രചന : അനിൽ മാത്യു ✍️
സൗഹൃദലിസ്റ്റിൽ ഉള്ള ഒരാൾ മരണപ്പെടുന്നു.അല്ല..സ്വയം ജീവിതം അവസാനിപ്പിക്കുന്നു.അവരുടെ മരണവാർത്ത ആദ്യം അറിയുന്നത് അവരുമായി അത്ര അടുത്ത് നിന്നൊരാൾ ആവും.അവർ മുഖേന പോസ്റ്റുകളിലൂടെയും മെസ്സഞ്ചറിൽ കൂടെയും മറ്റും ബാക്കി സൗഹൃദവലയങ്ങളിലേക്ക് എത്തുന്നു.
അറിയാവുന്നവർ ഫോട്ടോ വച്ചൊരു പോസ്റ്റ് ഇടുന്നു. അറിയാത്തവർ പോലും അതിന് താഴെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഒന്നോ രണ്ടോ ദിവസങ്ങൾമാത്രം നീണ്ടു നിൽക്കുന്നഅനുശോചനം.അതിന് ശേഷം പോസ്റ്റ് ഇട്ടവരും അവരുടേതായ തിരക്കുകളിലേക്ക് തിരിയും
എഴുത്തുകളിലൂടെയും മറ്റും സൗഹൃദങ്ങൾക്കിടയിൽ നല്ല പോലെ ആക്റ്റീവ് ആയ ഒരാൾ ആണെങ്കിൽ കുറച്ച് ദിവസം കൂടി ഓർമിയ്ക്കപ്പെടും.. പിന്നെ അതും മറക്കും
കുറച്ച് നാളുകൾക്ക് ശേഷം “ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നല്ലോ, ഇപ്പൊ കാണുന്നില്ലല്ലോ, ഫേസ്ബുക് കളഞ്ഞോ” എന്നുള്ള ചിന്ത വരുമ്പോ അവരെ സെർച്ച് ചെയ്ത് പ്രൊഫൈലിൽ കേറി നോക്കുമ്പോഴാണ് ഓർക്കുന്നത് ഇയാൾ മരിച്ചു പോയല്ലോ എന്ന്.
ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ എഴുത്തിലൂടെയോ വാക്കുകളിലൂടെയോ ചെറിയ സൂചന എങ്കിലും തരാറുണ്ട്.. പലരും അത് മനസ്സിലാക്കാറില്ല എന്നതാണ് സത്യം.
ലോകത്ത് എല്ലാ മനുഷ്യരും ഒന്നല്ലെങ്കിൽ മറ്റൊരു കാര്യത്തിൽ അസ്വസ്ഥരാണ്.
സമ്പത്തും വലിയ വീടും കാറും നല്ല ജോലിയും ഉള്ളവൻ ചിലപ്പോൾ അവന്റെ ജീവിതത്തിൽ പരാജയം ആയിരിക്കും
ജീവിതം പരസ്പരം സ്നേഹിച്ചു തീർക്കുന്നവർ കടഭാരത്തിന്റെ അല്ലെങ്കിൽ രോഗത്തിന്റെ ദുഃഖം പേറിയവർ ആയിരിക്കും.
മിക്കവാറും ആത്മ —ഹത്യ ചെയ്ത ഒരാളെ കുറിച്ചുള്ള പോസ്റ്റുകൾക്ക് കൊടുക്കുന്ന ക്യാപ്ഷൻ ആണ് “നീ എന്തിനിത് ചെയ്തു?” അവർക്കതിന് മറുപടി തരാൻ കഴിയില്ലന്ന് നമുക്കറിയാം.. എന്നിട്ടും ചോദിക്കും.
എന്തിനാണ് നീ ഇത് ചെയ്യുന്നത് എന്ന് ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നതല്ലേ അവരത് ചെയ്യാനുള്ള കാരണം?
ഒരാൾ, ഒരാൾ മാത്രം മതി ജീവിതം നീറി കഴിച്ച് കൂട്ടുന്ന ഒരാൾക്ക് ആശ്വാസമാവാൻ
ഒരു പക്ഷെ, ഈ ലോകം മടുത്ത് സ്വയം ഇല്ലതാവുന്നതിന് മുമ്പ് ഒരിക്കലെങ്കിലും അവർ നമ്മളോട് സംസാരിക്കാൻ വന്നിട്ടുണ്ടാവും.. കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് നമ്മൾ പോകും.. പിന്നീട് എപ്പോഴെങ്കിലും അയാളുടെ മരണ വാർത്ത കേൾക്കുമ്പോ അറിയാതെ യെങ്കിലും ഒരു കുറ്റബോധം തോന്നും.
സാമ്പത്തിക ബുദ്ധിമുട്ടിനാൽ ജീവിതം മടുത്തവർക്ക് ആശ്വാസവാക്ക് കൊണ്ട് സമാധാനം തിരിച്ച് കൊടുക്കാൻ കഴിയില്ല. അതിന് പണം തന്നെ വേണം. എന്നാൽ ജീവിത പ്രശ്നങ്ങളിൽ നീറുന്നവർക്ക് ആശ്വാസമാവാൻ നല്ലൊരു വാക്ക് മതി. എന്ത് സാഹചര്യത്തിലും കൂടെയുണ്ടെന്ന് ഒരു തോന്നൽ ഉണ്ടാക്കി കൊടുത്താൽ മതി അവർക്ക് ജീവിയ്ക്കാനുള്ള ആഗ്രഹം തിരിച്ചു പിടിക്കാൻ.
നല്ല സൗഹൃദങ്ങളെ ചേർത്ത് പിടിക്കുക, അവരെ കേൾക്കുക, പ്രയാസങ്ങൾ മനസ്സിലാക്കുക സഹായിക്കാൻ കഴിയുന്നതാണെങ്കിൽ സഹായിക്കുക.. ഒരു മനുഷ്യായുസ്സിൽ നമുക്ക് ചെയ്യാൻ കഴിയുന്ന നല്ലകാര്യം അതാവും.
എല്ലാം അവസാനിപ്പിച്ച് പോകാൻ ഒരുങ്ങുന്നവരെ…. ഈ ലോകം മുഴുവൻ നിങ്ങളെ വെറുക്കുന്നുണ്ടാവും.. പക്ഷെ നിങ്ങളുടെ കയ്യാൽ നിങ്ങളുടെ വീട്ടിലെ ഒരു പൂച്ചക്കുഞ്ഞ് പോലും അല്പം ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ,ലാളന ഏൽക്കുന്നുണ്ടെങ്കിൽ നിങ്ങൾ പോകുന്നതോടെ ആ ജീവി പോലും അനാഥമാകും.
നമ്മെ സ്നേഹിക്കാത്തവരോട് സ്നേഹം പിടിച്ചു വാങ്ങാൻ നിൽക്കരുത്.. അവർക്ക് നമ്മളെക്കാൾ priority മറ്റുള്ളവർ ആവാം.. ആ സമയം നാം നമ്മളെ സ്നേഹിക്കുന്നവരെ തിരയുക, ജീവിതം കളറാവും.
