രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️
എന്തിനാണെന്തിനാണെന്തിനാണ്
നിനക്കുമാത്രമിതെന്തിനാണ്?
മിണ്ടാനെളുതാത്ത ശൈശവത്തിലേ
എന്തിനാണെന്തിനാണീവിധത്തിൽ
സുന്ദര, ഭീതിദ ദർശനങ്ങൾ
ഉള്ളം ചിരിച്ചു, കരയുവാനും
നീ ചെറുതായണുവാകും വേള
ദൃക്മാത്രനിവനിലത്യാനന്ദം
ആയതിൻ മീതേ പറന്നുയരാൻ
ശ്രമിക്കെ വലുതായ് വലുതായി
ഭീതിയിലാണ്ടു പോകുന്ന നേരം
ആ;ലിംഗം ചെറുതായത്യാനന്ദം
മുന്നിൽ ചുഴലും കൃഷ്ണനീലിമ
എന്നെപ്പുണരേ ഞാനുറങ്ങുന്നു
മുതിർന്നിട്ടുമിന്നിതാ ഞാനേറെ
നീലമഹാബ്ധിയിലാണു സദാ
ദേഹത്തിൽ വീണു കുടുങ്ങിയിട്ടും
കുടഞ്ഞു പായുകയാണെന്നാത്മൻ
കോടാനുകോടി സുന്ദരഭാവ
അനാസ്പദ ചൈതന്യ സ്വപ്നങ്ങൾ
ചിതറിയോരോ ദേഹമോഹമായ്
പതറിയോടി മറവിയായി
മഹാമറയിലേറി മറയും
ചൈതന്യധാരാ കണങ്ങളായി
ആയതിനാലതിൽ ഞാനു സദാ
സമയാതീതത്തിൽ നീലകണമായ്
മായായവനികയ്ക്കപ്പുറത്തെ
ശൈശവ നീലബാലകനായി!

