പുസ്തകവും പാട്ടും മടുപ്പിക്കുന്ന ചില നേരങ്ങള്‍. വാതിലില്‍ ഏകാന്തത മുട്ടുന്നു

പൊരിക്കും മുമ്പ് മീനിനെ വരിഞ്ഞു മുറിക്കുന്നതുപോലെ കുറച്ചു നാളായി ചുട്ടുപൊള്ളുന്ന ഒരേകാന്തത ഉടലാകെ ഉപ്പുമുളകും തേക്കുന്നു. തിരക്കൊഴിയല്ലേ എന്ന് സദാ ആഗ്രഹിച്ചുപോവുന്നു. ഒരുകാലത്ത് ജീവിതത്തിന്റെ അര്‍ഥമെന്നു കരുതിയ യാത്രകള്‍ മടുപ്പും ഏകാന്തതയും കൊണ്ട് വല്ലാതെ ഭയപ്പെടുത്തുന്നു. ഒറ്റക്കാവുന്ന നേരങ്ങളെ ഭയന്ന് ഭയന്ന് നേരം വെളുത്തുപോവുന്നു.
എന്തു കൊണ്ടാവും ഇപ്പോഴിങ്ങനെ. ഒറ്റക്കാവുമ്പോള്‍ കൂടിക്കൂടി വരുന്ന നിശദതയുടെ, മൗനത്തിന്റെ കൂട്ടപ്പൊരിച്ചില്‍ നേരിടാനാവാതെ പോവുന്നതു കൊണ്ടാവാം. പുതിയ കാലവും ജീവിതവും അപരിചിത ദേശവും വിതയ്ക്കുന്ന അന്യഥാ ബോധവുമാവാം.
എന്തായാലും, ഒന്നുറപ്പ്. ഏകാന്തത വിശക്കുന്ന നാക്കു നീട്ടി ഈ മുറിയിലേക്കുറ്റു നോക്കുന്നു. ഈ വീട്ടില്‍ മറ്റൊരാളുടെയും ശബ്ദമില്ല. പുറത്ത് കറങ്ങിത്തിരിയുന്ന കാറ്റില്ല. വേനലിന്റെ അവസാന ആസക്തികള്‍ നക്കിത്തുടച്ച മരങ്ങളില്‍ ഒരില പോലും അനങ്ങുന്നില്ല.

മഹാമാരിയിലൂടെ കിട്ടിയ കുറേ ദിനങ്ങൾ .
മടുപ്പും ഏകാന്തതയും ചേര്‍ന്ന് പതിവു പോലെ തനിച്ച് ഈ മുറിയിൽ. ആ ഇടനേരത്താണ് ഏകാകികളെക്കുറിച്ച ചിന്ത ആര്‍ത്തിരമ്പിയെത്തിയത്. ഒറ്റക്കാവലിനെ കുറിച്ച് എഴുതണമെന്നു തോന്നി. അടുത്ത പോസ്റ്റ് ഏകാന്തതയെക്കുറിച്ചെന്ന് ഉറപ്പിച്ചു.
ഇത്തിരി എഴുതിക്കഴിഞ്ഞപ്പോഴേക്കും മടുപ്പിന്റെ കൈ നീണ്ടു നീണ്ടു വന്നു വിരലുകള്‍ മടക്കി. ഒഴുക്കില്ലാത്ത വെറും കൃത്രിമത്വമായി മാറുകയാണോ എഴുത്തുമെന്ന ചിന്ത വന്നപ്പോള്‍ വാക്കുകള്‍ ബ്രേക്കിട്ടതുപോലെ നിന്നു. ബാക്കി കിടക്കുന്നവ മുറിഞ്ഞ പല്ലിവാലുപോലെ ഇടക്കെന്നെ നോക്കി.

ഏകാന്തത ഒരു തണലാണ്
മഴയത്ത് ചൂടുന്ന കുടപോലെ
തന്നിലേക്കുതന്നെ വലിയാനുള്ള തണൽ ….

ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ നാമെല്ലാവരും ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നവരാണ്. ഏകാന്തത ഒരു നെഗറ്റിവ് അവസ്ഥയാണെന്ന് നാം കരുതുന്നു.
ഒന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ ഒറ്റയ്ക്കിരിക്കുന്നതിനേക്കാള്‍ ഏകാന്തത അനുഭവപ്പെടുന്നത് ഒരു കൂട്ടത്തില്‍ നാം ആയിരിക്കുമ്പോഴല്ലേ….?
(there is no place in the world where you can be so lonely as in a crowd).
നാം ആയിരിക്കുന്ന സമൂഹം നമ്മുടെ അപ്പോഴത്തെ അവസ്ഥയെ അറിയാത്തവരാനെങ്കില്‍ അവിടെ നാം അനുഭവിക്കുന്ന ഏകാന്തത വല്ലാത്ത ഒരു വെറുപ്പ്‌ നമ്മില്‍ തന്നെയുണ്ടാക്കാനും സാധ്യതയേറെയാണ്. പലപ്പോഴും മാനസിക പിരിമുറുക്കങ്ങളില്‍ ആകുമ്പോള്‍ പറയാറുള്ള വാചകം തന്നെ അതിനു ഉദാഹരണം.
leave me alone.
നിരാശയുടെയും വേദനയുടെയും പല ഘട്ടങ്ങളിലും അറിയാതെ നാം ആഗ്രഹിക്കുന്നത് ഏകാന്തതയാണ്. എകാന്തതയിലാണ് സ്വതന്ത്രമായി ചിന്തിക്കാനും വിഷാദമോ ദുഃഖമോ ഉണ്ടെങ്കില്‍ അതിന്‍റെ കാരണം വിചിന്തനം ചെയ്യാനും അതിനെ നമുക്ക് അനുയോജ്യവും അഭികാമ്യവുമായ വഴികളിലൂടെ തര്‍ജ്ജനം ചെയ്യുവാനും നമുക്ക് സാധിക്കുക. ഏകനാണെന്ന നെഗറ്റിവ് ചിന്ത മാറ്റി ഇനിയും ഏകാന്തത ആസ്വദിക്കാന്‍ ശ്രമിക്കാം….


ഗായത്രി വേണുഗോപാൽ

By ivayana