രാഷ്രീയത്തെ പറ്റിയുള്ള തന്റെ കാഴ്ച്ചപ്പാട്‌ ‘ആനന്ദ്‌ അമരത്വ’ പങ്കു വക്കുന്നു.രാഷ്ട്രീയ ബോധമുള്ള മലയാളി വായിക്കേണ്ട കുറിപ്പ്‌. ഒരാൾ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകുക എന്നാൽ സാമൂഹ്യ പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രവർത്തകനാകുന്നു, തന്റെ കുടുംബത്തിലുള്ള പ്രിയപ്പെട്ടവരെ എന്ന പോലെ സമൂഹത്തിലുള്ളവരെയും കണ്ടു തുടങ്ങണം എന്നൊക്കെയാണ്‌ . എങ്കിലും മനുഷ്യനാണ്‌ ,വ്യക്തികളാണ്‌ താൽപര്യങ്ങളും കുറവുകളും ഭിന്ന അഭിരുചിയുമൊക്കെ കാണും. എന്നു കരുതി തന്റെ രാഷ്ട്രീയത്തിൽ ഇല്ലാവരൊക്കെ ശത്രുക്കളാണ്‌ , തന്റെ സേവനം തന്റെ രാഷ്ട്രീയത്തിലുള്ളവർക്ക്‌ മാത്രം ഉള്ളതാണ്‌ എന്നൊക്കെ ഒരു രാഷ്ട്രീയ പ്രവർത്തകൻ ചിന്തിക്കുന്നു എങ്കിൽ ഒരു ജനാധിപത്യ രാജ്യത്തിൽ അയാളുടെ രാഷ്ട്രീയ പ്രവർത്തനം സാമൂഹ്യ പ്രവർത്തനമേ ആയിരിക്കില്ല , സങ്കുചിത താൽപര്യങ്ങൾക്കുള്ള കുട പിടിക്കൽ മാത്രമാവും അത്‌. രാഷ്ട്രീയം മികച്ച ഒരു കല കൂടിയാണ്‌ എന്നു കാണാനാണ്‌ അതിൽ അത്ര സജീവമാകാതെ അതിനെ നോക്കി കാണുന്ന എനിക്ക്‌ തോന്നുന്നത്‌. ശത്രുതയ്ക്ക്‌ അതിൽ സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല .ആദർശ്ശ ശുദ്ധിയ്ക്കും സഹജീവി ബോധത്തിനുമാണ്‌ അതിൽ പ്രാധാന്യം വേണ്ടത്‌.അങ്ങനെയുള്ളവരെയാണ്‌ ജനം അംഗീകരിക്കേണ്ടത്‌. രാഷ്ട്രീയ പ്രവർത്തനം ഒരു അഭിനയം കൂടിയാണ്‌ .എല്ലായിടത്തും എല്ലായ്പ്പോഴും ഇറങ്ങി ചെല്ലാൻ കഴിഞ്ഞെന്ന് വരില്ല എന്നാൽ കൂടെയുണ്ട്‌ , തള്ളി കളയില്ല എന്ന തോന്നൽ ജനങ്ങൾക്ക്‌ പൊതു പ്രവർത്തകനെ കുറിച്ച്‌ തോന്നുകയല്ല അനുഭവപ്പെടണം. ഒരുപാടങ്ങ്‌ പരിശുദ്ധിയുടെ ആൾ രൂപമായി മാറരുത്‌ നേതാക്കന്മാർ , വിട്ടു വീഴ്ച്ചകളും മനുഷ്യ സഹജമായ തെറ്റും കുറ്റങ്ങളുമൊക്കെ ഉള്ള ഒരു സാധാരണക്കാരനാവണം. സാമൂഹ്യ പ്രതിബദ്ധത എപ്പോഴും പ്രതിഫലിക്കണം അവരിൽ നിന്ന്. ശത്രുതയോടെ എതിർ രാഷ്ട്രീയത്തെ കാണുന്നവർ വിമർശ്ശിക്കുന്നവരും എതിർക്കുന്നവരും കൊല്ലപ്പെടേണ്ടവരും തല്ലു കൊള്ളേണ്ടവരും ആണെന്ന് കരുതുന്ന രാഷ്ട്രീയം അറിയാതെ പോകുന്ന ചിലതുണ്ട്‌ വളരെ കുറച്ചു പേരെ എല്ലാ കാലത്തും രാഷ്ട്രീയം കൊണ്ടു നടക്കാറുള്ളു.വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടാകുമ്പോഴും ഈഗോ വളരുമ്പോഴും വോട്ട്‌ ചെയ്യുമ്പോഴെങ്കിലും മാറി ചിന്തിക്കുന്നവരാണ്‌ പലരും.അല്ലായിരുന്നുവെങ്കിൽ കേരളം പോലെ ശ്വാസത്തിൽ പോലും രാഷ്ട്രീയം കൊണ്ടു നടക്കുന്ന ഒരു സംസ്ഥാനത്ത്‌ എന്നും ഒരേ രാഷ്ട്രീയമേ ജയിക്കുമായിരുന്നുള്ളു! രാഷ്ട്രീയത്തിൽ രണ്ട്‌ വിഭാഗമേ ഉള്ളു ‘ ഇന്ന് കൂടെയുള്ളവരും ‘ , ‘ നാളെ കൂടെ വരേണ്ടവരും ‘ . സൂക്ഷിച്ചു നോക്കിയാൽ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സത്യം ഇതാണെന്നാണ്‌ എന്റെ തോന്നൽ.തല്ലാനും കൊല്ലാനുമൊക്കെ ഇറങ്ങുമ്പോൾ ഇതും ഓർത്തു വക്കുന്നത്‌ നന്ന്. — ആനന്ദ്‌ അമരത്വ.

By ivayana