രചന : റഹീസ് മുണ്ടക്കര ✍️
ഫിക്ഷൻ എഴുത്തിൽ എഡിറ്ററുടെ പങ്കിനെക്കുറിച്ചും ആ സർഗ്ഗാത്മക പ്രക്രിയയിൽ വരുന്ന “കടന്നുകയറ്റങ്ങളെ”ക്കുറിച്ചും ഇവിടെ ഒരാൾ ഉന്നയിച്ച കാര്യങ്ങൾ ഞാൻ വായിക്കാനിടയായി,വളരെ പ്രസക്തമായ വാക്കുകളാണ് അവർ പറഞ്ഞതത്രയും, അവരുടെ ആ വിഷയത്തിലുള്ള കാഴ്ചപ്പാട് അതിലേറെ സമഗ്രവുമാണ്.
ഞാനതിൽ റിവ്യൂ എഴുതാൻ നോക്കിയപ്പോൾ അതിലെ കമെന്റ് ബോക്സ് ബ്ലോക്ക് ചെയ്‌തുവെച്ചിരിക്കുന്നു, അതിനാൽ ഞാൻ അതിവിടെ എഴുതിയിടാം എന്ന് കരുതി. 🤭
എഡിറ്റർ ഒരു ‘Outsider’ആണോ?
എഴുത്തുകാരൻ സൃഷ്ടിക്കുന്ന ലോകത്തെ വായനക്കാരിലേക്ക് എത്തിക്കുന്ന ആദ്യത്തെ “മിനുക്കുപണിക്കാരൻ” ആണ് എഡിറ്റർ. അത് വെറുമൊരു ബാഹ്യമായ ഇടപെടലല്ല, മറിച്ച് കൃതിയുടെ ഗുണനിലവാരം കൂട്ടാനുള്ള ശ്രമമാണ്. എന്നാൽ, എഴുത്തുകാരന്റെ തനിമ (Originality) നഷ്ടപ്പെടുത്തുന്ന രീതിയിൽ പ്ലോട്ട് മാറ്റുകയോ വരികൾ മാറ്റിയെഴുതുകയോ ചെയ്യുന്നത് ‘ഓവർ -എഡിറ്റിങ്’ ആണ്. ഇത് തീർച്ചയായും ആ കൃതിയുടെ ആത്മാവ് നഷ്ടപ്പെടുത്തും.
മലയാളത്തിൽ മുമ്പ് പ്രസാധകർ അക്ഷരത്തെറ്റും വ്യാകരണവും നോക്കുന്ന ‘പ്രൂഫ് റീഡിംഗിൽ’ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഗ്ലോബൽ നിലവാരത്തിലേക്ക് പുസ്തകങ്ങളെ എത്തിക്കാൻ ഡെവലപ്‌മെന്റൽ എഡിറ്റിംഗ് (Developmental Editing) കടന്നുവരുന്നുണ്ട്.
അതിന്റെ ഗുണം എന്തെന്നാൽ കഥയിലെ ലോജിക് പിശകുകൾ, ഇഴച്ചിൽ എന്നിവ ഒഴിവാക്കാൻ സാധിക്കും.എന്നാൽ എഡിറ്റർ സ്വന്തം ശൈലി എഴുത്തുകാരന്റെ കൃതിയിൽ അടിച്ചേൽപ്പിച്ച് അതിൽ മാറ്റങ്ങൾ വരുത്തിയാൽ അത് ആ എഡിറ്ററുടെ സൃഷ്ടിയായി മാറുമെന്നുള്ളത് അതിലേറെ വലിയ ദോഷമല്ലേ.?
നല്ലൊരു എഡിറ്റർ ഒരു ശിൽപിയെപ്പോലെയാകണം
എന്നാണ് എന്റെ പക്ഷം,കല്ലിലെ അനാവശ്യ ഭാഗങ്ങൾ മാറ്റാനേ പാടുള്ളൂ, അല്ലാതെ ശില്പത്തിന്റെ രൂപം മാറ്റരുത്.
ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം റീ-എഡിറ്റിങ് ആണ്.മത്സരങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ അവാർഡ് പോലുള്ള മറ്റേതെങ്കിലും കാര്യങ്ങൾക്ക് വേണ്ടിയോ എഴുത്തുകാരന് പകരം മറ്റൊരാൾ വാചകങ്ങൾ എഴുതിയുണ്ടാകുന്ന ഏർപ്പാട്.
ഇത് അങ്ങേയറ്റം ആധാർമ്മികമാണ്, ഇത് എഴുത്തുകാരന്റെ ക്രെഡിബിലിറ്റിയെ ബാധിക്കുന്നു.
ഓരോ എഴുത്തുകാരനും ഒരു പ്രത്യേക ‘ശബ്ദം’ ഉണ്ടാകും. ചിലർ വരികൾക്കിടയിൽ ഒളിച്ചുവെക്കുന്ന അർത്ഥങ്ങൾ (Subtext) ഇഷ്ടപ്പെടുന്നവരാകും, ചിലർ പ്രാദേശിക ഭാഷാഭേദങ്ങൾ ഉപയോഗിക്കുന്നവരാകും. ഒരു എഡിറ്റർ ഇതെല്ലാം മാറ്റി എല്ലാ വാചകങ്ങളെയും ഒരേ അച്ചിലുണ്ടാക്കിയ വടിവൊത്ത ഭാഷയിലേക്ക് മാറ്റുമ്പോൾ, ആ കൃതിയുടെ തനിമ നഷ്ടപ്പെടുന്നു. അത് വെറുമൊരു ടെക്സ്റ്റ് ബുക്ക് ഭാഷയായി മാറിപ്പോകാൻ സാധ്യതയുണ്ട്.
എഴുത്തുകാരൻ ചിലപ്പോൾ ഒരു പ്രത്യേക വികാരം വായനക്കാരിലേക്ക് എത്തിക്കാൻ ബോധപൂർവ്വം ചില പദപ്രയോഗങ്ങളോ നീളൻ വാചകങ്ങളോ ഉപയോഗിച്ചിട്ടുണ്ടാകും. വ്യാകരണപരമായ കൃത്യത നോക്കി എഡിറ്റർ അവ വെട്ടിമുറിക്കുമ്പോൾ, ആ വരികൾ നൽകേണ്ടിയിരുന്ന അനുഭൂതി ഇല്ലാതാകുന്നു.
എഴുത്തിന് ഒരു സംഗീതമുണ്ട്. ചില കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ അവരുടേതായ ഒരു താളമുണ്ടാകും.
ഉദാഹരണത്തിന്, ഒരു നാട്ടിൻപുറത്തുകാരന്റെ സംസാരത്തിലെ വ്യാകരണപ്പിശകുകൾ തിരുത്തി ‘ശുദ്ധമലയാളം’ ആക്കിയാൽ ആ കഥാപാത്രത്തിന്റെ വിശ്വാസ്യത തന്നെ തകരും.
കഥയുടെ ഗതി മാറ്റാനോ ക്ലൈമാക്സ് മാറ്റാനോ ഉള്ള എഡിറ്ററുടെ നിർദ്ദേശങ്ങൾ ചിലപ്പോൾ എഴുത്തുകാരന്റെ രാഷ്ട്രീയത്തെയോ ദർശനത്തെയോ തന്നെ അട്ടിമറിച്ചേക്കാം.
”കഥ ഇങ്ങനെ അവസാനിച്ചാൽ വായനക്കാർക്ക് ഇഷ്ടപ്പെടില്ല, അതുകൊണ്ട് ഒരു ഹാപ്പി എൻഡിംഗ് നൽകാം” എന്ന് എഡിറ്റർ പറയുന്നത് എഴുത്തുകാരന്റെ സർഗ്ഗാത്മക നീതിക്ക് വിരുദ്ധമാണ്.
ഇവിടെയാണ് സ്വയം എഡിറ്റിംഗിന്റെ പ്രാധാന്യം വിളിച്ചോതുന്നത്;
ഒരു കൃതി എഴുതിക്കഴിഞ്ഞതിന് ശേഷം ആ എഴുത്തുകാരൻ അത് വായിക്കുമ്പോൾ ഒരു വായനക്കാരന്റെ കണ്ണിലൂടെ നോക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
അതിനാൽ സ്വന്തം ഭാഷയും ഒഴുക്കും നഷ്ടപ്പെടാതെ തന്നെ തെറ്റുകൾ തിരുത്താൻ ഇതിലൂടെ സാധിക്കുന്നു.ടൈപ്പിംഗ് തെറ്റുകൾക്കും അപ്പുറം കഥാപാത്രങ്ങളുടെ സ്വഭാവത്തിലോ കാലക്രമത്തിലോ വരുന്ന മാറ്റങ്ങൾ സ്വയം കണ്ടെത്തുന്നതും മികച്ച ഗുണനിലവാരം ഉറപ്പാക്കും.
ഉപസംഹാരം:
ഒരു പ്രൊഫഷണൽ എഡിറ്റർ എന്നത് എഴുത്തുകാരന്റെ സഹായി ആയിരിക്കണം,പകരം അത് കയ്യേറ്റം ആകരുത്. തന്റെ എഴുത്തിൽ തനിക്ക് കാണാൻ കഴിയാത്ത പാളിച്ചകൾ കാട്ടിക്കൊടുക്കുന്ന ഒരാൾ. എന്നാൽ തൂലിക ചലിപ്പിക്കേണ്ടത് എഴുത്തുകാരൻ തന്നെയാണ്.
ഒരു നല്ല എഡിറ്റർ എഴുത്തുകാരന്റെ വജ്രത്തെ മിനുക്കുകയാണ് വേണ്ടത്, അല്ലാതെ അതിന്റെ വലിപ്പം കുറച്ച് ഒരു മുത്താക്കി മാറ്റുകയല്ല ചെയ്യേണ്ടത്.!
