രചന : സതീഷ് ഗോപി ✍️
പിറന്നാളുകളുടെ പടിയിറങ്ങുന്തോറും
അവർ ശിശുക്കളാകുന്നത് കണ്ടിട്ടുണ്ടോ?
അത്ര പെട്ടെന്ന് പൊട്ടിപ്പോകില്ല,
ചാച്ചാജിയുടെ പിറന്നാളിന്
അവർ ജീവശ്വാസം നിറച്ച നീലബലൂണുകൾ.
ഒട്ടും കുറയില്ല,
സ്വാതന്ത്ര്യദിനത്തിന്
അവർ തിളപ്പിച്ച പായസത്തിലെ മധുരം.
ഉപ്പുമാവ് വേകുവോളം
വേവലാതിയുടെ സാരിത്തുമ്പ് വീശുന്ന
അങ്കണവാടിയിലെ അമ്മമാർ.
കുഞ്ഞുങ്ങൾക്കിടയിലെ
കുഞ്ഞുങ്ങളായ
അവർക്കാണ് എന്നും ശിശുദിനം.
അവരുടെ മൊട്ടുകുടയിൽ
ഒരാകാശമുണ്ട്
അതിൽ നിറയെ നക്ഷത്രങ്ങളുണ്ട്.
സാരിവിയർപ്പിലാകെ
ഒരു അമ്മമണമുണ്ട്.
അതിനാൽ,
ഒരു കുഞ്ഞുപോലും
അവരെ ‘ടീച്ചറേ’യെന്ന് വിളിക്കില്ല.
കുത്തിവെപ്പിന്റെ സിറിഞ്ച് കൊള്ളുന്നത്
അവരുടെ നെഞ്ചിലാണ്.
പിതുക്കികരച്ചിലിൽ
ഏതു ഋതുവിലും അമ്മിഞ്ഞ ചുരക്കുന്നതും
അവർക്കാണ്.
കടലാസിൽ അവർ മുളപ്പിക്കും
കൊക്കിന്റെ കണ്ണുകൾ,
കപ്പലിന്റെ ചിറകുകൾ.
പച്ചോലയിൽ പിറക്കുന്ന
ഭൂമിപ്പന്തുകൾ,
നാലുമണി മുഴക്കുന്ന വാച്ചുകൾ.
ഒരിക്കലും വയസാകാത്ത
ആ അമ്മമാർ നടക്കുമ്പോൾ
അവർ വളർത്തിയ
മരങ്ങൾ തലകുനിക്കുന്നുണ്ടാകണം.
തണലേകുന്നുണ്ടാകണം.
പരിശുദ്ധമായ
ഉമ്മകൾ പോലെ
അവരുടെ കാലടികൾ
പതിയുമ്പോൾ
ഭൂമി പോലും
ഒരു കുഞ്ഞായി
കോരിത്തരിക്കുന്നുണ്ടാകണം.

