​ഒരു വ്യക്തിയുടെ സംസ്കാരവും വ്യക്തിത്വവും വെളിപ്പെടുന്നത് അയാളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്.
“വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കരുത്”
എന്നത് കേവലം ഒരു ആപ്തവാക്യമല്ല, മറിച്ച് മാനവികതയുടെ അടിസ്ഥാന പ്രമാണമാണ്. നാം ജീവിക്കുന്ന സമൂഹത്തിൽ സമാധാനവും സന്തോഷവും നിലനിർത്താൻ ചില മര്യാദകൾ അനിവാര്യമായിരിക്കെ, നിർഭാഗ്യവശാൽ അഹങ്കാരത്തിന്റെയും അഹന്തയുടെയും സ്വരങ്ങൾ പലപ്പോഴും ആ മര്യാദകളെ കാറ്റിൽപ്പറത്താറുണ്ട്.
​മറ്റുള്ളവരെ അളക്കാനെടുക്കുന്ന അളവുകോൽ വികലമായ മനസ്സോടെയാവുമ്പോൾ, തുറന്നുകാട്ടപ്പെടുന്നത് സ്വന്തം സ്വഭാവം തന്നെയാണ്. ഒരെഴുത്തുകാരനെ “മാഷേ” എന്ന് സംബോധന ചെയ്യുന്നത് അദ്ധ്യാപകൻ എന്ന അർത്ഥത്തിലല്ല, മറിച്ച് അയാൾക്ക് നൽകുന്ന ആദരവിന്റെ സൂചകമായാണ്. എന്നാൽ ഇത്തരം ബഹുമാനപൂർവ്വമായ രീതികളെപ്പോലും പരിഹസിച്ച് തള്ളുന്നവരെ നേരിട്ട് കണ്ട അനുഭവങ്ങൾ എനിക്കുമുണ്ട്.

മര്യാദ എന്നത് കേവലം യാന്ത്രികമായ പെരുമാറ്റമല്ല; അത് മറ്റുള്ളവരോടുള്ള ആദരവിന്റെയും സഹാനുഭൂതിയുടെയും
തെളിവാണ്. ജീവിതത്തിൽ പാലിക്കേണ്ട ചില മിനിമം മര്യാദകൾ പാലിച്ചില്ലെങ്കിൽ, മറ്റുള്ളവരുടെ മുന്നിൽ നാം സ്വയം പരിഹാസ്യരാകും. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കോ വ്യക്തിപരമായ കാര്യങ്ങളിലേക്കോ ആവശ്യമില്ലാതെ ഇടപെടാതിരിക്കുക എന്നതാണ് ഇതിൽ പ്രധാനം. വാക്കുകളിൽ എപ്പോഴും ആദരവ് സൂക്ഷിക്കുകയും സംഭാഷണത്തിൽ മിതത്വം പാലിക്കുകയും വേണം. മറുപടി പറയാൻ വേണ്ടി മാത്രം കേൾക്കാതെ, എതിരെയുള്ള വ്യക്തിയുടെ വികാരങ്ങളെയും ആശയങ്ങളെയും മനസ്സിലാക്കാൻ വേണ്ടി കേൾക്കുക എന്നതും പ്രഥമ പരിഗണന അർഹിക്കുന്ന മര്യാദയാണ്.

എല്ലാവർക്കും ഒരേ ചിന്താഗതിയാവണം എന്നില്ല. രാഷ്ട്രീയമായാലും മതമായാലും എന്ത് തന്നെയായാലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ മാന്യമായ ഭാഷയിൽ സംവദിക്കാൻ ശീലിക്കണം. നിർഭാഗ്യവശാൽ, ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ ലംഘിക്കപ്പെടുന്നതും ഈ മര്യാദയാണ്. അതുപോലെ സ്വന്തം നേട്ടങ്ങളിലോ കഴിവുകളിലോ അമിതമായി അഹങ്കരിക്കരുത്; അഭിമാനിക്കാം, എന്നാൽ അത് മറ്റുള്ളവരെ ചെറുതായി കാണാനുള്ള ആയുധമാക്കരുത്. നിത്യേന കാണുന്ന ഈ പ്രവണത മാറ്റിയില്ലെങ്കിൽ, അവർ തന്നെ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നതിൽ സംശയമില്ല.

തെറ്റുകൾ പറ്റിയാൽ തുറന്നു സമ്മതിക്കാനുള്ള മനസ് കാണിക്കുകയും, മറ്റുള്ളവരുടെ ചെറുതും വലുതുമായ സഹായങ്ങൾക്ക് നന്ദി പറയുകയും ചെയ്യുമ്പോൾ ഒരാൾ സമൂഹത്തിൽ ആദരവ് പിടിച്ചുപറ്റും. വാക്കുകൾക്ക് ഒരു ജനതയെ ഒന്നാക്കാനും, അതേസമയം ഉറച്ച ബന്ധങ്ങളെ തകർത്തെറിയാനും ശേഷിയുണ്ട്. അഹങ്കാരത്തിൽ നിന്നുമുയരുന്ന ജല്പനങ്ങൾ കേൾക്കാൻ താൽക്കാലികമായി ആളുകളുണ്ടാകാമെങ്കിലും, അത് ആ വ്യക്തിക്ക് സമൂഹത്തിൽ നൽകുന്നത് വിലകെട്ട സ്ഥാനമായിരിക്കും. നേരെമറിച്ച്, എളിമയോടും മര്യാദയോടും കൂടിയ പെരുമാറ്റം ഏത് മനുഷ്യന്റെയും ഹൃദയത്തിൽ ഇടം നേടാൻ സഹായിക്കും. അതുകൊണ്ട്,
അഹങ്കാരത്തിന്റെ സ്വരങ്ങളെ ഉപേക്ഷിച്ച്, മാന്യതയുടെയും സഹിഷ്ണുതയുടെയും പാത തിരഞ്ഞെടുക്കുക എന്നതാണ് ഒരു നല്ല സമൂഹസൃഷ്ടിക്ക് ആധാരം.
​വാക്കിലും പ്രവൃത്തിയിലും മര്യാദകൾ പാലിക്കുന്നതിൽ നമ്മളേക്കാൾ ഏറെ മുന്നിലാണ് വിദേശികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചെറിയൊരു സഹായത്തിന് പോലും ഹൃദയത്തിൽ തൊട്ട് നന്ദി പറയുവാനും, സ്വന്തം തെറ്റുകൾ മടിയില്ലാതെ സമ്മതിക്കാനും, സഹജീവികളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും അധ്വാനത്തെയും ആദരിക്കാനും അവർ കാണിക്കുന്ന മനസ്സ് നമ്മളും മാതൃകയാക്കേണ്ട ഒന്നാണ്.

എന്റെ ജീവിതത്തിലെ ഒരു അനുഭവം കൂടി പങ്കുവെച്ച് ഇത് അവസാനിപ്പിക്കാം. ഗൾഫിൽ ആയിരുന്ന കാലത്ത്, അവധി ദിവസങ്ങളിൽ പുറംകാഴ്ചകൾ സ്കെച്ച് ചെയ്യുന്ന ഒരു ശീലമെനിക്കുണ്ടായിരുന്നു. ഒരു ദിവസം ഞാൻ ഇങ്ങനെവരച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അറബിയും എട്ടുവയസ്സോളം പ്രായമുള്ള ഒരു കുട്ടിയും വലിയ കൗതുകത്തോടെ ഇത് നോക്കിനിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ ആ അറബി എന്നോട് ചോദിച്ചു,
“എന്തിനാണിത്ര കഷ്ടപ്പെട്ട് വരക്കുന്നത്?
ഒരു ഫോട്ടോ എടുത്താൽ പോരെ?”
എന്നാൽ ആ ചോദ്യം കേട്ടിട്ടും ആ കുട്ടി അയാളുടെ കൂടെ പോകാൻ തയ്യാറായില്ല; അവൻ ഏറെനേരം ഞാൻ വരക്കുന്നത് നോക്കിത്തന്നെ നിന്നു.
​യന്ത്രങ്ങൾ പകർത്തുന്ന ഫോട്ടോയേക്കാൾ, ഒരു മനുഷ്യന്റെ കൈവിരലുകളിലൂടെ താളുകളിൽ തെളിയുന്ന ആ കലയുടെ ഭംഗിയും അധ്വാനവും ആ കുട്ടി തിരിച്ചറിയുന്നുണ്ടായിരുന്നു. ഒരു കാര്യത്തെ കേവലം യാന്ത്രികമായി മാത്രം കാണുന്ന മുതിർന്നയാളുടെ മനോഭാവവും, അതിലെ കലയെയും അധ്വാനത്തെയും തിരിച്ചറിഞ്ഞ് ആദരിച്ച ആ കുട്ടിയുടെ കാഴ്ചപ്പാടും തമ്മിലുള്ള വ്യത്യാസം എന്നെ ഏറെ ചിന്തിപ്പിച്ചു.ശുഭം🙏


ദിവാകരൻ. പി.കെ.

By ivayana