ഇപ്പൊ എവിടെ നോക്കിയാലും ഓസി എന്ന ദിയാ കൃഷ്ണയുടെ പ്രസവം ആണല്ലോ വിഷയം,പ്രസവിക്കുന്നത് വരെ ഉള്ള സകല കാര്യങ്ങളും ഓസി ആരാധികയായ ശ്യാമ അപ്പോഴപ്പോൾ അറിഞ്ഞു കൊണ്ടിരുന്നു,ഒരു ദിവസം ശ്യാമ എന്നോട് വന്നു പറഞ്ഞു
ഇന്നാണ് അശ്വിന്റെ വീട്ടുകാർ പലഹാരവുമായി വരുന്നത്,
പറക്കും തളികയിൽ ഗീഥാ സലാം പറയുന്നത് പോലെ ഞാൻ പറഞ്ഞു, ഏത് അശ്വിൻ ? അവനെ ഒന്നും ഈ വീട്ടിക്കേറ്റാൻ ഒക്കത്തില്ലഓ ഇങ്ങോട്ടല്ല, ഓസിയെ കാണാൻ
അതാണ് അവസ്ഥ,സത്യത്തിൽ ശ്യാമ ഫുൾ ടൈം ഇത്തരം ചാനലുകൾ കാണുന്നതിനോട് എനിക്ക് എതിർപ്പാണ്,പക്ഷെ പറയാൻ പറ്റില്ല,അപ്പോൾ ശ്യാമ തിരിച്ചു ചോദിക്കും,നിങ്ങൾ കോമഡി ചാനൽ കാണുന്നില്ലേ? ചാനൽ ചർച്ചകൾ കാണുന്നില്ലേ? ഞാൻ ഒന്നും പറയാറില്ലല്ലോ,അതിനേക്കാൾ ഭേദം ആണിത്
ഒരു ദിവസം സിന്ധു കൃഷ്ണ ടെറസിൽ നിന്നും എടുത്ത തുണി മടക്കി വെക്കുന്ന എപ്പിസോഡ് കണ്ടു ലയിച്ചിരുന്ന ശ്യാമയോട് ഞാൻ പറഞ്ഞു, നമ്മൾ നനക്കാൻ ഇട്ട തുണി ഒന്ന് മടക്കി വെച്ചൂടെ ,എന്നിട്ട് കണ്ടാൽ പോരെ?

ഇത് പോലെ കുറെ ഉണ്ട്, ഇപ്പൊ ദിയ പ്രസവിച്ചു,ഇനി ഒരു തനി മലയാളി പ്രസവിക്കാൻ വയറും തള്ളി നടപ്പുണ്ട്,ഇപ്പോൾ പ്രസവത്തിനു ഇടാൻ ഉള്ള വേഷം ഒക്കെ എടുക്കുന്ന പരിപാടി ആണ്,അവരുടെ ഡെലിവറി ഡേറ്റ് ഭർത്താവ് മറന്നാലും ശ്യാമ ഓർക്കും,.
ദിയയുടെ പ്രസവം കേട്ടറിഞ്ഞടത്തോളം നല്ലതാണ്,കാരണം ഒറ്റക്ക് ആരെയും പരിചയമില്ലാത്ത ലേബർ റൂമിൽ കിടന്ന് പ്രസവിക്കുന്നതിനേക്കാൾ നല്ലതാണ് വേണ്ടപ്പെട്ട എല്ലാവരും കൂടെ ഉള്ളപ്പോൾ പ്രസവിക്കുന്നത്.പിന്നെ അത് വീഡിയോ ആയി ഇടുന്നത് ,വ്യക്തിപരമായി എനിക്ക് പറ്റില്ല,പക്ഷെ ഇത് എന്റെ പ്രസവം അല്ല,അവരുടെ ആണ്,അപ്പോൾ തീരുമാനം അവരുടേതാണ്,എനിക്ക് വേണ്ടെങ്കിൽ കാണണ്ട,അത്രയേ ഉള്ളു അതിൽ എന്റെ അഭിപ്രായം

അന്യന്റെ കാര്യങ്ങൾ അറിയാൻ ഉള്ള മലയാളിയുടെ,അല്ല ,മനുഷ്യന്റെ ആ ഒരു താല്പര്യം നിലനിൽക്കുന്നിടത്തോളം ആളുകൾ നേരത്തെ പറഞ്ഞത് പോലെ വീഡിയോകൾ ചെയ്യും .കണ്ടന്റ് ഇല്ലെങ്കിൽ കണ്ടന്റ് ഉണ്ടാകും,വീട് ക്ലീൻ ചെയ്യുന്ന വീഡിയോ,മീൻ വാങ്ങാൻ പോകുന്നെ വീഡിയോ,എന്റെ ഒരു ദിവസം,എന്റെ മോന്റെ ഒരു ദിവസം, അങ്ങനെ അങ്ങനെ,ബിഗ് ബോസ് ഒക്കെ സൂപ്പർ ഹിറ്റ് ആവുന്നത് അങ്ങനെ ആണ്, ഈ വാചകമടിച്ച ഞാനും കുറെ കണ്ടതാണ്. നല്ല കണ്ടന്റ് ഉള്ള വീഡിയോ ആണെകിൽ ആരിട്ടാലും ഓക്കേ,പക്ഷെ തുണി മടക്കി വെക്കുക,മുറ്റം തൂക്കുക എന്നീ വീഡിയോ ഓരോരുത്തർ ഇടുന്നതും അതിനു ലക്ഷക്കണക്കിന് വ്യൂവേഴ്സ് കിട്ടുന്നതും ഒക്കെ ആലോചിച്ചാൽ എനിക്ക് അസൂയ കാരണം കണ്ണിൽ ഇരുട്ട് കേറും,അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്നല്ലേ,ആദ്യത്തേത് ഇപ്പോൾ ഉണ്ട്,വരില്ലെന്നുറപ്പിച്ച കഷണ്ടിയും കുറേശെ വന്നു തുടങ്ങിയിട്ടുണ്ട്

അപ്പൊ പറഞ്ഞ വിഷയം പ്രസവം ആണല്ലോ,പ്രസവം ആയാലും മരണം ആയാലും കല്യാണം ആയാലും എന്തായാലും കാശുണ്ടോ,ഒരുവിധം നന്നായി കാര്യങ്ങൾ നടക്കും,എറണാകുളം ആസ്റ്റർ മെഡി സിറ്റിയിൽ ഒരു വേണ്ടപ്പെട്ട ചേട്ടനെ കാണാൻ പോയപ്പോൾ ഞാൻ കണ്ണ് തള്ളിയിട്ടുണ്ട്,ഫൈവ് സ്റ്റാർ സ്യൂട്ട് മാറി നിൽക്കും,അതിന്റെ മൂന്നാം പക്കം ഞാൻ മെഡിക്കൽ കോളേജിൽ ഒരു പഴയ എസ്റ്റേറ്റ് തൊഴിലാളിയെ കാണാനും പോയിരുന്നു,കണ്ണ് നിറഞ്ഞു പോയി,ഒരു കട്ടിലിന്റെ കീഴെ ആണ് പുള്ളി കിടക്കുന്നത്,രോഗികളും കൂട്ടിരിപ്പുകാരും എല്ലാം കൂടെ വൻ തിരക്ക്,വല്ലാത്ത ഒരു മണം അവിടമാകെ, ചാനൽ മ്യൂസിക്കും കേട്ട് കിടന്നിരുന്ന നേരത്തെ പറഞ്ഞ ആ ചേട്ടന്റെ അതെ അസുഖം ആണ് ഈ പുള്ളിക്കും,പൈസ ഉള്ളവന് ജീവിതം സുഖമാണ് ,എന്നും എവിടെയും, പൈസ കൊടുത്തു വാങ്ങാൻ കിട്ടാത്തത് മനസമാധാനം മാത്രമാണെന്ന് തോന്നും

കേട്ടറിഞ്ഞടത്തോളം ഈ പുതിയ ബെർത്തിംഗ് സ്യൂട്ട് അടിപൊളി ആണ്,ഏതോ ഇൻജെക്ഷൻ എടുത്താൽ വേദന വളരെ കുറവായിരിക്കും പോലും ,പിന്നെ പ്രസവ സമയം എത്ര പേരെ വേണോ കൂടെ നിര്ത്താം,നല്ല ചുറ്റുപാട്,മ്യൂസിക്,ആസ്വദിച്ച് പ്രസവിക്കാം ,നല്ല കാര്യം,പൈസ ഇല്ലാത്തവർ തൈക്കാട് ആശുപത്രിയിൽ നിലത്തു കിടന്ന് പ്രസവിക്കും,പക്ഷെ അത് അങ്ങനെ ആയതു കൊണ്ട് ഇവർക്ക് ഈ ഫെസിലിറ്റി ഉപയോഗിച്ച് കൂടാ എന്ന് നമ്മൾ എങ്ങനെ പറയും,എല്ലാം പൈസ കൊണ്ടാണ് തീരുമാനിക്കപ്പെടുന്നത്,ഞാൻ ഒരിക്കൽ എഴുതിയത് പോലെ തിരുപ്പതി ഭഗവാനെ കാണാൻ പോയപ്പോൾ ഒരു തെലുങ്ക് കോടീശ്വരൻ ആയിരുന്നു ഞാൻ എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി,എനിക്ക് വേണ്ടി അല്ല,മണിക്കൂറുകൾ ക്യൂ നിന്നു മുന്നിൽ എത്തി ഒരു മിനിറ്റ് പോലും നിറുത്താതെ അവർ തള്ളി നീക്കിയ ശ്യാമക്ക് വേണ്ടി.,അവിടെയും പൈസ അല്ലെങ്കിൽ പവർ ആണ് താരം,ലോകമേ അങ്ങനെ ആണ്,ഈ പറയുന്ന ഞാൻ ചാൻസ് കിട്ടിയാൽ ട്രെയിൻ ഒഴിവാക്കി പ്ലെയിനിൽ പോകും,സമയം ലാഭിക്കാൻ,എന്ത് കൊണ്ട് പാവങ്ങൾ സെക്കൻഡ് ക്ലാസ്സിൽ അല്ലെ പോകുന്നത് എന്ന് ഞാൻ ചിന്തിക്കുന്നില്ല,

അപ്പൊ എല്ലാരും അങ്ങനെ ഒക്കെ തന്നെയാണ്
ഇന്ന് അമ്മയെ കാണാൻ പോയപ്പോൾ ഞാൻ ഈ വിഷയം സംസാരിച്ചു,വീഡിയോ ഇട്ടു എന്ന് പറഞ്ഞപ്പോൾ ‘അമ്മ അയ്യേ എന്ന് പറഞ്ഞു, ഞാൻ പറഞ്ഞു മുഖം മാത്രമേ കാണിച്ചുള്ളൂ,അപ്പോൾ അമ്മക്ക് ആശ്വാസമായി, അച്ഛന്റെ വാശിയിൽ ‘അമ്മ സർക്കാർ ആശുപത്രിയിൽ ആദ്യ പ്രസവത്തിനു പോയപ്പോൾ പ്രോപ്പർ അറ്റൻഷൻ കിട്ടാതിരുന്നതു കാരണം കുഞ്ഞു മരിച്ചതും,മരിച്ചു വയറിൽ കിടന്നതും,സ്റ്റിൽബോൺ കുഞ്ഞിനെ കണ്ടപ്പോൾ ‘അമ്മ രക്ഷപ്പെട്ടത് ഭാഗ്യം എന്ന് ഡോക്ടർ പറഞ്ഞതും എല്ലാം ‘അമ്മ ഓർത്തു,രണ്ടാമത്തെ പ്രസവം അതായത് ഞാൻ പേട്ടയിലെ സെയിന്റ് ആൻസ് നേഴ്സിംഗ് ഹോമിൽ ആണ് ജനിച്ചത്,അനിയത്തിയും അതെ
അമ്മയുടെ ‘അമ്മ,അമ്മൂമ്മയുടെ ‘അമ്മ,അമ്മയുടെ ചേച്ചി എല്ലാവരും ചെട്ടികുളങ്ങര വീട്ടിൽ ആണ് പ്രസവിച്ചത്,ചേച്ചിയുടെ,അതായത് വല്യമ്മയുടെ മക്കളിൽ അഞ്ചു പേരിൽ അവസാനത്തെ ആളെ മാത്രമാണ് ആശുപത്രിയിൽ പ്രസവിച്ചത്,പണ്ട് അമ്മയുടെ അമ്മായി ഒക്കെ സുഖ പ്രസവം ആയിരുന്നത്രേ,നെല്ലും കുത്തി പത്തായത്തിൽ ഇട്ടിട്ട് അമ്മായി പോകുന്ന വഴി “പ്ലൂക്ക്” എന്ന് പറഞ്ഞ് എന്തോ വീണത്രെ,പുറകെ വന്ന ആരോ പറഞ്ഞു,

അല്ലാ അമ്മാളൂ നീ പ്രസവിച്ചല്ലോ,ആൺ കുഞ്ഞാണ് ,ആശംസകൾ
അതൊക്കെ ചുമ്മാ തള്ളായിരിക്കും.എന്നാലും ഇത്ര വലിയ പ്രാധാന്യം അവരൊക്കെ പ്രസവത്തിനു കൊടുത്തിരുന്നോ എന്ന് സംശയമാണ്
ഏതായാലും ഓസി അഥവാ ദിയാ പുതിയ ചരിത്രം സൃഷ്ട്ടിച്ചു,ഇനി ഇതിനെ അനുകരിച്ചു കുറേപ്പേർ പ്രസവത്തോടുള്ള പേടി ഒക്കെ മാറ്റി വീട്ടുകാർക്കൊപ്പം സന്തോഷത്തോടെ പ്രസവിക്കട്ടെ, കാലക്രമേണ സർക്കാർ ആശുപത്രികളിലും ഇങ്ങനെ ഒരു സിസ്റ്റം വരാൻ പ്രാർത്ഥിക്കാം,

അജോയ് കുമാർ
NB -അമ്മയുടെ പ്രസവം എങ്ങാനും ക്യാമറയിൽ എടുക്കാൻ അച്ഛൻ ശ്രമിച്ചെങ്കിൽ എന്തായേനെ എന്ന് ഞാൻ അനിയത്തിയോട് ചോദിച്ചു,ഉത്തരവും ഞാൻ തന്നെ പറഞ്ഞു ,പണ്ട് കല്യാണങ്ങൾക്ക് വീഡിയോ ക്യാമറ വന്ന കാലം ഏത് സദ്യക്ക് ഇരുന്നാലും ക്യാമറ വരുമ്പോൾ അത് പോകുന്നത് വരെ ‘അമ്മ വായിലേക്ക് കൊണ്ട് പോയ ഉരുള പകുതിക്ക് വെച്ച് നിറുത്തി കാനായി കുഞ്ഞിരാമന്റെ “ഉരുള ഏന്തിയ മലയാളി പെൺകൊടി” എന്ന പ്രതിമ ആയി ഇരിക്കും,അത് പോലെ പ്രസവം നടക്കുന്നതിനിടെ അച്ഛൻ ക്യാമറയും കൊണ്ട് വരുന്നത് കാണുമ്പൊൾ പ്രസവം പകുതി വെച്ച് നിറുത്തി ‘അമ്മ “പ്രസവക്കിടക്കയിലെ മലയാളിത്തള്ള” എന്ന പ്രതിമ ആയേനെ,ഞാൻ വടിയുമായേനെ

ഇത്രയും സുന്ദരമായ ഒരു പ്രസവം ഞാൻ കണ്ടിട്ടില്ല… ഒരു കുടുംബം മുഴുവൻ ഒരു പെൺകുട്ടിയുടെ പ്രസവത്തിന് കൂടെ നിൽക്കുന്നു… അവൾ ആഗ്രഹിക്കുന്ന എല്ലാവരും അവളുടെ ഏറ്റവും വേദനയുള്ള സമയത്ത് അവളുടെ കൂടെ നിന്നു സമാധാനിപ്പിക്കുന്നു.. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സന്തോഷിക്കുന്ന സന്തോഷം കണ്ടെത്തുന്ന ലൈഫ് എൻജോയ് ചെയ്യുന്ന എന്തിനും ഏതിനും പരസ്പരം കൂട്ടായ് നിൽക്കുന്ന മക്കൾക്ക് വേണ്ടി ഏത് അറ്റം വരെ പോകുന്ന ഒരച്ഛനും അമ്മയും കൊണ്ടുപോകുന്ന മനോഹരമായ ഒരു കുടുംബം
ഏറ്റവും സ്വാതന്ത്ര്യം ആഘോഷിക്കുന്ന പെൺകുട്ടികൾക്ക് ജന്മം കൊടുത്ത ഒരു അച്ഛനും അമ്മയും… പെൺകുഞ്ഞുങ്ങളെ ഏറ്റവും ഭംഗിയായി വളർത്തിക്കൊണ്ടുവന്ന ഒരു അച്ഛനും അമ്മയും… സമൂഹം എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കാതെ സ്വന്തം മക്കളുടെ കൂടെ നിന്ന ഒരച്ഛനും അമ്മയും… സിന്ധു എന്ന അമ്മ നാലു പെൺകുഞ്ഞുങ്ങളെ എന്തു ഭംഗിയായയാണ് വളർത്തിക്കൊണ്ടുവന്നത്.. ഒരു പെൺകുട്ടിക്ക് അവളായി ജീവിക്കാൻ അനുവദിക്കുന്ന അവളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കൂടെയുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ചേർത്തുപിടിക്കുന്ന ഒരു കുടുംബം.

കൃഷ്ണകുമാർ എന്ന അച്ഛൻ ആ കുടുംബത്തിന്റെ നെടുംതൂണാണ്… എന്റെ മക്കൾക്ക് വേണ്ടി ഞാൻ ഏതറ്റം വരെ പോകുമെന്ന് പറയുന്ന അച്ഛൻ.. ഏറ്റവും സന്തോഷത്തോടെയാണ് ആ പെൺകുഞ്ഞ് ലേബർ റൂമിലെക്ക് കയറിയത്… അവളുടെ കൂടെ ഒരു കുടുംബം മുഴുവൻ അവളുടെ കുഞ്ഞിനെ വരവേൽക്കാൻ കാത്തുനിൽക്കുന്നു.. അവളുടെ അച്ഛൻ അവളെ തലോടി ആശ്വസിപ്പിക്കുന്നു.. അവളുടെ അമ്മയും ഭർത്താവും കൂടെ നിൽക്കുന്നു.. ഏറ്റവും പ്രിയപ്പെട്ട എല്ലാവരും അവളുടെ ചുറ്റും നിൽക്കുന്നു ..

അങ്ങനെ ഏറ്റവും സന്തോഷത്തിലേക്ക് ഏറ്റവും മനോഹരത്യയിലേക്ക് ആ കുഞ്ഞു പിറന്നു വീഴുമ്പോൾ അവർ കൈയ്യടിച്ചതിനെ സ്വീകരിക്കുന്നു…ദിയ യുടെ ഭർത്താവിനോട് ആ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവളെ സ്വന്തമാക്കിയ ആ നിമിഷത്തിനു ശേഷo ഏറ്റവും സുന്ദരമായ നിമിഷമാണിതെന്ന് ആ ചെറുപ്പക്കാരൻ പറയുന്നു.. അതായത് കുഞ്ഞിന്റെ അമ്മയെ ഏറ്റവും സ്നേഹിക്കുന്നു അവൾ കാരണമാണ് കുഞ്ഞ് ലഭിച്ചതെന്ന് അയാൾ അഭിമാനിക്കുന്നു..

ചുറ്റും സ്നേഹത്തിന്റെ ചൂട്… സന്തോഷത്തിന്റെ തിരകൾ….
ദിയ പുഷ്… ബേബി ഇപ്പോ വരുമെന്ന് അത് കണ്ടിരുന്ന ഞാനും കൂടി പറഞ്ഞു … കുഞ്ഞു പുറത്തു വന്നപ്പോൾ ചുറ്റുമുള്ളവരോടൊപ്പം ഞാനും കരഞ്ഞു… അത്രയും സ്നേഹത്തിലേക്ക്, ആഘോഷത്തിലേക്ക് ഒരു കുഞ്ഞ്…
സമൂഹത്തെയും മറ്റുള്ളവരെയും പേടിച്ച് തന്റെ പെൺകുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കാതിരുന്ന , അവരുടെ സന്തോഷം തല്ലിക്കൊടുത്താതിരുന്ന കൃഷ്ണകുമാർ എന്ന അച്ഛനും സിന്ധു എന്ന അമ്മയ്ക്കും ഒരായിരം സ്നേഹം..❤️❤️

By ivayana

Leave a Reply

Your email address will not be published. Required fields are marked *