രചന : സന്തോഷ് മലയാറ്റിൽ ✍️
ജീവിതമെന്ന
കടംങ്കഥയിൽ
നിറയെ
പൂത്തൊരു തേന്മാവ്,
മധുരമെന്ന്
കവിതയെഴുതാൻ
കാലത്തിന്റെ
കാത്തിരിപ്പ്,
മറക്കാതെ
ഓർത്തു പറയാൻ
കരളിൽ സൂക്ഷിച്ചൊരു
വസന്തക്കാലം.
ഒറ്റവാക്കിൽ നിന്ന്
ഉപമയിലേക്ക്
വഴുതിമാറിയ
ഉത്തരത്തിൽ
നിറയെ പ്രതീക്ഷ,
ചേർത്തുവെച്ച
ചോദ്യങ്ങൾ കേട്ട്
ഉള്ളിൽ കിനിയുന്ന
പുഞ്ചിരി,
വസന്തഋതുവിലും
നിറങ്ങളേറെ
ഉള്ളിലൊളിപ്പിച്ച്
ഒരു കാടിൻ്റെ തേങ്ങൽ,
തിരക്കുകളെന്ന്
അടിവരയിട്ട്
തിരിച്ചുനടക്കുമ്പോൾ
എത്ര ഭംഗിയായി
എഴുതിവെച്ച
കുറിപ്പുകളാണ്
മേൽവിലാസങ്ങളില്ലാതെ
എന്റെ പ്രണയത്തെ
അനാഥമാക്കുന്നത്..?

