പ്രവാസിയെന്നാൽ കറിവേപ്പിലയെന്നുകൂടി അർത്ഥമുണ്ടെന്നു ഈ കൊറോണക്കാലം പ്രവാസികളെ പഠിപ്പിക്കുന്നു.
മുതലക്കണ്ണീരുകളുടെ പ്രളയത്തിൽ ഒലിച്ചുപോകുമ്പോഴും അവരിപ്പോഴും പ്രതീക്ഷയുടെ തുരുത്തുകളിലാണ് .ഒന്നും നേരെയാകില്ലെങ്കിലും എല്ലാം നേരെയാകുമെന്ന പ്രതീക്ഷയിൽ .
ചിന്തിക്കാനും തിരിച്ചറിയാനും കഴിയുന്നവർക്ക് മനസിലാക്കാൻ ഇതിലും വലിയ സമയം ഇനിയുണ്ടാകില്ല.
വാഗ്ദാനങ്ങളുടെ പുകമറകളല്ലാതെ മാറിമാറി ഭരിച്ച ഒരു ഭരണവർഗ്ഗവും പ്രവാസിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല.ഇനിയൊട്ടു ചെയ്യുകയുമില്ല .
ഇന്ത്യൻ പൗരനെന്ന അവകാശം പാസ്‌പോർട്ടിൽ മാത്രം .
വോട്ടവകാശമില്ല,മതിയായ സുരക്ഷയില്ല,അസുഖം വന്നാലോ ചത്താലോ പോലും ആരും തിരിഞ്ഞുനോക്കില്ല.
മറ്റുള്ള എല്ലാ രാജ്യങ്ങളും സ്വന്തം പ്രജകളെ ഈ മഹാമാരിയുടെ കാലത്തു സ്വന്തം നാട്ടിലേക്കു കൊണ്ടുപോകുമ്പോൾ ഭാരതീയന് മാത്രം അഭയാർഥികളെ പോലെ യാചനയോടെ കൈനീട്ടേണ്ടുന്ന അവസ്ഥ .
വിമാനക്കമ്പനികളുടെ നഷ്‍ടത്തിൽ കണ്ണീരൊഴുക്കുന്നവർ കാലാകാലങ്ങളിൽ പ്രവാസികളെ ഈ വിമാനകമ്പനികൾ കൊള്ളയടിക്കുമ്പോൾ അതിൽനിന്നും വിഹിതം പറ്റി ചിരിമറയ്ക്കുള്ളിൽ ഒളിച്ചവരാണ്.
ഒരുലക്ഷത്തി ഇരുപതിനായിരം കോടിരൂപ നാട്ടിലേക്കു അയയ്ക്കുന്ന പ്രവാസികൾ ഈ നാടിന്റെ സമ്പത്ഘടനയുടെ നാട്ടെല്ലാണെന്നും അതില്ലാതായാൽ മറ്റൊരു ദരിദ്ര രാജ്യമായി ഭാരതം മാറുമെന്നും അറിയാത്തവരല്ല ഭരിക്കുന്നത്.

പ്രവാസികൾക്കുവേണ്ടി എന്താണ് നാളിതുവരെ ചെയ്തതെന്ന് ചോദിച്ചാൽ വട്ടപ്പൂജ്യം എന്ന് ഉത്തരം .
പുനരധിവാസ പദ്ദതികളോ ,മെഡിക്കൽ ഇൻഷുറൻസ് പദ്ദതികളോ നാളിതുവരെ നടപ്പിലാക്കാൻ ഒരു ഗവൺമെൻറ്റുകൾക്കും കഴിഞ്ഞിട്ടില്ല .
എന്തിനു വിദേശത്തുള്ള പ്രവാസികളുടെ കൃത്യമായ കണക്കുകൾ പോലും ലഭ്യമല്ല .

പ്രവാസിയുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുനക്കാത്ത ഒരു രാഷ്ട്രീയപ്പാർട്ടിയും നാളിതുവരെ ഈ ഭാരതത്തിലില്ല
സ്വന്തം നാടും വീടുമുപേക്ഷിച്ചു അവർ പ്രവാസിയായതു ആരും പറഞ്ഞിട്ടല്ലായിരിക്കും ,അതിനു കാരണം നാട്ടിലെ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും ആണെന്ന് ഇതുവരെ ഞങ്ങളെ ഭരിച്ചു സുഖിച്ച നിങ്ങൾ അറിയണം
.പ്രവാസിയെന്നാൽ പണം കായ്ക്കുന്ന മരം മാത്രമല്ല ,അവർക്കും മനസ്സുണ്ട് ,മോഹങ്ങളുണ്ട് ,അതിലുപരി അവരും ഈ നാട്ടിലെ പ്രജകളാണ് .

By ivayana