രചന : എൻ.കെ.അജിത്ത് ആനാരി✍️
കുഞ്ഞികൈവിരൽ കൂട്ടിപ്പിടിച്ച്
കുഞ്ഞു വിശന്നു കരയുമ്പോൾ
അമ്മക്കൈവിരലോടിയടുക്കും
കുഞ്ഞിന് മാമത് നല്കിടാനായ്
അമ്മച്ചൂണ്ടുവിരലിൽ പിടിച്ചവർ
പിച്ച നടന്നു തുടങ്ങുമ്പോൾ
അമ്മയ്ക്കുമച്ഛനുമാനന്ദമേറിടും
കണ്ണുതിളങ്ങുമാ കാഴ്ചകാൺകേ
ഉണ്ണിവിരലാലെ മണ്ണുവാരിത്തിന്
കണ്ണായൊരുണ്ണി ചിരിക്കുമ്പോൾ
ഉണ്ണിവളർന്നൊന്നു ചെമ്മേനടക്കുവാ-
നുള്ളിൻ്റെയുള്ളിൽ തിരയിളക്കം
ഇത്തിരിക്കൂടെ വളർന്നവരക്ഷരം
മണ്ണിൽ വിരൽകൊണ്ടു കോറുമ്പോൾ
സ്വപ്നങ്ങൾ കണ്ടുതുടങ്ങുന്നു രണ്ടുപേർ
കുഞ്ഞിൻ്റെ ഭാവിയെയോർത്തുകൊണ്ട്
അംഗുലിപത്തും മടക്കി നിവർത്തിക്കൊ-
ണ്ടക്കങ്ങൾ ബാല്യത്തിൽ തിട്ടമാക്കേ
അംബുജം പോലെ വിടരുന്നു കുഞ്ഞിൻ്റെ
പ്രജ്ഞയും ജ്ഞാനവും വേഗവേഗം
ഒട്ടുവളർന്നങ്ങു യൗവ്വനമെത്തവേ
ചൂണ്ടുവിരൽചൂണ്ടിച്ചോദിക്കുന്നു
നീതിയും, സത്യവും നിഹനിപ്പോർമുന്നിലായ്
ചാട്ടുളിച്ചോദ്യങ്ങൾ ധൈര്യപൂർവ്വം
കല്ല്യാണപ്രായത്തിലണിവിരൽ തന്നിലായ്
അണിയുന്നു മോതിരം ജീവിതത്തിൽ
വഴിമാറിയൊന്നിച്ചൊരിണയൊത്ത ജീവിതം
നുകരുന്നു പിന്നെയാ യൗവ്വനക്കാർ
ഇരുകൈകൾ നന്നായ് കൊരുത്തവർ തുടരുന്നു
സഫലത തേടുന്ന ജീവയാത്ര!
വിരലപ്പോൾ വിരലോട് മൊഴിയുന്നു ചെതമൊരു
സുഖദമാം മധുമന്ത്രം തനുവിനോട്
മലരിയും ചുഴികളും വിരിയുന്ന ജീവിത
യാനപാത്രത്തിലാ വിരൽപത്തുമേ
ഇറുകെപ്പിടിക്കുന്നോർ മറുകര താണ്ടുന്നു
മരണം വരേയ്ക്കുമായ് പിടിവിടാതെ
തനുവൊക്കെത്തളരുന്ന വാർദ്ധക്യമെത്തവേ
വടിതേടും ഉടലിന്നെ താങ്ങിനിർത്താൻ
ജരബാധിച്ചുഴലുന്ന വിരലപ്പോൾ വിറകൊള്ളും
വിധിയെന്നു ചൊല്ലും പിറുപിറുക്കും
ഹൃദയത്തിൽ ധ്യാനിക്കും ഭഗവാൻ്റെ ദർശനേ
കൂപ്പുന്നകൈകളിൽ കുഞ്ഞുവിരൽ
എളിമയ്ക്കു നിത്യനിദർശനമാകു-
ന്നതറിയുന്നതെത്ര പേർ ജീവിതത്തിൽ
വിരലറ്റു പോയെന്നാൽ പോരിന്നു പോതുമോ
വിരുതനും യുദ്ധത്തിൻ മധ്യേയായി
വിരിയുമീ കവിതയ്ക്കും വിരൽവേണമെങ്കിലേ
വിരിയിക്കാനാകൂ കവിയ്ക്കുമത്!