എഡിറ്റോറിയൽ ✍️
യെമന്‍ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ ശിക്ഷ നാളെ നടപ്പാക്കില്ല എന്നും ഇന്ത്യന്‍ ശ്രമങ്ങളുടെ ഫലമായാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം എന്നും കേന്ദ്രം അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ച കാര്യം ആക്ഷന്‍ കൗണ്‍സിലും കേന്ദ്ര സര്‍ക്കാരും സ്ഥിരീകരിച്ചു.
നഴ്‌സായ നിമിഷപ്രിയ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. നാളെ വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാന്‍ തീവ്രശ്രമമാണ് കുടുംബവും രാജ്യവും നടത്തിയത്. ഇന്നലെയും ഇന്നുമായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്.
ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ശിക്ഷ മാറ്റി വെക്കാനുളള തീരുമാനം വന്നിരിക്കുന്നത്. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കേണ്ട ദിവസം. കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിനെ തുടർന്നാണ് അവസാന മണിക്കൂറുകളില്‍ ആശ്വാസ തീരുമാനം വന്നിരിക്കുന്നത് എന്നാണ് വിവരം. അതേസമയം കേന്ദ്ര ഉദ്യോഗസ്ഥര്‍ യെമനിലെ ജയില്‍ ഉദ്യോഗസ്ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നാളത്തെ വധശിക്ഷ നടപ്പാക്കല്‍ നീട്ടി വെച്ചിരിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
കാന്തപുരം അടക്കമുളളവര്‍ പങ്കെടുത്ത ഇന്നലത്തെ ചര്‍ച്ചയില്‍ ഉന്നയിച്ച നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കണമെന്ന ആവശ്യത്തില്‍ കുടുംബം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. എങ്കിലും മതപണ്ഡിതരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പോസിറ്റീവായ തീരുമാനം വരും എന്ന് തന്നെയാണ് നിമിഷ പ്രിയയുടെ കുടുംബവും കേരളവും ഒരുപോലെ പ്രതീക്ഷിക്കുന്നത്. എട്ടരക്കോടി രൂപ അഥവാ പത്ത് ലക്ഷം ഡോളര്‍ ആണ് തലാലിന്റെ കുടുംബത്തിന് ദയാധനമായി നല്‍കേണ്ടി വരിക. തലാലിന്റെ കുടുംബത്തിലെ രണ്ട് പേര്‍ക്കാണ് നിമിഷ പ്രിയയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനോട് എതിര്‍പ്പ് എന്നാണ് വിവരം. ഖുറാന്‍ സൂക്തങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി കുടുംബത്തെ അനുനയിപ്പിക്കാനുളള നീക്കങ്ങളാണ് ചര്‍ച്ചയില്‍ നടക്കുന്നത്. ഇന്നും ഇതുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. തലാലിന്റെ നാടായ ദമാറില്‍ വെച്ചാണ് ചര്‍ച്ച. വധശിക്ഷ ഇളവ് ചെയ്ത് കിട്ടാനുളള ചര്‍ച്ചകള്‍ ഇനിയും തുടരും എന്നാണ് കാന്തപുരവുമായി ബന്ധപ്പെട്ടവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നിമിഷപ്രിയയെ രക്ഷിക്കാനുളള ദയാധനത്തിന് എത്ര പണം വേണമെങ്കിലും നല്‍കാന്‍ തയ്യാറാണ് എന്നാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചിരിക്കുന്നത്. സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിഷയത്തില്‍ ഇടപെട്ടിന് പിന്നാലെയാണ് എംഎ യൂസഫലിയോട് സഹായം തേടിയത്. നിമിഷ പ്രിയയെ രക്ഷപ്പെടുത്താന്‍ 1 കോടി രൂപ സംഭവാന നല്‍കുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യെമനില്‍ നഴ്‌സ് ആയി ജോലി ചെയ്യവേ 2017 ജൂലൈ 25ന് ആണ് തലാല്‍ അബ്ദുമഹദിയെ നിമിഷപ്രിയ കൊലപ്പെടുത്തിയത്. യെമനില്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തലാല്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ നിമിഷ പ്രിയയുടെ പാസ്സ്‌പോര്‍ട്ട് പിടിച്ചെടുത്തതും ക്രൂരമായ പീഡനം നടത്തിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.