറ്ററിൽ അധികം നടക്കണം. മുനിഞ്ഞു കത്തുന്ന തെരുവുവിളക്കുകളുടെ നേർത്ത വെട്ടത്തിൽ, മഴയും നനഞ്ഞുകൊണ്ട് പുസ്തകവും ഏന്തി, ഏകനായി പതിയെ നടന്നു പോകുന്ന ആ മനുഷ്യനെ തിരുനല്ലൂർ നിർന്നിമേഷനായി നോക്കി നിന്നു.

അദ്ദേഹം എല്ലാ കാലത്തും അങ്ങനെ ആയിരുന്നു. സ്വന്തം പ്രകാശത്തിന്റെ ചെറുവെളിച്ചത്തിൽ മാത്രം മുന്നോട്ട് പോയ ഒരാൾ. കേരളം കണ്ട മുഖ്യമന്ത്രിമാരിലെ ഏകാന്തസഞ്ചാരി. നെഹ്രുവിയൻ ആധുനികതയും, ഗാന്ധിയൻ ധാർമികതയും, മനോഹരമായി ലയിപ്പിച്ചുകൊണ്ടു ആധുനിക കേരളത്തിന്റെ ഭാവിയെ നിർവചിക്കുകയും നിർണ്ണയിക്കുകയും ചെയ്ത ജനകീയരായ കമ്മ്യൂണിസ്റ്റുകാരിൽ ഒരാൾ. ഇന്ന് കേരളം അനുഭവിക്കുന്ന പല അനന്യതകളുടെയും തുടക്കം അച്യുതമേനോൻ മുഖ്യമന്ത്രി ആയ നീണ്ട കാലഘട്ടമായിരുന്നു. ഐക്യകേരളത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചതും, ഭൂപരിഷ്കരണം യാഥാർഥ്യമാക്കിയതും അദ്ദേഹമായിരുന്നു.
എല്ലാ അർത്ഥത്തിലും നവോത്ഥാന കേരളത്തിന്റെ ഭാവിയിലേക്കുള്ള ഒരു തുടക്കം ആയിരുന്നു ആ കാലം. കേരളത്തിന്റെ വികസനഭൂമികയെ, അതിന്റെ മാനവിക- പങ്കാളിത്ത-സ്ഥിതിസമത്വ സ്വഭാവത്തെ, ഒരു വിശാല പുരോഗമന സാമൂഹ്യ പരിസരത്തെ ഒക്കെ നിർവചിക്കുകയും, കെട്ടിപ്പടുക്കുകയും, രൂപപ്പെടുത്തുകയും ചെയ്യുന്നതിൽ ഏറ്റവും പ്രധാനപങ്ക് വഹിച്ചത് അച്യുതമേനോൻ മുഖ്യമന്ത്രി ആയ കോൺഗ്രസ്സ്-സിപിഐ ഭരണകാലമാണ്. മുന്നണി രാഷ്ട്രീയമര്യാദകളുടെയും, പാർലിമെന്ററി ധാർമികതയുടെയും ഒക്കെ നല്ല മാതൃകകൾ അദ്ദേഹം ഉണ്ടാക്കി. ദേശിയ വികസന കൗൺസിലിലെ അച്യുതമേനോന്റെ പ്രസംഗങ്ങൾ സമാനതകൾ ഇല്ലാത്തതായിരുന്നു.

അദ്ദേഹം തുടങ്ങി വച്ച സ്ഥാപനങ്ങൾ ആണ് പിന്നീടുള്ള കേരള ചരിത്രത്തിലും വികസനത്തിലും നാഴികകല്ലുകൾ ആയത്.എല്ലാ പഞ്ചായത്തുകളിലും പ്രൈമറി ഹെൽത്ത് സെന്ററുകൾ തുടങ്ങിയതും ആ സർക്കാർ ആയിരുന്നു. ശ്രീചിത്ര മുതൽ സിഡിഎസ് വരെയുള്ള സ്ഥാപനങ്ങൾ, കർഷകത്തൊഴിലാളി നിയമം മുതൽ സ്വകാര്യവനങ്ങളുടെ ദേശസാല്‍ക്കരണം വരെ, ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനയം….അച്യുതമേനോന്റെ കയ്യൊപ്പ് ആഴത്തിൽ പതിഞ്ഞത് വെറും കടലാസിൽ ആയിരുന്നില്ല; മറിച്ച് ആധുനികകേരളത്തിന്റെ ഹൃദയത്തിലായിരുന്നു.
എൻ. ഇ. ബാലറാം, കെ. കരുണാകരൻ, സി. എച്ച്. മുഹമ്മദ് കോയ, എം. എൻ. ഗോവിന്ദൻ നായർ, ടി. വി. തോമസ്, വക്കം പുരുഷോത്തമൻ, വെള്ള ഈച്ചരൻ,കെ. ജി അടിയോടി തുടങ്ങിയ അതിപ്രഗത്ഭരായ മന്ത്രിമാർ അദ്ദേഹത്തിന്റെ കൂടെ നിന്നുകൊണ്ട് മികവുറ്റ കർമ്മപദ്ധതികൾ നടപ്പിലാക്കി. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെ മാത്രം കാര്യങ്ങളെ കാണാതെ വിശാലമായ ഒരു നയസമീപനം എടുക്കാൻ അദ്ദേഹം എപ്പൊഴും ശ്രദ്ധിച്ചിരുന്നു. ശ്രീചിത്രയുടെ വികസനത്തിന് വേണ്ടി ദേശിയ വികസന കൗൺസിലിൽ നിരന്തരം ആവശ്യപ്പെട്ടതും പി. എൻ. ഹക്സറിന്റെ സഹായത്തോടെ സഹായം ലഭിച്ചതും ഒക്കെ ഈയിടെ നിര്യാതനായ ഡോ. എം. എസ്.വല്യത്താൻ പലയിടത്തും എഴുതിയിട്ടുണ്ട്.

ഭക്ഷ്യധാന്യങ്ങളുടെ കുറവുമൂലം ഉള്ള പ്രതിസന്ധി പരിഹരിക്കാൻ 1973ൽ അന്നത്തെ കേന്ദ്രമന്ത്രി ഫക്രുദ്ദീൻ അലി അഹമ്മദിനെ(പിന്നീട് രാഷ്‌ട്രപതി ആയി) നേരിട്ടു കണ്ട അച്യുതമേനോനോട് അരി അനുവദിക്കാൻ പറ്റില്ലെന്നും പകരം നിർബന്ധിത നെല്ല് സംഭരണത്തിന്റെ വേഗം കൂട്ടുകയുമാണ് വേണ്ടത് എന്ന് പറഞ്ഞ മന്ത്രിയോട് അദ്ദേഹം ക്ഷോഭത്തോടെ പ്രതികരിച്ച കഥ അന്ന് കൂടെയുണ്ടായിരുന്ന സി പി നായർ ഐഎ എസ് എഴുതിയിട്ടുണ്ട്(സി. അച്യുതമേനോൻ സ്മൃതിചിത്രങ്ങൾ, പ്രൊ. വിശ്വമംഗലം സുന്ദരേശൻ). ‘ഒരു മണി നെല്ലു ഇനി ശേഖരിക്കാൻ പറ്റില്ല, അതല്ല ചൈനയിലെ പോലെ നിർബന്ധിതമായി നെല്ല് കണ്ടുകെട്ടാൻ ആണോ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്’ എന്ന് വ്രണിതസിംഹത്തെപ്പോലെ മേനോൻ ഗർജ്ജിച്ചുവത്രേ. ഇറങ്ങി നടന്ന അച്യുതമേനോന്റെ പിന്നാലെ പരിഭ്രാന്തനായ ഫക്രുദ്ദീൻ അലി അഹമ്മദ് ഓടി വന്നു. ആവശ്യം ഉടൻ അംഗീകരിക്കപ്പെട്ടു. അത്രമേൽ ആദരണീയനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി ദില്ലിയിൽ!

മദ്രാസ് സർവ്വകലാശാലയിൽ നിന്ന് മാത്തമാറ്റിക്സിൽ ഒന്നാം റാങ്കോടെ ഓണേഴ്‌സ് ബിരുദവും നിയമ ബിരുദവും നേടിയതിനു ശേഷം ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രതിഭാശാലിയായ അഭിഭാഷകൻ എന്ന് അറിയപ്പെട്ടശേഷം ആണ് അദ്ദേഹം ദേശിയപ്രസ്ഥാനത്തിലേക്കും കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലേക്കും എത്തിയത്. ഒരു മികച്ച ‘പ്രക്ഷോഭകാരിക്ക്’ ഒരേസമയം മികച്ച സംഘാടകനും, അതുല്യനായ ഭരണാധികാരിയും ആകാൻ കഴിയില്ലെന്ന ‘പോപ്പുലർമിത്തിന്റെ’ നേർവിപരീതം ആയിരുന്നു ചേലാട്ട് അച്യുതമേനോൻ.
പക്ഷേ, എന്നിട്ടും പലപ്പോഴും അച്യുതമേനോന്റെ സംഭാവനകൾ വിസ്മരിക്കപ്പെട്ടു. അദ്ദേഹത്തിന് ഉചിതമായ സ്മാരകം പോലും ഉണ്ടായില്ല. രണ്ടുവർഷംമുൻപാണ് തലസ്ഥാനനഗരിയിൽ അച്യുതമേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ സമഗ്രമായ രാഷ്ട്രീയജീവചരിത്രം പോലും ഇപ്പോഴും നമുക്ക് ഇല്ല.

അറുപത്തിനാലാമത്തെ വയസ്സിൽ അധികാരരാഷ്ട്രീയം ഉപേക്ഷിക്കാൻ കാണിച്ച ആ അപൂർവമായ നിർമമത കൂടി ഓർത്തത് കൊണ്ടാവണം, വിശ്വാസത്തിൽ മാർക്സിസ്റ്റും ജീവിതത്തിൽ ഗാന്ധിയനുമായിരുന്നു അച്യുതമേനോൻ എന്ന് സുകുമാർ അഴിക്കോട് അഭിപ്രായപ്പെട്ടത്. അതോടൊപ്പം നെഹ്രുവിയൻ ആധുനികത അതേപടി ഉൾക്കൊള്ളുകയും നടപ്പിലാക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്ത സ്വതന്ത്രഇന്ത്യയിലെ അപൂർവം മുഖ്യമന്ത്രിമാരിൽ ഒരാൾ ആയി അച്യുതമേനോനെ അടയാളപ്പെടുത്തേണ്ടതുണ്ട്.
സാമൂഹിക ഉള്ളടക്കമുള്ള ജനാധിപത്യരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ ഒരിക്കലും മറക്കാൻ പാടില്ലാത്ത പേരാണ് സി. അച്യുതമേനോൻ. ഇന്ന് അദ്ദേഹത്തിന്റെ ഓർമ ദിനമാണ്. ആ ദീപ്തസ്മരണകൾക്ക് മുന്നിൽ പ്രണാമം 🙏

By ivayana

Leave a Reply

Your email address will not be published. Required fields are marked *