രചന : ദിവാകരൻ പി കെ. ✍️
പല ദമ്പതിമാർക്കിടയിലും ഇന്ന് ആരാണ് മികച്ച അഭിനയം കാഴ്ചവെക്കുന്നത് എന്ന മത്സരം നടക്കുന്നതെന്ന് തോന്നാറുണ്ട്, പൊള്ളയായ സ്നേഹപ്രകടനം കാണുമ്പോൾ…
സോഷ്യൽ മീഡിയയിലെ ചിരിക്കുന്ന ചിത്രങ്ങൾക്കും കുടുംബസദസ്സുകളിലെ ‘മാതൃകാ ദമ്പതി’ പ്രകടനങ്ങൾക്കും പിന്നിൽ പലപ്പോഴും പുകയുന്ന മനസ്സുകളും പറയാത്ത സങ്കടങ്ങളുമാണ് കാണാൻ സാധിക്കുന്നത്. പവിത്രതയുടെയും ആത്മബന്ധത്തിന്റെയും അടയാളമായി കഴുത്തിലണിയുന്ന താലി, പലർക്കും പരസ്പരം മനസ്സിലാക്കിയുള്ള ജീവിതത്തിന്റേതല്ല; മറിച്ച്, സമൂഹത്തിന് മുന്നിൽ ജീവിച്ചു തീർക്കേണ്ട ഒരു കടമയുടെ ഭാരമായി മാത്രം മാറുന്നു.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ദമ്പതികൾക്കിടയിലുള്ള പഴയകാല സങ്കൽപ്പങ്ങൾക്ക് വലിയ മാറ്റം വന്നിരിക്കുന്നു. ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു ‘പ്രൈവറ്റ് സെക്രട്ടറി’യല്ല ഇന്ന് ഭാര്യ. ഭർത്താവിനെ പേടിച്ചും വിധേയപ്പെട്ടും കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിന്റെ വാതിലുകൾ എന്നേ അടഞ്ഞുകഴിഞ്ഞു.
ഇന്ന് സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാണ്. സ്വന്തമായി ജോലിയും വരുമാനവുമുള്ള സ്ത്രീകൾക്ക് ഭർത്താവിന്റെ മുന്നിൽ ആത്മാഭിമാനം പണയം വെച്ച്, യാചനയോടെ ഓച്ഛാനിച്ച് നിൽക്കേണ്ട ഗതികേടില്ല. വൻകിട ജോലി ഉള്ളവർ മാത്രമല്ല, തൊഴിലുറപ്പ് പണിക്ക് പോകുന്ന സ്ത്രീകൾ പോലും ഇന്ന് സാമ്പത്തികമായി സ്വയംപര്യാപ്തതയുടെയും ആത്മാഭിമാനത്തിന്റെയും തണൽ കണ്ടെത്തുന്നുണ്ട്.
മറുവശത്ത്, സ്ത്രീ സമത്വവും അവകാശങ്ങളും മുൻനിർത്തി സമൂഹം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. കുടുംബത്തിന്റെ നാഥയായി റേഷൻ കാർഡിൽ ഭാര്യയുടെ പേര് വരുന്നു, പൊതുഗതാഗതത്തിൽ സീറ്റ് സംവരണവും കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്രയും ഒരുക്കി നൽകുന്നു, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഭരണം കൈയ്യാളാൻ പകുതിയോളം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. ഇതു കൂടാതെ, ഗൃഹനാഥകൾക്കായി പ്രത്യേക പെൻഷൻ പദ്ധതികൾ വരെ നടപ്പിലാക്കുന്ന ഒരു സാമൂഹിക പശ്ചാത്തലമുണ്ട്.
ഇത്രയേറെ ആനുകൂല്യങ്ങളും മുൻഗണനകളും നിയമപരമായി നിർമ്മിച്ചെടുത്തിട്ടും, സ്ത്രീകൾ ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്നും അവർക്കായി ഇനിയും ഉന്നമനം വേണമെന്നും വാദിക്കുന്ന സ്ത്രീപക്ഷ പ്രവർത്തകർ ഒരു വശത്ത് ഉറച്ചുനിൽക്കുന്നു. ആനുകൂല്യങ്ങൾ നൽകുമ്പോഴും ദൈനംദിന ജീവിതത്തിലെ വ്യക്തിബന്ധങ്ങളിലും കുടുംബ ചുറ്റുപാടുകളിലും മാറ്റം വരാത്തതാണ് ഈ വൈരുധ്യത്തിന് കാരണം.
താലിയുടെ ചരിത്രപരമായ പരിണാമങ്ങളെക്കുറിച്ച് ഇവിടെ വിശദീകരിക്കാൻ തത്കാലം ഞാൻ മുതിരുന്നില്ല. കാരണം, കൊച്ചുകുട്ടികൾ വരെ ഇന്ന് അറിവുകൾ ചികയാൻ ഗൂഗിളിനെ ആശ്രയിക്കുന്ന കാലമാണല്ലോ!
എന്നാൽ ഒന്നോർക്കുക, താലി ഒരു പവിത്ര ബന്ധമാണോ അതോ ബന്ധനമാണോ എന്നത് കഴുത്തിലണിയുന്ന ആ കഷ്ണം സ്വർണ്ണമല്ല തീരുമാനിക്കുന്നത്; മറിച്ച് അത് ധരിക്കുന്ന രണ്ടു വ്യക്തികളുടെ മനസ്സുകളാണ്.
അധികാരപ്രയോഗത്തിനും അടിച്ചമർത്തലിനുമുള്ള ചരടാകുമ്പോൾ താലി ഒരു തടവറയാകുന്നു. എന്നാൽ, കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട്, പരസ്പരം തുല്യരായി കണ്ട്, ബഹുമാനത്തോടെ ഒപ്പം നടക്കുമ്പോൾ താലി ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധത്തിന്റെ അടയാളവുമാകുന്നു!

