സഫി അലി താഹ ✍
ഒരാൾ മരിക്കുമ്പോൾ നിങ്ങളെന്തൊക്കെ കഥകളുടെ താളുകളാണ് മറിക്കുന്നത്?
പിന്നെയും പിന്നെയും എന്തിനാണ് വേദനകളും സ്വപ്നങ്ങളും നഷ്ടങ്ങളും പോസ്റ്റുമോർട്ടം നടത്തുന്നത്?
ചിന്തകളുടെയും നെടുവീർപ്പുകളുടെയും ആരുമറിയാതെ കരഞ്ഞുതീർത്ത എത്രയേറെ കണ്ണുനീരിന്റെയും അവസാനമാണ് ഒരാൾ നിത്യശാന്തിയെന്ന് തെറ്റിദ്ധരിക്കുന്ന മരണത്തിന്റെ കൈപിടിയ്ക്കുന്നത്?
നമുക്ക് ചുറ്റുമുള്ള ഓരോ മരണത്തിനും നമ്മൾ ഓരോരുത്തരും കാരണക്കാരാണ്…..
കടംകേറി മരിക്കുന്ന ഓരോരുത്തർക്കും അവർ സഹായിച്ച മനുഷ്യരുടെ കഥകൾ പറയാൻ കാണും, കൊടുക്കുമ്പോഴൊന്നും നമ്മൾക്ക് ആവശ്യമുള്ളപ്പോൾ അവർ കാണില്ലെന്ന സത്യത്തെ ആരും ഉൾകൊള്ളില്ല…..
ഒരു കുടുംബത്തെ ഒന്നാകെ തന്റെ കടമയായി കണ്ട് താൻ ഉണ്ടാക്കിയതിൽ അധികവും അവിടേക്ക് ചിലവാക്കി അവസാനം രോഗിയായപ്പോൾ നീയെന്തുണ്ടാക്കി, ഭാര്യക്കും മക്കൾക്കും കൊടുത്ത പെൺകോന്തൻ അല്ലായിരുന്നോ എന്ന് ചോദിച്ചെന്ന് പറഞ്ഞു കരയുന്ന ഒരാളെ കണ്ടു.
ജീവിതത്തിന്റെ ഒരവസ്ഥയിൽ പോലും ഭാര്യയും മക്കളും മാത്രമാണ് തന്റെ ലോകമെന്ന് ചിന്തിക്കാതെ സഹോദരങ്ങളെയും കൈപിടിച്ച മനുഷ്യനായിരുന്നു അത്.
എന്നാൽ സഹോദരങ്ങൾ തന്റെ മക്കളിലേക്കും ഭാര്യക്കും മാത്രം കടമയുടെ കുട പിടിച്ചപ്പോൾ, അവരെ കണ്ട് പഠിച്ചൂടെ അവൻ ജീവിക്കുന്നില്ലേ നീ ഉണ്ടാക്കി നശിപ്പിച്ചു എന്നൊരു ഉപദേശവും കൊടുക്കാൻ മറന്നില്ല…..
നിങ്ങൾക്കറിയുമോ എത്രയേറെ ആശകൾ ഒളിപ്പിച്ചാണ് ഒരു പ്രവാസി മറ്റൊരു രാജ്യത്ത് തന്റെ വേരുകൾ പിടിപ്പിക്കാൻ പോകുന്നതെന്ന്. മണ്ണും വളവും വെള്ളവും ഒന്നുമില്ലാതെ കെട്ടിടത്തിന്റെ ഏതോ സൈഡിൽ പടർന്നു പിടിക്കുന്ന ഒരു വള്ളിയെച്ചെടിയെ പോലെയാണ് ആദ്യമവർ.
അവർ അയച്ച ഓരോ തുട്ടും അവരാഗ്രഹിച്ച വഴിയിൽ ചെലവഴിക്കാതെ മറ്റുള്ളവരുടെ ഇഷ്ടങ്ങളിലേക്ക് നീട്ടുമ്പോൾ ഒരു പ്രവാസി അവിടെ തോറ്റുതുടങ്ങുകയാണ്..
ഒരാൾ മരിക്കുമ്പോൾ അവരുടെ പ്രണയത്തിന്റെ സ്നേഹത്തിന്റെ പേഴ്സണൽ പ്രശ്നങ്ങളുടെ കഴുത്ത് ഞെരിക്കുന്ന മൊയന്തുകളോട് ഒരു ചോദ്യം?
നിങ്ങളെയും കൂടി പേടിച്ചല്ലേ ഒരാൾ ഈ ലോകത്തോട് വിടപറയുന്നത്?നിങ്ങൾക്കറിയുമോ അയാളുടെ ജീവിതം എന്തായിരുന്നു എന്ന്? ഏതേലും തരത്തിൽ സഹായിക്കാൻ നിങ്ങൾ ശ്രമിച്ചിരുന്നോ? സഹായിക്കാൻ ശ്രമിച്ചാൽ അവിഹിത കഥ ഉണ്ടാക്കുകയും,കേൾക്കുകയും ചെയ്തിരുന്നില്ലേ നിങ്ങൾ?
അവരവർ അനുഭവിക്കുമ്പോൾ മാത്രമേ അതിനൊക്കെ ആഴമുണ്ടാകൂ, വേദനയുണ്ടാകൂ എന്നൊരു സ്വർത്ഥത വെച്ച് പുലർത്തരുത്. ഒരാളുടെ പച്ചയിറച്ചി തിന്നാൻ നിങ്ങളിലേക്ക് എത്തുന്ന ഒരു ചെന്നായയെ പോലും അടുപ്പിക്കരുത്. അവർ നുണകളുടെയും കിംവദന്തികളുടെയും പരദൂഷണങ്ങളുടെയും ചോരക്കൊതിയിൽ ഓർഗാസം അനുഭവിച്ചവരാണ്. വിശക്കുമ്പോൾ നിങ്ങളെയും ഇരയാക്കിയേക്കാം…..
ഒരു സൗഹൃദം പ്രണയമാകുന്നത് അവരവർ അനുഭവിക്കുന്ന ജീവിതാവസ്ഥകളിലൂടെയാണ്.എത്രയേറെ തിരുത്തിയാലും ശരിയാകാത്ത ജീവിതങ്ങളുണ്ട്.എന്നാൽ പിന്നെ പിരിഞ്ഞൂടെ എന്നു ചോദിക്കുന്ന എത്രയോ മനുഷ്യർ ഇവിടെയുണ്ട്.ഒന്നുചോദിച്ചോട്ടെ അങ്ങനെ പിരിയണമെങ്കിൽ നമ്മുടെയൊക്കെ ചുറ്റുവട്ടത്തെ എത്രയോപേര് പിരിയണം? എന്തൊക്കെയോ ചരടുകൾ പരസ്പരം മുറുകിയിട്ടുണ്ട്. പെട്ടെന്നൊന്നും ഇട്ടുപോകാത്ത വിട്ടുപോകാനാകാത്ത
ഒരു ചരട്…..
എന്നാൽ അവിടെ സ്വസ്ഥതയുണ്ടോ അതുമില്ല. വിട്ടുപോകാനാകുമോ അതുമില്ല.
കൂടിക്കുഴഞ്ഞ പ്രശ്നങ്ങളിൽ ഒരു സൊല്യൂഷൻ കണ്ടെത്തി കൂടെയുണ്ട് എന്ന് പറയാൻ, തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളിൽ അതിത്രയേയുള്ളു നിങ്ങൾ ഒന്നാകണം എന്ന് പറയാൻ, ആ കുടുംബത്തെ ഭദ്രമായി നിലനിർത്താൻ ഒരു സൗഹൃദത്തിന് കഴിയും. അങ്ങനെയുള്ള സൗഹൃദങ്ങൾ പരസ്പരം അറിയുന്ന കാര്യങ്ങൾ അവർക്കൊപ്പം മാത്രം നിലനിർത്തും.മനുഷ്യർക്കൊക്കെ നിലനിൽക്കാൻ ഏതേലും ഒരു താങ്ങ് ആവശ്യമാണെന്നെ…..അതൊരു പെണ്ണിന് ചിലപ്പോൾ ആൺ സുഹൃത്ത് ആകാം, നേരെ തിരിച്ചും.
ഒരു ആണും പെണ്ണും സുഹൃത്തുക്കളായാൽ, യാത്രപോയാൽ, ഒരു കോഫി കുടിച്ചാൽ അവിടെ അവിഹിതത്തിന്റെ നിറം പിടിപ്പിച്ച ചിത്രങ്ങൾ വരയ്ക്കുന്നവരോട് പറയാനുള്ളത്, കിണറ്റിലെ തവളകൾ മാത്രമാണ് നിങ്ങൾ….അല്ലെങ്കിൽ അത് .പ്രണയമായാൽ തന്നെ നിങ്ങൾക്കെന്താണ്? അവരുടെ ലൈഫ്, അവരുടെ ഇഷ്ടങ്ങൾ ‼️
പ്രണയമെന്നത് തെറ്റല്ല എന്ന് നിങ്ങൾ എന്നാണറിയുക.?ഒരു വിവാഹിത അല്ലെങ്കിൽ വിവാഹിതൻ പ്രണയിച്ചാൽ ഏത് ലോകമാണ് ഇടിഞ്ഞു വീഴുക?ഓരോ മനുഷ്യർക്കും ജീവിച്ചിരിക്കാൻ ആ പ്രണയമാണ് കാരണമെങ്കിൽ ഞാൻ അതിൽ തെറ്റൊന്നും കാണുന്നില്ല…..
അതുമൂലം ആ കുടുംബത്തിന്, ഭാര്യയ്ക്ക്, മക്കൾക്ക്, ഭർത്താവിന്, മാതാപിതാക്കൾക്ക്, കൂട്ടുകാർക്ക് അവരെ ജീവനോടെ കിട്ടുന്നുവെങ്കിൽ അത് എത്ര നല്ലതാണ്……
മനുഷ്യർക്കൊക്കെ വേണ്ടത് നിങ്ങൾ കാണുന്നത് പോലെ സെക്സ് ഒന്നുമല്ല, ഒരൽപ്പം സ്നേഹം, കരുണ, തന്നെ കേൾക്കാൻ, സ്നേഹിക്കാൻ, കാത്തിരിക്കാൻ ഒക്കെയൊരാൾ, ജീവിതത്തിൽ കിട്ടാത്ത കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ കിട്ടി അവരും ജീവിച്ചിരിക്കുന്നു എന്ന് അടയാളപ്പെടുത്തുന്നതിൽ നിങ്ങൾക്കെന്താണ്?
അല്ലെങ്കിൽ ഓരോരുത്തരും പങ്കാളികളെ സന്തോഷിപ്പിക്കുന്നതെന്തെന്ന് തെരഞ്ഞു കണ്ടെത്തി അതിനനുസരിച്ച് ജീവിക്കണം, അവിടേക്ക് ഒരു പ്രണയവും എത്തില്ല……ഭൂരിഭാഗം കേസുകളിലും പങ്കാളിയുടെ പരാജയമാണ് ഇത്തരം സൗഹൃദങ്ങളിലേക്ക് എത്തുക….. അതാരും പറയില്ല.
മരിക്കുമ്പോൾ അയ്യോ മരിച്ചോ, ഞങ്ങൾ ഉണ്ടായിരുന്നില്ലേ, അല്ലാഹ് എന്തായിരുന്നു, എന്തേലും പ്രശ്നം ഉണ്ടായിരുന്നോ എന്നൊക്കെ പ്രൊഫൈൽ തെരയാൻ നടക്കും…..
ഒരാളുടെ പേഴ്സണൽ കാര്യങ്ങൾ അവരുടെ മാത്രമാണെന്നും അവർ അനുഭവിക്കുന്നത് നമുക്ക് അറിയില്ലെന്നും ഒരിറ്റ് സമാധാനം ആഗ്രഹിച്ച് മരിക്കാതിരിക്കാൻ ശ്രമിച്ചതാണെന്നും എന്നാണ് നിങ്ങളറിയുക?…..
ഇതിൽ വന്ന് എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല. ഒരു സ്ത്രീയോ പുരുഷനോ മരിക്കാതിരിക്കാൻ, തന്നെ പിന്നെ കൊല്ലാത്ത, മറ്റൊരാളെയും വേദനിപ്പിക്കാത്ത മറ്റൊരു കൂട്ട് തേടുകയാണെങ്കിൽ ഞാൻ അവരിൽ തെറ്റ് കാണില്ല…..
ജീവനാണ് വലുത്, ഓരോ മനുഷ്യരും അവർക്ക് കംഫർട്ട് ആയ രീതിയിൽ ജീവിച്ചിരിക്കട്ടെ. അതിന് അവർക്ക് അവകാശമുണ്ട്.
