രചന : ജെസിത ജെസി ✍
ചിലപ്പോൾ അക്ഷരങ്ങൾ
ഒരു പൂക്കാലമായി എന്നിൽ
നിറയാറുണ്ട്…
മറ്റു ചിലപ്പോൾ മറവിയുടെ
കുത്തൊഴുക്കിൽ.
അങ്ങ് അകലേക്ക് ഒഴുകി –
പരക്കാറുമുണ്ട്.
ഇനിയൊരു മഴക്കാല രാവിൽ
ഒരിക്കലും എഴുതി തീരാത്ത,
ആത്മ നൊമ്പരങ്ങളെ..
എരിഞ്ഞുനീറും ഓർമ്മകളെ
ഒരു വെളുത്ത കടലാസിൽ
കോറിയിടണം..
പിന്നെയത് പല ആവർത്തി വായിച്ചു.
പൊട്ടിച്ചിരിച്ചും, പൊട്ടിക്കരഞ്ഞും
ആത്മ നിർവൃതി പൂകണം.
അതൊരു കടലാസു –
തോണിയാക്കി മാറ്റണം.
ഒടുവിൽ തിമിർത്തു പെയ്യും മഴയിൽ
ഞാനാ കടലാസ് തോണി
ഒഴുക്കി വിടും..
ഒരിക്കലും എന്നിൽ
തിരിച്ചെത്താത്ത വിധം
അത് മഴയുടെ ആലിംഗനത്തിലമർന്നു
ഒഴുകി പരക്കട്ടെ..
