രചന : ജിൻസ് സ്കറിയ .✍
‘കുപ്രസിദ്ധി’ക്കുവേണ്ടി കുതിച്ചുചാടിയ ബിജു ആന്റണി ആളൂർ
ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ (53) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗം വക്കീലായിരുന്നു ആളൂർ. കൂടത്തായി ജോളി കേസിലും ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയും സേവനം അനുഷ്ഠിച്ചിരുന്നു.
താൻ ‘കുപ്രസിദ്ധനാ’കുന്നതിൽ യാതൊരു വേവലാതിയും ഇല്ലാത്ത ആളായിരുന്നു ഇന്ന് അന്തരിച്ച അഡ്വ. ബിജു ആന്റണി ആളൂർ എന്ന ബി.എ.ആളൂർ. കേരളം നടുങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായിക്കൊണ്ടാണ് ആളൂർ തന്റെ പ്രശസ്തി വർധിപ്പിച്ചത്. വൃക്കരോഗത്തെ തുടർന്ന് ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2023 മുതൽ വൃക്കരോഗത്തിനു ചികിത്സിക്കുന്നുണ്ട്. ഇന്നു രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിക്ക് മരിച്ചു.
ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് മുതലാണ് അഡ്വ. ആളൂരിനെ മലയാളി ശ്രദ്ധിച്ചു തുടങ്ങിയത്. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന ഇരുപത്തിമൂന്നുകാരിയായ യുവതി കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വച്ച് ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തത്.
സൗമ്യയുടെ കൊലയാളിയായ ഗോവിന്ദച്ചാമിക്കെതിരെ കേരളം മുഴുവൻ രോഷം കൊണ്ടപ്പോൾ പ്രതിക്കായി വാദിക്കുമെന്നു വ്യക്തമാക്കി രംഗത്തെത്തിയ ആളാണ് ആളൂർ. ഗോവിന്ദച്ചാമിക്കായി ഹാജരാകുന്നതിൽ വ്യാപകമായ എതിർപ്പ് ഉയർന്നെങ്കിലും ആളൂർ പിന്മാറിയില്ല. സുപ്രീം കോടതിയിലെത്തി വാദിച്ച് ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റവും കൊലക്കയറും ഒഴിവാക്കിയ ആളൂരിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ അഡ്വ. ആളൂർ ആയിരുന്നു. പെരുമ്പവൂരിൽ നിയമവിദ്യാർഥിനി കൊല ചെയ്യപ്പെട്ട കേസിലെ പ്രതി അമീറുൽ ഇസ്ലാമിനുവേണ്ടി ആളൂർ ഹാജരായപ്പോഴും ജനങ്ങൾക്കിടയിൽ വലിയ തോതിൽ പ്രതിഷേധമുയർന്നിരുന്നു. കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി, ഡോ. വന്ദന ദാസ് വധക്കേസിലെ പ്രതി സന്ദീപ്, ഇലന്തൂർ നരബലിക്കേസിലെ പ്രതികൾ, കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദർ സിങ് എന്ന ബണ്ടി ചോർ തുടങ്ങി കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കേരളം ചർച്ച ചെയ്ത ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും പ്രതികൾക്കായി ഹാജരായത് അഡ്വ. ആളൂരാണ്.
കക്ഷികൾ കുറ്റം ചെയ്തിട്ടുണ്ടോ നിഷ്കളങ്കരാണോ എന്നു നോക്കാറില്ലെന്നും പ്രതിഫലം ലഭിച്ചാൽ കേസ് ഏറ്റെടുക്കുമെന്നും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരാകുന്ന സമയത്ത് ആളൂർ പറഞ്ഞിരുന്നു. ചെയ്യുന്നതു ജോലിയാണെന്നും തന്നെ കുറ്റം പറയാതെ കുറ്റകൃത്യം ഒഴിവാക്കാനാണു ശ്രമിക്കേണ്ടതെന്നായിരുന്നു ആളൂരിന്റെ വാദം. തൃശൂരിലും പിന്നീട് പുണെയിലുമായി പഠനവും ചെറുപ്പകാലവും പൂർത്തിയാക്കിയ ആളൂർ മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും കേസുകളും ഏറ്റെടുത്തിട്ടുണ്ട്. ഏതു കുറ്റവാളിക്കും സമീപിക്കാവുന്ന ആളാണ് അഡ്വ. ആളൂർ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തി.