രചന : ശിവരാജൻ കോവിലഴികം മയ്യനാട് ✍
എന്തുവേണം നമ്മളെന്തു ചെയ്യും
പിൻതുടർന്നെത്തുന്ന പ്രാണഭാരങ്ങളാൽ
പാതിയും പതിരായ ജീവന്റെ മുക്തിക്കാ-
യെന്തുവേണം നമ്മളെന്തു ചെയ്യും?
പഴികേട്ടൊടുങ്ങുന്ന പഥികനായ്, പതിതനായ്
വീഴാതിരിക്കുവാനെന്തു വേണം ?
വെറിവെയിലിലുരുകുന്ന ഹൃദത്തിനുള്ളിലെ
നെടുവീർപ്പടങ്ങുവാനെന്തു വേണം ?
വേരറ്റുപോകുന്ന സ്നേഹബന്ധങ്ങൾതൻ
തീരത്തു നാമിനിയെന്തുവേണം ?
വിധി തന്ന കൈപ്പുനീർ മോന്തിക്കുടിക്കുമ്പോൾ
കരയാതിരിക്കുവാനെന്തു വേണം ?
മൗനത്തിനർത്ഥം തിരഞ്ഞു, നാം തോല്ക്കുമ്പോൾ
ഇടറാതിരിക്കുവാനെന്തു വേണം ?
പാതിയും കൈവിട്ടുപോകുന്ന നിദ്രതൻ
പിന്നാലെ പോകുവാനെന്തു വേണം ?
മുന്നിൽച്ചിരിക്കുംമുഖങ്ങൾക്കു പിന്നിലെ
അകമൊന്നറിയുവാനെന്തു വേണം ?
കണ്ടാലറിയാത്ത, മിണ്ടാൻ മടിക്കുന്ന,
രക്തബന്ധങ്ങളെ നാമെന്തുചെയ്യും ?
മുറ്റത്തു നാലു കാർ, നാലുനിലമാളിക
നാലുപേർ വാഴുന്നവിടന്യരെപ്പോൽ !
നായുണ്ട്, ബോഡുണ്ട്, മതിലുണ്ടതിന്നുള്ളിൽ
സംസ്കാരമില്ലെങ്കിലെന്തു ചെയ്യും !
പുഞ്ചിരിപ്പൂക്കളെ തല്ലിക്കെടുത്തുന്ന
കാമാന്ധലോകത്തെ നാം എന്തു ചെയ്യും ?
കർഷകർ നിത്യം മരിക്കുന്ന നാടിതിൽ
ഭരണവർഗ്ഗത്തിനെയിനിയെന്തു വേണം ?
ആൾദൈവപൂജയ്ക്കു സമ്പാദ്യമേകുന്ന
പമ്പരവിഡ്ഢിയെ എന്തു ചെയ്യും ?
അമ്മയ്ക്കു നല്‌കാതെ ദൈവത്തിനേകുന്ന
പാമരലോകത്തെയെന്തു ചെയ്യാം ?
നിറമുള്ള കൊടിയുണ്ടതിന്നുള്ളിൽ നിണമുണ്ട്
നിറമറ്റ കണ്ണുനീരേറെയുണ്ട്
ആദർശമില്ലാത്ത കൊടിനാട്ടുവാൻ കോടി-
യണിയുന്ന മക്കളെയിനിയെന്തു ചെയ്യും ?
കൂട്ടൊന്നു കൂടി കുതികാലറക്കുന്ന
കൂട്ടുകാരെയിനിയെന്തു ചെയ്യാം ?
കൂടെപ്പിറന്നവർ കുടലെടുക്കുമ്പൊഴാ
കൂടെപ്പിറപ്പിനെയെന്തു ചെയ്യും ?
കണ്ടതും കേട്ടതും കൊണ്ടതുമൊക്കെയും
വീണ്ടും സഹിപ്പോരെയെന്തു ചെയ്യും ?
കണ്ടിടത്തെല്ലാം സദാചാരമൂങ്ങുന്ന
തെണ്ടിത്തരത്തിനെയെന്തു ചെയ്യും
എന്തുവേണം നമ്മളെന്തുവേണം
തിന്മയെ ഒന്നിച്ചെതിർത്തീടണം
നേരിനുവേണ്ടി ചലിക്കണം നാവുകൾ
നെറികേടുകണ്ടാൽ പ്രതികരിച്ചീടണം
ആർക്കുമടിമകളല്ലയീ പാരിതിൽ
വന്നുപിറന്നവരൊരു കാലവും
അറിവതു നാടിൻപുരോഗതിക്കാകണം
അറവുമാടല്ലതുമോർത്തീടണം
ആദ്യം മനുഷ്യനായ്മാറിടാമെങ്കിലാ
ദൈവവും നമ്മളും തുല്യർതന്നെ
എന്തു വേണം നമ്മളെന്തു ചെയ്യും
മനുഷ്യനായ് മാറേണമിനിയെങ്കിലും!
