രചന : ദീപ്നാദാസ് അണ്ടലൂർ ✍️
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ
പിറ്റേന്നാണ്
അബ്ദുവിന്റെ വീട്ടിലെ
പശു പ്രസവിച്ചത്.
തികച്ചും ജനാധിപത്യപരമായ
സുഖപ്രസവം.
തൊഴുത്തിലെ ചാണകം
അവിടെ കെട്ടിക്കിടന്നിരുന്നു.
ഗോമൂത്രം സൂതാര്യമായ കുപ്പിയിലൊഴിച്ച്
അയൽവീട്ടിലെ കാർത്യായനിക്ക് കൊടുത്തു.
അബ്ദു ഏറെനേരം
പശുവിനെ തന്നെ നോക്കിയിരുന്നു.
ഒരു കൂട്ടം ഉറുമ്പുകൾ ഏറെ ശ്രദ്ധയോടെ
ചാണകം ചവിട്ടാതെ
വഴി തെറ്റാതെ തൊഴുത്തിലേക്ക് നീങ്ങിത്തുടങ്ങുന്നുണ്ട്.
കഴിഞ്ഞ ദിവസം വന്ന ഉദ്യോഗസ്ഥനാണ്
ഉമ്മാക്ക് വോട്ടില്ലെന്ന് പറഞ്ഞത്.
ആധാർകാർഡും ഇലക്ഷൻ ഐഡിയുമില്ലാതെ
സുഖപ്രസവം കഴിഞ്ഞുറങ്ങുന്ന
പശുവിനെ നോക്കി
ഉമ്മ പറഞ്ഞോണ്ടിരുന്നു.
ഈ ചാണകമത്രയും കോരിക്കളയേണ്ടിയിരിക്കുന്നു.!
⚫
