രചന : ബാബുരാജ് കടുങ്ങല്ലൂർ ✍
എൻ്റെ രാത്രികൾ പുതച്ച്
കിടപ്പുണ്ട്:
ഇരുട്ട് വീണ സ്വപ്നങ്ങളുടെ മീതെ?
എൻ്റെ ബോഗൻവില്ലകൾക്ക് മുകളിൽ കറുത്ത കാറ്റ് പുതച്ച
ഒരു മേഘമുണ്ട്……..
വറ്റിയ കടൽ പോലെ ചില
കയറ്റിറക്കങ്ങൾ ?
അതിൽ വലിയ മുൾമരങ്ങളുടെ
നിഴലുകൾ വീണ് കിടക്കുന്നുണ്ട്.
മാറാല കെട്ടിയത് പോലെ ചില
നിറങ്ങൾ മാഞ്ഞു പോയിട്ടുണ്ട്?
എങ്കിലും എൻ്റെ ബോഗൻവില്ല –
പൂക്കാതിരുന്നിട്ടില്ല?
ശവക്കോട്ടയിലെ നേരിയ തണുവാ-
ണ് ഇന്നലെ അവറ്റയുടെ വേരുകൾ
ഊറ്റി കുടിച്ചത്?
♦️
ആത്മാക്കളുടെ നിറങ്ങൾ
പോലെയാണ് അവറ്റയുടെ പൂക്കൾ !
കരളിലെഴുതി വച്ച പ്രണയം ഒരു
ശില പോലെ തണുത്ത് അവറ്റയുടെ
ഓർമ്മകളിൽ കുടുങ്ങി കിടപ്പുണ്ടാകും?
നിൻ്റെ പ്രാണനിൽ നിന്ന് എൻ്റെ
പ്രജ്ഞയറ്റവളിലേക്ക് നിറങ്ങൾ
നീറ്റിയ കാറ്റ് പുതപ്പിച്ച് നീ
ആശ്വസിപ്പിച്ചിരുന്നു ?
പ്രിയ ബോഗൻവില്ല……. മഴ പെയ്തിട്ടും
നിൻ്റെ ആത്മാവിലെ കാറ്റ്
തണുക്കാതെ കിടക്കുന്നുണ്ട്.
♦️
ഒരു മരണം പടുമരങ്ങളുടെ പലായ-
നങ്ങളെ കുറിച്ച് നിന്നോട് പറഞ്ഞിരുന്നു?!
കുന്നുകൾക്കപ്പുറത്ത് മരുഭൂമിയുടെ
നിഴലുകൾ കണ്ട് നീ ഭയക്കുന്നതെന്തിന്?
കാടറിഞ്ഞ ചൂടില്ലാത്ത തീയിൻ്റെ
നിറമാണ് നിനക്കെന്ന് ഞാനെത്ര
വട്ടം പറഞ്ഞു:
എന്നിട്ടുമെന്തിനാണ് പ്രണയത്തി-
ൻ്റെ ലഹരി മോന്താതെ എൻ്റെ
മേഘത്തിന് താഴെ നീയിങ്ങനെ
തലകുനിച്ച് നിന്നത്?
ഒരു ശീതമേഘം തരട്ടെ ഞാൻ നിനക്ക്?
എൻ്റെ ചുണ്ടിലെ വീണ്ട ചുംബനങ്ങളുടെ ചൂട് തരട്ടെ?
♦️
നിശാഗന്ധികൾ മുത്തി നോക്കാത്ത
നിൻ്റെ നിറങ്ങൾക്കെന്തിനാണ്
എൻ്റെയീ തണുവുള്ള അരുവികളു-
ടെ കവിത?
ഉഷ്ണം പെയ്തത് നിയറിഞിരുന്നോ?
ഉല കാഞ്ഞ് പഴുത്ത് ആകാശം
പൊള്ളിയതറിഞ്ഞിരുന്നോ?
ചോര വീണ് മാഞ്ഞു പോയ
പ്രണയത്തിന് ഇനി നീയെന്ന
ഒരക്ഷരമില്ലല്ലോ?
തരളിതമായ മഴനനവുകൾക്കപ്പുറം
ഇനി നീയെന്ന ഓർമ്മയരുത് !
നിൻ്റെ നിറങ്ങളോട് വെറുപ്പാണെനിക്ക് !
നിശയിൽ മുഖങ്ങൾ മാറ്റി വന്ന
സ്വപ്നത്തിനോടും !
♦️
ഉഷ്ണം………?!
എൻ്റെ ഹൃദയത്തിൽ നിന്നാണ്
അത് പെയ്തതെന്ന് നീയറിഞ്ഞിരുന്നില്ലേ?
കിതച്ചു കിതച്ച് നേരം പുലരുമ്പോൾ
ചുണ്ടുകളിലിറങ്ങിയ മദരസങ്ങ-
ളിൽ ഇനി നിൻ്റെ ചുംബനമരുത്?
ഹൃദയങ്ങളെഴുതിയ കവിതകളിൽ
ഇനിയൊരു മഴ വീഴുമ്പോൾ നിൻ്റെ
നിറങ്ങൾ കലർന്ന് അതെൻ്റെ
പ്രണയത്തിലേക്ക് പുതയരുത് !
ചിലപ്പോൾ ഹൃദയമെഴുതിയ
വരികളിൽ നീയൊരു കിതപ്പായി
തിളയ്ക്കുന്നുണ്ടാവും?
♦️
കുടൽ വെന്ത മണം?
എൻ്റെ അമാശയത്തിൽ…..
എൻ്റെയനുരാഗത്തിൽ……..
എൻ്റെ പ്രതിക്ഷേധത്തിൽ…….
എൻ്റെ ഉന്മാദത്തിൽ…….
നീയെന്ന തണുവ് ഇനി വേണ്ട?
മേഘങ്ങൾ പെയ്തോട്ടെ?!
നിൻ്റെ നിറങ്ങൾ കലർന്ന് ഒരു കടൽ നിറയും വരെ!!
ഉഷ്ണമേഘങ്ങൾ നിറഞ്ഞോട്ടെ….
നിൻ്റെ വേരുകൾ വെന്ത് ഈ
ശവക്കോട്ടകൾക്ക് മുകളിൽ
വെളുത്ത ആകാശം പോലെ
നിരന്നു കിടന്നോട്ടെ…..!
♦️
പ്രിയേ….. ഞാനിതാ എൻ്റെ
സ്വപ്നങ്ങളിൽ നിന്ന് നീയെന്ന
നിറം മായ്ച്ചു കളയുന്നു?
ഇനിയെങ്കിലും ഒരു ഹിമക്കാറ്റ്
വീശി എൻ്റെ രാത്രികൾ
പുതച്ച് കിടക്കട്ടെ !!?
♦️♦️♦️♦️♦️♦️
ഈ കവിത – സിറിയൻ കവിയായ
സമര്യസ്ബക്കിന് സമർപ്പിക്കുന്നു
💚💚💚💚💚
